കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളേക്കാളും പ്രശസ്തരാണ് അവരുടെ ആരാധകർ. ബ്ലാസ്റ്റേഴ്സിന്റെ ആരാധകക്കൂട്ടമായ മഞ്ഞപ്പടയുടെ പെരുമ ഫുട്ബോൾ ലോകം അടുത്തറിഞ്ഞതാണ്. ചിത്രങ്ങളിലൂടെയും, വിഡിയോകളിലൂടെയും മാത്രം മഞ്ഞപ്പടയെപ്പറ്റി അറിഞ്ഞ രൺബീർ കപൂറിനെ ഞെട്ടിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ.
മുംബൈ സിറ്റിയുടെ ഹോം മാച്ചാണ്, വേദി മുംബൈ ഫുട്ബോൾ അരീനയും, പക്ഷെ സ്റ്റേഡിയത്തിലെ ആരാധകരെ കണ്ടാൽ ഇത് കലൂർ സ്റ്റേഡിയമാണോ എന്ന് തോന്നിപ്പോകും. 12000 കൂടുതൽ ബ്ലാസ്റ്റേഴ്സ് ആരാധകരാണ് ഇന്നലെ മൽസരം കാണാൻ എത്തിയത്. യുവാക്കളും, സ്ത്രീകളും, കുട്ടികളും അടങ്ങുന്ന വലിയൊരു പടയാണ് ഗാലറിയിലേക്ക് ഒഴുകി എത്തിയത്.
The @KeralaBlasters fans are here in Mumbai. #LetsFootball #MUMKER pic.twitter.com/eLj26djufq
— Indian Super League (@IndSuperLeague) January 14, 2018
ഗാലറിയിൽ എപ്പോഴും ബ്ലാസ്റ്റേഴ്സിന്റെ മുദ്രാവാക്യങ്ങൾ മാത്രം. മൽസരം നേരിൽ കാണാൻ എത്തിയ മുംബൈ സിറ്റി ഉടമ രൺബീർ കപൂർ പലതവണ ബ്ലാസ്റ്റേഴ്സ് ആരാധകരെ നോക്കി നെടുവീർപ്പിട്ടു.
ഇയാൻ ഹ്യും ഗോൾ നേടിയപ്പോൾ മുംബൈ സ്റ്റേഡിയത്തിൽ ഉണ്ടായ ഇരമ്പം എതിരാളികളെപ്പോലും ഞെട്ടിച്ചു.
മൽസരശേഷം ആരാധകരെ അഭിവാദ്യം ചെയ്യാൻ ടീം അംഗങ്ങൾ എത്തിയപ്പോൾ ആവേശം അണപൊട്ടി.
കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ വിക്കിങ് ക്ലാപ്പ് മൊബൈലിൽ പകർത്തുന്ന തിരക്കിലായിരുന്നു മുംബൈ സിറ്റി ആരാധകർ.
ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധക സംഘത്തിന്റെ പ്രകടനത്തെ പ്രകീർത്തിക്കാനും മുംബൈ ആരാധകർ മറന്നില്ല. കയ്യടികളോടെ അവരും ഫുട്ബോളിന്റെ വിജയത്തെ ആഘോഷിച്ചു.