പൂനെ: ഐഎസ്എല്‍ മത്സരത്തിനിടെ പൂനെ സ്റ്റേഡിയത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് മര്‍ദ്ദനം. പൂനെയുടെ ആരാധകരാണ് മഞ്ഞപ്പടയ്ക്ക് പിന്തുണയുമായി എത്തിയ മലയാളികള്‍ അടക്കമുളളവരെ മര്‍ദ്ദിച്ചത്. ആദ്യ ഗോള്‍ നേടി കേരളം മുന്നിട്ട് നിന്നപ്പോഴാണ് സ്റ്റേഡിയത്തില്‍ വെച്ച് പൂനെ ആരാധകര്‍ ബ്ലാസ്റ്റേഴ്സ് ഫാന്‍സിന് നേരെ തിരിഞ്ഞത്. ഇരു ആരാധകരും വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും പിന്നാലെ പൂനെ ആരാധകര്‍ കൈയേറ്റം നടത്തുകയും ചെയ്തു. സ്റ്റേഡിയത്തില്‍ വലിയ തോതിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ഉണ്ടായിരുന്നത്.
സ്റ്റേഡിയത്തിന് അകത്തെ തര്‍ക്കം തീര്‍ത്തെങ്കിലും മത്സരത്തിന് ശേഷം സംഘടിച്ച് എത്തിയ ഒരു കൂട്ടം സ്റ്റേഡിയത്തിന് പുറത്ത് ബ്ലാസ്റ്റേഴ്സ് ആരാധകരെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ ചിലര്‍ക്ക് നിസാര പരുക്കുകളേറ്റു.
മലയാളി താരം സി.കെ വിനീത് അവസാന നിമിഷത്തിൽ നേടിയ അവിശ്വസനീയ ഗോളിന്റെ കരുത്തിലാണ് കേരളം ജയിച്ചത്. പൂനെ സിറ്റിക്കെതിരെ അവരുടെ തട്ടകത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു കേരളത്തിന്റെ വിജയം. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി മത്സരം സമനിലയിലേക്കെന്ന് തോന്നിയ നിമിഷത്തിലായിരുന്നു കേരളത്തിന്റെ രക്ഷകനായി സി.കെ വിനീത് അവതരിക്കുന്നത്. തനിക്ക് ലഭിച്ച മനോഹരമായ ബോൾ ഗോവയുടെ വലയിലെത്തിച്ച് സീസണിൽ മഞ്ഞപ്പടയുടെ പ്രതീക്ഷ വാനോളം ഉയർത്താൻ വിനീതിനായി. വിജയത്തോടെ 14 മത്സരങ്ങളിൽ നിന്നും 20 പോയിന്റുമായി അഞ്ചാം സ്ഥാനത്തെത്താനും കേരളത്തിനായി. അതേസമയം, കേരളത്തിനെതിരെ തോൽവി വഴങ്ങിയ പൂനെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.
സെമി സാദ്ധ്യത നിലനിർത്താൻ വിജയം അത്യാവശ്യമായിരുന്ന കേരളം കരുതലോടെയാണ് മത്സരത്തിനിറങ്ങിയത്. കളിയുടെ ആദ്യ എട്ടു മിനിറ്റുകളിൽ ശക്തമായ ആക്രമണവുമായി പൂനെ ഗോൾമുഖത്തെ വിറപ്പിച്ചാണ് ബ്ലാസ്റ്റേഴ്സ് തുടങ്ങിയത്. ഫിനിഷിംഗിലെ പോരായ്മ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്സിനു കല്ലുകടിയായി. കൂടാതെ പൂനെ ഗോളിയുടെ പിഴവിൽ ലഭിച്ച സുവർണാവസരം ബ്ലാസ്റ്റേഴ്സ് പാഴാക്കുകയും ചെയ്തു. ഇയാൻ ഹ്യൂമിനും സി.കെ വിനീതിനും ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കുന്നതിൽ പരജയപ്പെട്ടത് കേരളത്തിന് തിരിച്ചടിയായി.
എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോൾ നേടി മത്സരത്തിലേക്ക് ശക്തമായി തിരിച്ച് വരാൻ കേരളത്തിനായി. 58ആം മിനിറ്റിൽ ജാക്കി ചന്ദ് സിംഗിന്റെ വകയായിരുന്നു കേരളത്തിന്റെ ആദ്യ ഗോൾ. എന്നാൽ 78ആം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഗോൾ തിരിച്ചടിച്ച് എമിലിയാനോ ആൽഫരോ പൂനെയെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ടുവന്നു. പിന്നീട് വിജയഗോളിനായി ഇരുടീമുകളും ശക്തമായ ആക്രമണമാണ് നടത്തിയത്. മത്സരം സമനിലയിലേക്കെന്ന് തോന്നിപ്പിച്ച നിമിഷത്തിൽ കേരളത്തിന്റെ അഭിമാനതാരം വിനീതിന്റെ ഗോളിലൂടെ മഞ്ഞപ്പട വിജയം കുറിക്കുകയായിരുന്നു.