കേരളം ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ റെനി മ്യുളസ്റ്റീൻ രാജിവെച്ചു. ടീമിന്റെ തുടർച്ചയായ തോൽവികളെ തുടർന്നാണ് രാജിയെന്ന് സൂചന. എന്നാൽ വ്യക്തിപരമായ കാരണങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്ന് റെനി വ്യക്തമാക്കി.2017 ജൂലൈ മാസമാണ് റെനെ ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി ചുമതലയേറ്റത്. ബംഗലൂരു എഫ്.സിയുമായി കൊച്ചിയില്‍ നടന്ന മത്സരത്തില്‍ 3-1നാണ് കേരളം തോറ്റത്. ഇപ്പോള്‍ ഐഎസ്എല്ലില്‍ എട്ടാം സ്ഥാനക്കാരാണ് ബ്ലാസ്റ്റേര്‍സ്. ഇതിനെ തുടര്‍ന്ന് വലിയ വിമര്‍ശനമാണ് ടീം കോച്ചിനെതിരെ ഉയര്‍ന്നത്.

ഇതുവരെ കളിച്ച 7 മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമെ ബ്ലാസ്റ്റേഴ്സിന് ജയിക്കാൻ സാധിച്ചിട്ടുള്ളു. രണ്ട് മത്സരത്തിൽ പരാജയപ്പെട്ട ടീം നാല് മത്സരങ്ങളിൽ സമനില വഴങ്ങുകയായിരുന്നു. ഹോം മത്സരങ്ങളിൽ തുടർച്ചയായി മോശം പ്രകടനം കാഴ്ചവയ്ക്കുന്ന ടീമിനെ ആരാധകരും കൈവിടുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മത്സരങ്ങളിൽ റെനേ സ്വീകരിച്ച തന്ത്രങ്ങൾക്കെതിരെ രൂക്ഷവിമർശനങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ ഉയർന്നുവന്നത്.

ടീമിന്റെ പ്രകടനത്തിൽ താൻ നിരാശനാണെന്നും അതിനാലാണ് രാജിവെക്കുന്നതെന്നും റെനി മ്യൂലസ്റ്റൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെ അറിയിച്ചു. ടീമിന്റെ സഹപരിശീലകൻ താങ് ബോയ് സിങ്റ്റോയെ താത്ക്കാലിക പരിശീലകനായി നിയമിച്ചു. പുതിയ പരിശീലകനെ ഈ വർഷം തന്നെ നിയമിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

നിലവിലെ സീസണിൽ‌ മോശം ഫോമിൽ തുടരുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഓർ‌ക്കാപ്പുറത്തു കിട്ടിയ തിരിച്ചടി കൂടിയാണു പരിശീലകന്റെ പിന്മാറ്റം. മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിന്റെ സഹപരിശീലകനായിരുന്ന റെനി മ്യുലൻസ്റ്റിന്‍ ആന്‍സി, ഫുള്‍ഹാം, മകാബി ഹൈഫ എന്നീ ടീമുകളെ പരിശീലിപ്പിച്ച ശേഷമാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്.

ഈ വഴിപിരിയല്‍ ക്ലബ്ബും റെനെയും തമ്മിലുള്ള സംയുക്തമായ തീരുമാനമാണ് എന്നും വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടാണ് രാജി എന്നും ബ്ലാസ്റ്റേഴ്സ് പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു. ” മാനേജ്മെന്റിനും സ്റ്റാഫിനും താരങ്ങള്‍ക്കും ഇവിടത്തെ മികച്ച ആരാധകര്‍ക്കും ഇതുവരെയുള്ള അനുഭവങ്ങള്‍ക്ക് നന്ദി” അറിയിച്ച റെനെ ക്ലബ്ബിന്‍റെ ഭാവിക്ക് ആശംസകളും നേര്‍ന്നു.

“റെനെയുടെ കഠിനാധ്വാനത്തിനും ക്ലബ്ബിനോടൊപ്പം ചെലവിട്ട സമയത്തിനും നന്ദി രേഖപ്പെടുത്തുന്നു. റെനെയുടെ പകരക്കാരന്‍ ആരാണെന്ന് ഉടന്‍ പ്രഖ്യാപിക്കും.” കേരളാ ബ്ലാസ്റ്റേഴ്സ് സിഇഒ വരുണ്‍ ത്രിപുരനേനി പത്രക്കുറിപ്പില്‍ അറിയിച്ചു.

അതേസമയം ബ്ലാസ്റ്റേഴ്സ് സഹപരിശീലകനായ താങ്ബോയി സിങ്റ്റോയ്ക്കുമാവും ടീമിന്‍റെ താത്കാലിക ചുമതല. നിലവില്‍ കേരളാ ബ്ലാസ്റ്റേഴ്സ് അസിസ്റ്റന്റ് കോച്ചും യൂത്ത് ഡെവലപ്മെന്‍റ് ടെക്നികല്‍ ഡയറക്ടറുമായ താങ്ബോയി ഷില്ലോങ്ങിലെ ഐതിഹാസിക ക്ലബ്ബായ ലജോങ് എഫ്സിയുടെ പരിശീലകനായിരുന്നു. ഫുട്ബാള്‍ മാനേജര്‍ എന്ന നിലയില്‍ മികച്ചൊരു റിക്കോഡ്‌ തന്നെയാണ് താങ്ബോയിക്കുള്ളത്. ഇന്ത്യന്‍ ടോപ്‌ ഡിവിഷനായി കണക്കാക്കപ്പെട്ടിരുന്ന ഐലീഗിലേക്ക് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ക്ലബ്ബാണ് ലജോങ് എഫ്‌‌സി. താങ്ബോയിക്ക് കീഴിലാണ് അവര്‍ ഈ നേട്ടം സ്വന്തമാക്കുന്നത്. ഐലീഗിലെ മികച്ച പടയോട്ടത്തിനു പുറമേ 2017ലെ ഫെഡറേഷന്‍ കപ്പില്‍ സെമി ഫൈനല്‍ വരെ ക്ലബ്ബിനെ എത്തിക്കുന്നതിന്‍റെയും എല്ലാ ക്രെഡിറ്റും താങ്ബോയി സിങ്റ്റോയ്ക്ക് അവകാശപ്പെട്ടതാണ്.

Read More : കേരളാ ഫുട്ബോളിന് താങ്ങാവാന്‍ താങ്ബോയി- ബ്ലാസ്റ്റേഴ്സ് കോച്ച് സംസാരിക്കുന്നു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ