ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം പതിപ്പിൽ പ്ലേ ഓഫ് കളിക്കുന്ന ടീമുകളിൽ ഒന്ന് എടികെ മോഹൻ ബഗാനായിരിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വിക്കുന. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. എടികെ മോഹൻ ബഗാനെ പോലെ തന്നെ എഫ്സി ഗോവയ്ക്കും ബെംഗലൂരു എഫ്സിക്കും മറ്റ് ടീമുകളേക്കാൾ ആനുകൂല്യങ്ങളുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ സീസണിൽ നിന്ന് ഒരു സംഘം മികച്ച കളിക്കാരെ ഇത്തവണ നിലനിർത്താൻ അവർക്ക് സാധിച്ചുവെന്നതാണ് ഇതിൽ പ്രധാനമെന്നും വിക്കുന.
“ലീഗിലെ എല്ലാ ടീമുകളും വളരെ തുല്യമാണ്. എല്ലാ ക്ലബ്ബുകളിലും നല്ല കളിക്കാരും കോച്ചിംഗ് സ്റ്റാഫും ഉണ്ട്. കഴിഞ്ഞ സീസണിൽ നിന്ന് കൂടുതൽ കളിക്കാരെ നിലനിർത്തിയിട്ടുള്ള ടീമുകളുണ്ട്. എഫ്സി ബെംഗളൂരു, എഫ്സി ഗോവ, എടികെ എംബി എന്നിവ. അവർക്ക് അതിന്റെ ആനുകൂല്യം ലഭിക്കും. എന്നിരുന്നാലും എല്ലാ ടീമുകൾക്കും മികച്ച പ്രകടനം നടത്താനുള്ള അവസരം ടൂർണമെന്റിലുണ്ട്.” വിക്കുന പറഞ്ഞു.
കഴിഞ്ഞ ഐ ലീഗ് സീസണിൽ മോഹൻ ബഗാനെ ചാംപ്യന്മാരാക്കിയാണ് കിബു വിക്കുന ഇന്ത്യൻ ഫുട്ബോൾ ആരാധകർക്കിടയിൽ ചർച്ച വിഷയമാകുന്നത്. എന്നാൽ കൊൽക്കത്തൻ വമ്പന്മാർ എടികെയുമായി ലയിച്ചതോടെ സ്പാനിഷ് പരിശീലകനുമായുള്ള കരാർ ക്ലബ് പുതുക്കിയില്ല. പകരം എടികെയെ ഐഎസ്എൽ ചാംപ്യന്മാരാക്കിയ ലോപ്പസ് ഹബാസിനെയാണ് മാനേജ്മെന്റ് മുഖ്യപരിശീലകനായി നിയമിച്ചത്. ഇതോടെ കേരള ബ്ലാസ്റ്റേഴ്സ് വിക്കുനയുമായി കരാറിലെത്തുകയായിരുന്നു.
കൊൽക്കത്തൻ അധ്യയം അടഞ്ഞ മട്ടിലായിരുന്നു അഭിമുഖത്തിൽ അദ്ദേഹം സംസാരിച്ചത്. തന്റെ പഴയ ക്ലബ്ബായ മോഹൻ ബഗാനെ പറ്റി ഒന്നും ചോദിക്കരുത് എന്ന നിബന്ധന അദ്ദേഹം മുന്നോട്ട് വച്ചു. കൊൽക്കത്തയിലെ തന്റെ കഴിഞ്ഞ ദിവസങ്ങളെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹം വിമുഖത കാണിച്ചെങ്കിലും നഗരത്തോടുള്ള തന്റെ സ്നേഹം കിബു അംഗീകരിച്ചു. “കേരളവും കൊൽക്കത്തയും ഫുട്ബോളിനെ ഇഷ്ടപ്പെടുന്നതും കായികരംഗത്ത് വളരെയധികം അഭിനിവേശമുള്ളതുമായ സ്ഥലങ്ങളാണ്. അവരുടെ ടീമിനെ പിന്തുണയ്ക്കുന്നവരുടെ വിശ്വസ്തത അതിശയകരമാണ്. ഫുട്ബോളിന്റെ അഭിനിവേശം അനുഭവിക്കുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ട് സ്ഥലങ്ങളാണ് അവ.”
അതേസമയം തന്റെ മുൻ ടീമിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിൽ ഒരു തരത്തിലുള്ള സമ്മർദ്ദവും അദ്ദേഹം നേരിട്ടിരുന്നില്ലെന്ന് വിക്കുന വ്യക്തമാക്കി. “എടികെ എംബിക്കെതിരായ മത്സരത്തിന് മുമ്പ് ഞാൻ സമ്മർദ്ദത്തിലാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഈ സീസണിലെ ആദ്യ മത്സരം, ഒരു പ്രിയപ്പെട്ട പോരാട്ടം, എന്നാൽ വ്യത്യസ്തമായ ഒന്നല്ല.” വിക്കുന പറഞ്ഞു.
ടൂർണമെന്റിലെ ആദ്യ നാല് മത്സരങ്ങൾ അവസാനിക്കുമ്പോഴും ആദ്യ ജയം കണ്ടെത്താനാകാതെ കുഴയുകയാണ് എന്നാൽ വിക്കുന ഇപ്പോൾ പരിശീലിപ്പിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ്. രണ്ട് വീതം തോൽവിയും സമനിലയുമായി കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ മൂന്ന് പോയിന്റ് തികച്ച് സ്വന്തമാക്കിയിട്ടില്ല.
ഇന്ത്യൻ ഫുട്ബോളിന്റെ ഉയർച്ചയ്ക്ക് ദീർഘകാല പദ്ധതി ആവശ്യമാണെന്ന് വിക്കുന അഭിപ്രായപ്പെട്ടു. ഉയരങ്ങളിലെത്താൻ ഇന്ത്യ ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്. ഓരോ പരിശീലകനും കളിക്കാരനും വികസിപ്പിക്കാനും ടീമിന്റെ ഭാഗമാകാനും സമയം ആവശ്യമാണ്.”