ന്യൂഡൽഹി: തുടർതോൽവികൾക്ക് അവധികൊടുത്ത് വിജയവഴിയിലേക്ക് ബ്ലാസ്റ്റേഴ്സ് തിരിച്ചെത്തിയിരിക്കുകയാണ്. പ്രതിസന്ധിയിലും ടീമിനെ കൈവിടാതിരുന്ന ആരാധകർക്ക് ഈ​ വിജയം മറക്കാനാകാത്ത അനുഭവമായി. രാജ്യ തലസ്ഥാനത്തെ കൊടും തണുപ്പിനെ അവഗണിച്ച് ഗാലറിയിൽ എത്തിയ പതിനായിരത്തോളം ആരാധകർ കൊമ്പൻമാരുടെ വിജയം ആഘോഷിച്ചത് വീരോചിതമായ രീതിയിലാണ്.

ഐസ്‌ലൻഡ് ഫുട്ബോൾ ടീം ലോകത്തിന് സമ്മാനിച്ച വിക്കിങ് ക്ലാപ്പിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ആരാധകരും ടീം അംഗങ്ങളും വിജയം ആഘോഷിച്ചത്. ബ്ലാസ്റ്റേഴ്സ് ആരാധകർ ഇരുന്നിരുന്ന ഗാലറിക്ക് മുന്നിലേക്ക് ടീം അംഗങ്ങളെ നയിച്ചത് പുതിയ പരിശീലകൻ ഡേവിഡ് ജെയിംസാണ്.

പിന്നീട് നയനമനോഹരമായ ദൃശ്യങ്ങൾ. ഏതൊരു ഫുട്ബോൾ ആരാധകനും മറക്കാനാവാത്ത ദൃശ്യങ്ങൾക്കാണ് ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

ഇയാന്‍ ഹ്യൂമിന്‍റെ ഹാട്രിക് മികവില്‍ 3-1നാണ് ഡൈനമോസിനെ മഞ്ഞപ്പട പരാജയപ്പെടുത്തിയത്. 12, 78, 83 മിനിറ്റുകളിലായിരുന്നു ഹ്യൂമേട്ടന്‍റെ തകര്‍പ്പന്‍ ഗോളുകള്‍. ഐഎസ്എല്‍ ചരിത്രത്തില്‍ ഹ്യൂമിന്റെ മൂന്നാമത്തെ ഹാട്രിക്കാണ് ഡൽഹിയില്‍ പിറന്നത്. വിജയത്തോടെ ഒമ്പത് കളിയില്‍ രണ്ട് വിജയവും അഞ്ച് സമനിലയുമായി 12 പോയിന്‍റുകളോടെ കേരള ബ്ലാസ്റ്റേഴ്സ് ആറാമതെത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ