ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സ് ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ. സീസണിലെ രണ്ടാം ഇടവേളയ്ക്ക് ശേഷം ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പോരാട്ടമാണിത്. മൂന്നാം ഘട്ടം വിജയത്തോടെ തുടങ്ങി പ്ലേ ഓഫ് ഉറപ്പിക്കാനാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. രാത്രി 7.30ന് ഗുവഹത്തിയിൽ നോർത്ത് ഈസ്റ്റിന്റെ തട്ടകത്തിലാണ് മത്സരം.

കളിച്ച ഏഴ് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ജയിക്കാനായത്. രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ട മഞ്ഞപ്പട, മൂന്ന് മത്സരങ്ങൾ സമനില വഴങ്ങുകയും ചെയ്തു. ഇതോടെ ഏഴ് പോയിന്റുകൾ മാത്രമുള്ള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്. പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ബ്ലാസ്റ്റേഴ്സിന് ജയം അനിവാര്യമാണ്.

മറുവശത്ത് നോർത്ത് ഈസ്റ്റ് ആകട്ടെ ഒരുഘട്ടത്തിൽ മുന്നിലെത്തിയെങ്കിലും അവസാന മത്സരങ്ങളിൽ വലിയ തിരിച്ചടിയാണ് നേരിട്ടത്. ആറ് മത്സരങ്ങൾ കളിച്ച നോർത്ത് ഈസ്റ്റ് മൂന്നിലും ജയം അറിഞ്ഞപ്പോൾ ഒന്നിൽ മാത്രമാണ് പരാജയപ്പെട്ടത്. രണ്ട് മത്സരങ്ങൾ സമനിലയിൽ അവസാനിപ്പിക്കാനും അവർക്കായി. 11 പോയിന്റുകളുള്ള നോർത്ത് ഈസ്റ്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. ആദ്യ നാലിൽ എത്തുക തന്നെയാണ് യുണൈറ്റഡിന്റെയും ലക്ഷ്യം.

ആദ്യ ഇലവനിൽ ഇപ്പോഴും പരീക്ഷണങ്ങൾ ആവർത്തിക്കുന്നതാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാകുന്നത്. മധ്യനിരയില്‍ സഹല്‍ അബ്ദുൾ സമദ് ആദ്യ ഇലവനില്‍ തിരിച്ചെത്തും. ഇതോടെ മധ്യനിര കൂടുതൽ ശക്തമാകും. എന്നാൽ അവസാന മത്സരങ്ങളിൽ പ്രതിരോധ നിരയും പിഴവുകൾ വരുത്തിയത് ബ്ലാസ്റ്റേഴ്സിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നു.

മറുവശത്ത് നോര്‍ത്ത് ഈസ്റ്റിന്റെ കുതിക്കുന്നത് നൈജീരിയന്‍ സ്ട്രൈക്കറും നോർത്ത് ഈസ്റ്റ് നായകനുമായ ബര്‍ത്തലോമ്യു ഒഗ്ബെച്ചെയുടെ മികവിലാണ്. ആറു കളിയില്‍നിന്ന് ആറു ഗോള്‍ താരം നേടിക്കഴിഞ്ഞു. സസ്‌പെന്‍ഷന്‍ കഴിഞ്ഞ മലയാളി ഗോള്‍ കീപ്പര്‍ ടി.പി. രഹ്നേഷ് ആദ്യ ഇലവനിലേക്ക് തിരിച്ചെത്തുന്നതും നോർത്ത് ഈസ്റ്റിന് കരുത്തേകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook