ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ട് ക്ലബ്ബുകളാണ് കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിൻ എഫ്സിയും. എന്നാൽ ഐഎസ്എല്ലിന്റെ അഞ്ചാം പതിപ്പിൽ ആരാധകരെ തൃപ്തിപ്പെടുത്താൻ ഇരു ടീമുകൾക്കും ആയിട്ടില്ല. ഇന്ന് ചെന്നൈയുടെ തട്ടകത്തിൽ ഏറ്റുമുട്ടുമ്പോൾ പ്ലേ ഓഫ് എന്ന വലിയ കടമ്പയും മുന്നിൽ കാണണം അയൽക്കാർക്ക്. വൈകിട്ട് 7.30നാണ് മത്സരം.

എട്ട് കളിയിൽ ഒരു ജയം മാത്രമുള്ള ചെന്നൈയിൻ നാല് പോയിന്‍റുമായി ഒമ്പതാം സ്ഥാനത്താണ്. ഇന്ന് തോറ്റാൽ നിലവിലെ ചാന്പ്യൻമാരുടെ പ്ലേ ഓഫ് സാധ്യത ഏറക്കുറെ അവസാനിക്കും. ബ്ലാസ്റ്റേഴ്സിന്റെ അവസ്ഥ സമാനമാണ്. എട്ട് കളിയിൽ ഏഴ് പോയിന്‍റുകളുള്ള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ചെന്നൈയേക്കാൾ മുന്നിലാണെങ്കിലും പ്ലേ ഓഫിലെത്താൻ അത് പോര. ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.

എട്ട് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ഇതുവരെ കളിച്ചത്. ഇതിൽ ആദ്യ മത്സരത്തിൽ കൊൽക്കത്തയെ പരാജയപ്പെടുത്തിയ കേരളത്തിന് പിന്നീട് ഒരിക്കൽ പോലും വിജയം നേടാൻ സാധിച്ചില്ല. തുടർച്ചയായ നാല് സമനിലകൾ പ്രതീക്ഷ നൽകിയിരുന്നെങ്കിലും അവസാനം കളിച്ച മൂന്ന് മത്സരങ്ങളും കേരളം പരാജയപ്പെട്ടു.

കളിതന്ത്രങ്ങളും ലൈനപ്പും വരെ ടീമിന് തലവേദനയാണ്. വിജയത്തിലേക്ക് നീങ്ങിയ നിരവധി മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് അവസാന നിമിഷം കൈവിട്ട് കളഞ്ഞത്. കഴിഞ്ഞ മത്സരത്തിലെ തോൽവിയോടെ ആരാധകരും ടീമിന് എതിരെ തിരിഞ്ഞതോടെ ഇനി വിജയം മാത്രമാണ് ജെയിംസിനും കുട്ടികൾക്കും മുന്നിലുള്ള ലക്ഷ്യം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ