സന്തോഷ് ട്രോഫിയിലെ ചരിത്ര വിജയം ഇന്ത്യന്‍ ഫുട്‌ബോളിന്റെ നേട്ടത്തെ വീണ്ടും കേരളത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. പശ്ചിമ ബംഗാളിന്റെ പേരിനേയും പെരുമയേയും മനക്കരുത്ത് കൊണ്ട് നേരിട്ട മലയാളി താരങ്ങളാണ് ഇന്ന് ഇന്ത്യന്‍ കായിക പ്രേമികളുടെ മനസ് നിറയെ. 32 വട്ടം സന്തോഷ് ട്രോഫി കിരീടം നേടിയിട്ടുള്ള ബംഗാളിനെ ആവേശം നിറഞ്ഞ പോരാട്ടിനൊടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു കേരളം പരാജയപ്പെടുത്തിയത്.

ഈ വിജയത്തോടെ ഐഎസ്എല്ലിലേയും ഐ ലീഗിലേയും ക്ലബ്ബുകളും കേരളത്തിന്റെ താരങ്ങളെ നോട്ടമിട്ടിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച താരങ്ങള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ കണ്ണുനട്ട് മിക്ക ടീമുകളുടേയും സ്‌കൗട്ടുകളും ഗ്യാലറിയിലുണ്ടായിരുന്നു. ഇവരുടെയെല്ലാം ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ് മലയാളി താരം ജിതിന്‍ എം.എസ്.

പശ്ചിമ ബംഗാളിനെതിരെ ഫൈനലില്‍ 19-ാം മിനിറ്റില്‍ ഗോള്‍ നേടി കേരളത്തിന് ലീഡ് നേടിക്കൊടുത്ത ജിതിന്‍ എം.എസ് ആണ് ടാലന്റ് സ്‌കൗട്ടുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. ഐഎസ്എല്ലിലെ കരുത്തരായ, കേരളത്തിന്റെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സും കൊല്‍ക്കത്തന്‍ കരുത്തരായ എടികെയുമാണ് ജിതിനില്‍ താല്‍പര്യമറിയിച്ച് രംഗത്തെത്തിയിരിക്കുന്ന ഐഎസ്എല്‍ ടീമുകള്‍ എന്നാണ് റിപ്പോര്‍ട്ട്. ബ്ലാസ്‌റ്റേഴ്‌സ് താരത്തെ വലയിലാക്കാനുള്ള നടപടികള്‍ ആരംഭിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഐഎസ്എല്‍ ടീമുകള്‍ക്ക് പുറമെ ഐ ലീഗ് വമ്പന്മാരും ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ക്ലബ്ബുകളിലൊന്നുമായ ഈസ്റ്റ് ബംഗാളും ജിതിനെ നോട്ടമിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ സീസണിലെ മോശം പ്രകനടത്തെ തുടര്‍ന്ന് അടുത്ത സീസണ്‍ കൂടുതല്‍ ശക്തമാക്കുകയാണ് മൂന്ന് ടീമുകളുടേയും ലക്ഷ്യം. ഇതാണ് ജിതിനെ ടീമിലെത്തിക്കാനുള്ള നീക്കത്തിന് പിന്നിലും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ