കൊച്ചി : ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ നാലാം സീസണില്‍ കപ്പില്‍ കുറഞ്ഞ ഒന്നും തന്നെ മുന്നിലില്ലാതെയാണ് നിലവില്‍ റണ്ണറപ്പായ കേരളാ ബ്ലാസ്റ്റേഴ് ഇറങ്ങുന്നത്. മൂന്നില്‍ രണ്ട് സീസണുകളിലും ഫൈനലിലെത്തിയ ടീം ആരാധന പിന്തുണയുടെ കാര്യത്തിലും സ്ഥിരതയുടെ കാര്യത്തിലും മറ്റെല്ലാ ഐഎസ്എല്‍ ടീമുകളെക്കാളും ഏറെ മുന്‍പിലാണ്. സര്‍ അലെക്സ് ഫെര്‍ഗൂസന് കീഴിലുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫസ്റ്റ് ടീമിന്‍റെ കോച്ചായിരുന്ന റെനെ മ്യൂലെന്‍സ്റ്റീന്‍ ആണ് ഇത്തവണ ടീമിന്‍റെ സാരഥ്യം വഹിക്കുന്നത്. അസിസ്റ്റന്‍റ കോച്ച് താങ്ബോയി സിങ്റ്റോ, ഗോള്‍കീപ്പിങ് കോച്ച് ജിയോര ആന്‍റ്മാന്‍ തുടങ്ങി ഒരുനിര കോച്ചിങ് സ്റ്റാഫ് തന്നെ മ്യൂലെന്‍സ്റ്റീനു പിന്തുണയേകാനായുണ്ട്. 24 അംഗങ്ങളുള്ള ബ്ലാസ്റ്റേഴ്സ് സ്ക്വാഡില്‍ ഏഴ് വിദേശതാരങ്ങള്‍ ആണുള്ളത്. മുന്‍ സീസണുകളില്‍ നിന്നും വ്യത്യസ്തമായി ലോക ഫുട്ബാളില്‍ തങ്ങളുടെ പ്രാവീണ്യം തെളിയിച്ച പ്രതിഭകളേയും മികച്ച യുവതാരങ്ങളെയും ഒരുപോലെ ടീമിലേക്കെത്തിക്കുവാന്‍ കേരളാ ബ്ലാസ്റ്റേഴ്സിനു സാധിച്ചു. 27 വയസ്സാണ് കേരളാ ബ്ലാസ്റ്റേഴ്സ് സ്ക്വാഡിന്‍റെ ശരാശരി പ്രായം.

ക്ലബ്ബിനു വേണ്ടി ഏറ്റവും കൂടുതല്‍ തവണ ബൂട്ടണിഞ്ഞ സന്ദേശ് ജിങ്കന്‍ എന്ന ഇന്ത്യന്‍ ദേശീയ താരത്തേയും സികെ വിനീത് എന്ന വിശ്വസ്തനായ ഗോള്‍സ്കോററേയും ഒപ്പം തന്‍റെ കളിമികവ് പുറത്തെടുക്കാന്‍ അവസരം കിട്ടാതിരുന്ന കോഴിക്കോട്ടുകാരനായ അണ്ടര്‍ 21 താരം പ്രശാന്തിനേയും ടീമില്‍ നിലനിര്‍ത്തിക്കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് ഡ്രാഫ്റ്റിനു ഇറങ്ങുന്നത്. ഏറെ അനുഭവസ്ഥനായ ഇന്ത്യന്‍ കോച്ച് താങ്ബോയി സിങ്റ്റോയ്ക്ക് തിരഞ്ഞെടുപ്പുകളെ കുറിച്ച് ഉത്തമ ബോധ്യമുണ്ടായിരുന്നു.

Read More : കേരളാ ഫുട്ബോളിന് താങ്ങാവാന്‍ താങ്ബോയി- ബ്ലാസ്റ്റേഴ്സ് കോച്ച് സംസാരിക്കുന്നു

” ഓരോ പൊസീഷനിലും ഏറ്റവും നല്ല കളിക്കാര്‍ ആരാണ് എന്ന്‍ ഒന്ന്, രണ്ട് മൂന്ന്‍ എന്നീ ക്രമത്തില്‍ ഞങ്ങള്‍ എഴുതി വെച്ചു. റൈറ്റ് ബാക്കില്‍ കളിക്കുന്ന താരങ്ങളില്‍ പ്രീതം കൊട്ടാല്‍ ആണ് ഒന്നാമത് എങ്കില്‍ അയാളെ കിട്ടിയില്ല എങ്കില്‍ രണ്ടാമതുള്ള റിനോയെ ഞങ്ങള്‍ക്ക് വേണം. ഇല്ലെങ്കില്‍ മൂന്നാമത്തെയാള്‍. അങ്ങനെ ഓരോ പോസീഷനില്‍ നിന്നും എടുക്കാവുന്ന മികച്ച താരങ്ങളെ തന്നെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് കൃത്യമായ ധാരണ ഉണ്ടായിരുന്നു. അത് വിജയിച്ചതുകൊണ്ട് തന്നെ സംതുലനമുള്ള ഒരു ടീമിനു വേണ്ട ഇന്ത്യന്‍ താരങ്ങളെ ഡ്രാഫ്റ്റില്‍ തന്നെ സ്വന്തമാക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ” ഇന്ത്യന്‍ എക്സ്പ്രസ്സ് മലയാളത്തോട് സംസാരിച്ച ബ്ലാസ്റ്റേഴ്സ് കോച്ച് റെനെ മ്യൂലെന്‍സ്റ്റീന്‍ പറഞ്ഞു.

സന്തുലിതമായ ഡ്രാഫ്റ്റ് പിക്കുകള്‍

ആദ്യ വിളിയില്‍ തന്നെ റിനോ ആന്‍റോ എന്ന അറ്റാക്കിങ് സ്വഭാവമുള്ള പുള്‍ ബാക്കിനെ സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്സിനു തുടര്‍ന്നുള്ള വിളികളിലായി പതിനാറ് മികച്ച ഇന്ത്യന്‍ താരങ്ങളെ ടീമിലെത്തിച്ചു. ഗോള്‍കീപ്പറായി സുഭാശിഷ് റോയി ചൗദരിയെ മാത്രമാണ് ബ്ലാസ്റ്റേഴ്സ് ഡ്രാഫ്റ്റില്‍ നിന്നും സ്വന്തമാക്കുന്നത്. അതുവഴി തങ്ങള്‍ക്ക് ഒരു വിദേശ കീപ്പര്‍ ഉണ്ടാകും എന്ന സൂചന കൂടി നല്‍കുകയായിരുന്നു ടീം.

പ്രതിരോധ നിരയില്‍ ഐസ്വാള്‍ എഫ്സിയുടെ ഐ ലീഗ് വിജയത്തിന് കരുത്തന്‍ പ്രതിരോധം തീര്‍ത്ത ലാല്‍രുവത്തര, ലാല്‍തക്കിമ എന്നീ താരങ്ങളോടൊപ്പം താങ്ബോയിയുടെ തന്നെ കണ്ടെത്തലുകളായ പ്രീതം സിങ്, സാമുവല്‍ ഷദപ് എന്നീ മുന്‍ ലജോങ് എഫ്സി താരങ്ങളും ബ്ലാസ്റ്റേഴ്സിലേക്ക് എത്തി. ലാല്‍റുത്തര എന്ന ഇരുപത്തിരണ്ടുകാരന്‍ റിനോയോടൊപ്പം പുള്‍ ബാക്ക് ചുമതല വഹിക്കാനാകുന്ന വേഗതയുള്ള ഡിഫണ്ടര്‍ ആണ്. മികച്ച പാസുകളും ക്രോസുകളും തൊടുത്തുവിടുവാനും ഈ ചെറുപ്പക്കാരന്‍റെ കാലുകള്‍ക്ക് കരുത്തുണ്ട്. പ്രീതം സിങ്ങും ഇതേ പൊസീഷനില്‍ മിടുക്കറിയിച്ചിട്ടുള്ള താരമാണ്. സാമുവല്‍ ഷദപ് ലെഫ്റ്റ് ബാക്കായി കളിക്കുമ്പോള്‍ ലാല്‍തകിമ എന്ന ഇരുപതുകാരന് സെന്‍റര്‍ ബാക്കായും പുള്‍ ബാക്കായും കളിച്ചു പരിചയമുണ്ട്.

മധ്യനിരയില്‍ ഏറെ അനുഭവസമ്പത്തും സാങ്കേതിക തികവുമുള്ള താരങ്ങളെ സ്വന്തമാക്കാന്‍ കേരളാ ടീമിനു സാധിച്ചു. ഐലീഗ് ക്ലബ്ബായ ഡിഎസ്കെ ശിവാജിയന്‍സില്‍ നിന്നുമെത്തിയ മിലന്‍ സിങ് ഇന്ത്യയിലെ ഏറ്റവും മികച്ച മധ്യനിര താരങ്ങളില്‍ ഒരാളാണ്. ഐഎസ്എല്ലില്‍ പതിനഞ്ചോളം മത്സരങ്ങളില്‍ നിന്നും രണ്ട് ഗോളും സ്വന്തം പേരിലുള്ള ഈ താരത്തിനു ബ്ലാസ്റ്റേഴ്സിന്‍റെ പ്രതിരോധനിരയേയും മുന്നേറ്റനിരയേയും തമ്മില്‍ ബന്ധിപ്പിക്കുന്നതില്‍ വലിയൊരു പങ്കു വഹിക്കാനുണ്ട്. സിയാം ഹങ്ങലാണ് മധ്യനിരയില്‍ ശ്രദ്ധേയനാകാന്‍ പോകുന്ന മറ്റൊരു താരം. ബെംഗളൂരു എഫ്സിയുടെ ഐ ലീഗ്, എഎഫ്സി കപ്പ്‌ പോരാട്ടങ്ങളില്‍ ബൂട്ടണിഞ്ഞിട്ടുള്ള ഈ താരം മികച്ച പാസുകളിലൂടെയും ത്രൂ ബാളുകളിലൂടെയും കേരളത്തിലെ ഫുട്ബാള്‍ ആരാധകരെ കൈയിലെടുക്കും എന്നത് തീര്‍ച്ച. കാഴ്ച്ചയില്‍ ദുര്‍ബലനായി തോന്നുന്ന ഈ സെന്‍റര്‍ മിഡ്ഫീല്‍ഡര്‍ വേഗതയോടെയുള്ള പാസുകളിലൂടെയും ഇന്‍റര്‍സെപ്ഷനുകളിലൂടെയും മധ്യനിരയില്‍ നടത്തുന്ന ചടുലമായ ചരടുവലികള്‍ നിര്‍ണായകമാകും.

Read More : കപ്പില്‍ കുറഞ്ഞൊന്നും മുന്നിലില്ല; ടീമില്‍ പ്രതീക്ഷയര്‍പ്പിച്ച് റിനോ ആന്‍റോ

ഒരു പതിറ്റാണ്ടോളമായി ഇന്ത്യന്‍ ഫുട്ബാള്‍ പ്രേമികള്‍ക്ക് പരിചിതമാണ് അരാത്ത ഇസൂമി എന്ന പേര്. ജപ്പാനില്‍ പ്രൊഫഷനല്‍ ഫുട്ബാള്‍ കരിയര്‍ ആരംഭിച്ച അരാത്ത 2006-7 സീസണിലാണ് ഈസ്റ്റ് ബംഗാള്‍ വഴി ഇന്ത്യന്‍ ഫുട്ബാളിലേക്ക് എത്തുന്നത്. ഈസ്റ്റ് ബംഗാളിലും മഹിന്ദ്ര യുണൈറ്റഡും പൂനെ എഫ്സിയുമായി 29ഓളം ഗോളുകളാണ് അരാത്ത ഐ ലീഗിലായി വാരിക്കൂട്ടിയത്. 2015 ഐഎസ്എല്‍ സീസണില്‍ അരാത്തയുടെ കാലുകള്‍ അറ്റ്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക് അഞ്ച് ഗോളുകള്‍ നേടിക്കൊടുത്തു. അറ്റാക്കിങ് സ്വഭാവമുള്ള ഈ മധ്യനിര താരത്തിന് ഒന്നിലേറെ പൊസീഷനുകളില്‍ കളിക്കാനുള്ള മികവുണ്ട്. സെന്റര്‍ മിഡ്ഫീല്‍ഡ്, അറ്റാക്കിങ് മിഡ്ഫീല്‍ഡ് എന്നതിനോടൊപ്പം വിങ്ങുകളിലോ വിങ്ങ് ഫോര്‍വേഡായോ കളിക്കുവാനും അരാത്തയ്ക്കാകും. സാങ്കേതിക തികവും അനുഭവസമ്പത്തുമുള്ള ഈ മുപ്പത്തിയഞ്ചുകാരന്‍ ബ്ലാസ്റ്റേഴ്സിന്‍റെ മധ്യനിരയില്‍ കളിക്കുവാനുള്ള സാധ്യത ഏറെയാണ്.

മലയാളികളായ പ്രശാന്തും അജിത്‌ ശിവനുമാണ് മധ്യനിരയിലെ മറ്റു രണ്ടു താരങ്ങള്‍. പ്രശാന്ത് കഴിഞ്ഞ സീസണ്‍ ഐലീഗില്‍ ചെന്നൈ സിറ്റി എഫ്സിയുടെ വിങ്ങുകള്‍ക്ക് വേഗതയേകിയ താരമാണ്. ആദ്യ ഐലീഗ് സീസണില്‍ ഒരു ഗോളും നേടിയ ഈ കോഴിക്കോടുകാരന്‍ സെറ്റ് പീസുകളിലും മികവ് കാട്ടും. ഈ സീസണില്‍ കേരളത്തിനു വേണ്ടി ബൂട്ടണിയാം എന്ന് തന്നെയാണ് പ്രശാന്തിന്‍റെ പ്രതീക്ഷ. അതിനു മികവുള്ള താരം തന്നെയാണ് പ്രശാന്ത്. റിലയന്‍സ് യൂത്ത് സ്പോര്‍ട്ട്സിലൂടെ ടീമിലെത്തിയ അജിത്‌ ശിവന് മങ്ങിയ സാധ്യത മാത്രമാണ് ടീമിലുള്ളത്. എന്തിരുന്നാലും വലിയൊരു അനുഭവപാഠം തന്നെയാവും ഈ ചെറുപ്പക്കാരന് കേരളാ ബ്ലാസ്റ്റേഴ്സ് നല്‍കുക.

ബ്ലാസ്റ്റേഴ്സ് സ്പെയിനില്‍ പരിശീലനത്തില്‍

ഏറ്റവും ശക്തമായൊരു മുന്നേറ്റനിരയുമായാണ് കേരളാ ബ്ലാസ്റ്റേഴ്സ് ഈ സീസണില്‍ എത്തുന്നത്. ഒരുപക്ഷെ സീസണില്‍ ഏറ്റവും ശക്തമായ മുന്നേറ്റനിരയുള്ള ടീമാണ് കേരളാ ബ്ലാസ്റ്റേഴ്സ്. നാല് ഇന്ത്യന്‍ താരങ്ങളാണ് കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ മുന്നേറ്റ നിരയിലുള്ളത്. കേരളം ഡ്രാഫ്റ്റിനു വിട്ടുകൊടുക്കാതെ നിലനിര്‍ത്തിയ സ്റ്റാര്‍ സ്ട്രൈക്കര്‍ സികെ വിനീതാണ് ആദ്യത്തേതും ഉറപ്പായും ആദ്യ പതിനൊന്നില്‍ ഇടം നേടാന്‍ പോകുന്നതുമായ ഒരാള്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒമ്പത് മത്സരങ്ങളിലായി അഞ്ച് ഗോളുകള്‍ നേടിയ ഈ കണ്ണൂര്‍ക്കാരന്‍ ഐ എസ് എല്ലില്‍ ഏറ്റവും നല്ല റിക്കോഡ്‌ ഉള്ള ഇന്ത്യന്‍ സ്ട്രൈക്കറാണ്. വിനീതിന്‍റെ വേഗതയും ഗോള്‍ നേടാനുള്ള വൈഭവവും അദ്ദേഹത്തെ അന്താരാഷ്ട്ര നിലവാരമുള്ള ഒരു താരമാക്കുന്നു. അപ്രതീക്ഷിതമായ അവസരങ്ങള്‍ പോലും ഗോളാക്കി മാറ്റുന്നതിലെ പ്രാവീണ്യമാന് വിനീതിനെ ടീമില്‍ നിര്‍ണായകമാക്കുന്നത്. ഗോളുകള്‍ നേടുന്നതിനോടൊപ്പം തന്നെ ഗോള്‍മുഖത്ത് അവസരങ്ങള്‍ തീര്‍ക്കുവാനും വിനീതിന് സാധിക്കും.

വിങ് ഫോര്‍വേഡ് പോസീഷനില്‍ കളിക്കുന്ന ഈ താരത്തിന്‍റെ കഴിഞ്ഞ വര്‍ഷത്തെ പ്രകടനം ആവര്‍ത്തിക്കുക എന്നത് തന്നെയാവും. മണിപ്പൂരില്‍ നിന്നുമുള്ള വിങ്ങര്‍ ജാക്കിചന്ദ് സിങ് ആണ് ഏറെ സാധ്യത കല്‍പ്പിക്കുന്ന മറ്റൊരു ഇന്ത്യന്‍ ഫോര്‍വേഡ്. വേഗത കൈമുതലാക്കിയ ഈ ഇരുപത്തിയഞ്ചുകാരന് ഐഎസ്എല്ലില്‍ ഒരു ഗോളും നേടാന്‍ സാധിച്ചിട്ടുണ്ട്. ഇന്ത്യന്‍ ദേശീയ ടീമിലും സ്ഥിരാംഗമായ ഈ വിങ്ങര്‍ മഞ്ഞപ്പടയുടെ മുന്നേറ്റങ്ങള്‍ക്ക് മികച്ച വേഗത കണ്ടെത്തും എന്നു തീര്‍ച്ച.

വിങ് ഫോര്‍വേഡ്, സെകണ്ടറി സ്ട്രൈക്കര്‍ പോസീഷനുകളില്‍ കളിക്കുന്ന ലോകാന്‍ മെയ്തെയി റോയല്‍ വഹിങ്ഡോയുടെ ഐ ലീഗ് പോരാട്ടങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുള്ള താരമാണ്. ഇരുപതുകാരനായ ഈ മണിപ്പൂര്‍ക്കാരനില്‍ ഇന്ത്യന്‍ ഫുട്ബാളും ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നുണ്ട്. എന്നാല്‍ ഈ വര്‍ഷത്തെ കേരളാ ബ്ലാസ്റ്റേഴ്സ് താരനിരകള്‍ക്കിടയില്‍ ലോകനുള്ള അവസരം ഒത്തുവരുവാന്‍ മങ്ങിയ സാധ്യത മാത്രമാണ് ള്ളത്. മഹാരാഷ്ട്രക്കാരനായ കരണ്‍ സാവേ സെന്‍റര്‍ ഫോര്‍വേഡ് ആണ്. ഐ ലീഗില്‍ മുംബൈ സിറ്റി എഫ്സിക്ക് വേണ്ടി മൂന്നുഗോളുകള്‍ നേടിയ താരം മികച്ച ഫോര്‍മിലാണ് ഉള്ളത്. ടീമിലെ ഒരേയൊരു ഇന്ത്യന്‍ സെന്‍റര്‍ ഫോര്‍വേഡ് ആണ് കഈ ഇരുപത്തിയഞ്ചുകാരന്‍.

 വിദേശ സൈനിങ്ങുകള്‍

മുന്‍ സീസണുകളെ അപേക്ഷിച്ച് ഏറെ വിലയേറിയ വിദേശതാരങ്ങളാണ് ഈ വര്‍ഷം കേരളാ ബ്ലാസ്റ്റേഴ്സിനു വേണ്ടി മൈതാനത്തിറങ്ങുക. അനുഭവസമ്പത്തിന്‍റെയും യുവത്വത്തിന്‍റെയും മികച്ചൊരു മിശ്രണം തന്നെയാണ് ഈ വര്‍ഷത്തെ ബ്ലാസ്റ്റേഴ്സ് സൈനിങ്ങുകള്‍.

എടുത്തുപറയേണ്ട മുന്നേറ്റ നിര താരങ്ങള്‍ തന്നെയാണ് കേരളാ ബ്ലാസ്റ്റേഴ്സിലെത്തിയിട്ടുള്ളത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസം ദിമിറ്റര്‍ ബെര്‍ബറ്റൊവ് ആണ് അതില്‍ ആദ്യത്തേത്. ബള്‍ഗേറിയയില്‍ നിന്നുമുള്ള ഈ മുപ്പത്തിയാറുകാരന്‍ ഈ വര്‍ഷം ഐഎസ്എല്ലിനു ഇറങ്ങുന്ന ഏറ്റവും വിലപിടിപ്പുള്ള താരം കൂടിയാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ഫുള്‍ഹാം, ബയര്‍ ലെവര്‍കൂസന്‍, മൊണാക്കോ തുടങ്ങിയ ഒന്നാംനിര ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ചിട്ടുള്ള ബെര്‍ബയുടെ അനുഭവസമ്പത് കേരളാ ബ്ലാസ്റ്റേഴ്സിന് മുതല്‍കൂട്ടാണ്. കളിക്കളത്തില്‍ അലാസനായി തോന്നിപ്പിക്കുന്ന ബെര്‍ബയെ മസ്തിഷ്കം കൊണ്ട് കാല്‍പന്തുകളിക്കുന്ന താരം എന്നും വിശേപ്പിക്കപ്പെടുന്നു. അപ്രതീക്ഷ ഘട്ടങ്ങളില്‍ പോലും പന്ത് കാലിലൊതുക്കുവാനും കൃത്യമായി ഫിനിഷ് ചെയ്യാനുമുള്ള ബെര്‍ബയുടെ വൈഭവം ലോകൊത്തരമാണ്. ലോകഫുട്ബാളിലെ തന്നെ ഏറ്റവും മികച്ച സെന്‍റര്‍ ഫോര്‍വേഡുകളില്‍ ഒന്നായി കണക്കാക്കുന്ന ഈ താരം കേരളത്തിനായി കരുതി വച്ചത് എന്താണ് എന്ന് കണ്ടു തന്നെ അറിയണം.

 

Read More : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 4.0 : ചെന്നൈയിന്‍ എഫ്‌സി അവലോകനം

ഇന്ത്യന്‍ ഫുട്ബാള്‍ ആരാധകര്‍ക്ക് പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത ഇയാന്‍ ഹ്യൂം ആണ് കേരളത്തിലേക്കെത്തിയ മറ്റൊരു വിദേശ താരം. ഐഎസ്എല്ലിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഈ ഗോള്‍സ്കോറര്‍ക്ക് കേരളത്തിലിത് മടങ്ങി വരവാണ്. പലകുറി നഷ്ടപ്പെട്ട തങ്ങളുടെ കപ്പ്‌ തിരിച്ചുപിടിക്കുന്നതിനു ‘ഹ്യൂമേട്ടന്‍’ സഹായിക്കും എന്ന്‍ തന്നെയാണ് കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരുടെയും പ്രതീക്ഷ. വിങ് ഫോര്‍വേഡ് കറേജ് പെകൂസനില്‍ നിന്നും ഫുട്ബാള്‍ പ്രേമികള്‍ക്ക് ഒരുപാട് പ്രതീക്ഷിക്കാം.

സ്ലൊവേനിയയിലെ ഒന്നാംനിര ക്ലബ്ബായ എഫ്സി കോപ്പറിനു കളിക്കുകയായിരുന്ന ഈ ഘാനാ താരം മികച്ച ഫോര്‍മില്‍ തന്നെയാണ്. കഴിഞ്ഞ സീസണില്‍ നാല് ഗോളുകള്‍ നേടിയിട്ടുള്ള ഈ ഇരുപത്തിരണ്ടുകാരന്‍ വിനീതിനോടൊപ്പം വിങ്ങുകളില്‍ പന്ത് ചലിപ്പിക്കും എന്നു പ്രതീക്ഷിക്കാം. വേഗത തന്നെയാണ് പെക്കൂസനെ നിര്‍ണായകമാക്കുന്നത്. ബെര്‍ബറ്റോവിനും ഇയാന്‍ ഹ്യൂമിനും പുറമേ സെന്‍റര്‍ ഫോര്‍വേഡ് കളിക്കുന്ന മറ്റൊരു താരമാണ് മാര്‍ക്ക് സിഫ്നിയോസ്. ഡച്ചുകാരനായ സിഫ്നിയോസ് ലോക ഫുട്ബാളില്‍ തന്‍റെ മികവ് തെളിയിക്കാനിരിക്കുന്ന താരമാണ്. ഡച്ച്‌ ക്ലബ്ബായ വാല്‍വിക്കിന്‍റെ അണ്ടര്‍ ഇരുപത്തിയോന്ന്‍ ടീമില്‍ നിന്നുമാണ് ഈ ഇരുപതുകാരന്‍ കേരളത്തിലേക്ക് എത്തുന്നത്.

രണ്ട് വിദേശ താരങ്ങളാണ് കേരളാ ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിരയില്‍ അണിനിരക്കുന്നത്. ഫുട്ബോള്‍ ആരാധകര്‍ക്ക് ആമുഖമൊന്നും ആവശ്യമില്ലാത്ത മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസം വെസ് ബ്രൗണ്‍ ആണ് ആദ്യത്തേത്. ബ്ലാക്ക്ബേണില്‍ നിന്നും കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയ ഈ മുപ്പത്തിയെട്ടുകാരന്‍ ഇംഗ്ലീഷ് താരം കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ സെന്‍റര്‍ ബാക്കായാവും എത്തുക. ഈ സീസണിലെ ഏറ്റവും വിലപിടിപ്പുള്ള ഡിഫന്‍ഡര്‍മാരില്‍ ഒരാളായ വെസ് ബ്രൗണ്‍ പതിനൊന്നംഗ ടീമില്‍ ഇടംപിടിക്കും എന്നത് തീര്‍ച്ച. സെര്‍ബിയന്‍ താരം നേമാഞ്ചെ ലാകിക് ആണ് മറ്റൊരു വിദേശ താരം. സെന്റര്‍ ബാക്കായി തന്നെ കളിക്കുന്ന നെമാഞ്ചെ ഓസ്ട്രിയന്‍ ഒന്നാംനിര ക്ലബ്ബായ എസ്വി കാപ്ഫെന്‍ബെര്‍ഗില്‍ നിന്നുമാണ് ഇന്ത്യയിലേക്ക് ചേക്കേറുന്നത്. കഴിഞ്ഞ സീസണില്‍ ഉടനീളം ക്ലബ്ബിനു വേണ്ടി കളിച്ചിട്ടുള്ള ഈ ഇരുപത്തിയാറുകാരന് മികച്ച റിക്കോഡുകള്‍ തന്നെയാണ് ഉള്ളത്. കേരളാ ബ്ലാസ്റ്റേഴ്സിലെ ആദ്യ പതിനൊന്നില്‍ കളിക്കാന്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്ന താരം തന്നെയാണ് നെമാഞ്ചെ.

ഗോള്‍കീപ്പര്‍ പോള്‍ റച്ചൂബ്‌ക ഏറെ അനുഭവസമ്പത്തുള്ള താരമാണ്. ഇംഗ്ലീഷ് മൂന്നാം നിര ക്ലബ്ബായ ബറിയില്‍ നിന്നാണ് പോള്‍ രബൂച്ച്ക ബ്ലാസ്റ്റേഴ്സില്‍ എത്തുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലീഡ്‌സ്, ബ്ലാക്ക്പൂള്‍ തുടങ്ങി ഒട്ടേറെ ഇംഗ്ലീഷ് ക്ലബ്ബുകള്‍ക്ക് വേണ്ടി റബൂച്ച്ക വലകാത്തിട്ടുണ്ട്.

റെനെ മ്യൂലെന്‍സ്റ്റീന്‍ സ്പെയിനില്‍ നടന്ന പരിശീലന ക്യാമ്പിനിടയില്‍

മ്യൂലെന്‍സ്റ്റീന്‍ മുന്നോട്ടുവെക്കുക അക്രമ ഫുട്ബാള്‍

“മറ്റു പല ടീമുകള്‍ക്കും പറ്റിയിട്ടുള്ളത്‌ പോലെ സീസണ്‍ തുടങ്ങുമ്പോള്‍ തന്നെ അമിതാവേശത്തോടെ കളിച്ചു പരുക്ക് പറ്റാതിരിക്കാനാണ് ഞാന്‍ ശ്രദ്ധിക്കുക. നമ്മള്‍ വളരെ പതുക്കെയാണ് കളി ആരംഭിക്കുക. സീസണിന്‍റെ പകുതിയെത്തുമ്പോഴേക്ക് മാത്രമേ ടീം അതിന്‍റെ മുഴുവന്‍ ഫോമിലും എത്തുകയുള്ളൂ.” റെനെ മ്യൂലെന്‍സ്റ്റീന്‍ പറഞ്ഞു. ഇത് പറയുമ്പോള്‍ സര്‍ അലക്സ് ഫെര്‍ഗൂസന്‍ എന്ന തന്ത്രങ്ങളുടെ ആശാന്‍റെ കളരിയില്‍ പരിശീലിച്ച റെനെ മ്യൂലെന്‍സ്റ്റീനില്‍ പക്വതയ്ക്ക് വിലകല്‍പ്പിക്കുന്ന ഒരു ഫുട്ബാള്‍ മാനേജറെ കാണാമായിരുന്നു.

ഏതാനും മാസങ്ങള്‍ മാത്രം പരിചയമുള്ള, വളരെ കുറവ് കളികള്‍ മാത്രം ഒരുമിച്ച് കളിച്ചു പരിശീലിക്കുന്ന ഒരു ടീമിന് അതിന്‍റെ മികവില്‍ എത്താന്‍ അല്‍പ്പം കാലമെടുക്കും എന്നത് വസ്തുത. ഇത് പറയുന്നതോടൊപ്പം സീസണില്‍ എടുക്കാന്‍ പോകുന്ന തന്ത്രങ്ങളെ കുറിച്ച് കൂടി സൂചിപ്പിക്കുകയാണ് ഡച്ചുകാരനായ മാനേജര്‍. ഏറ്റവും സുരക്ഷിതമായൊരു ഫോര്‍മേഷനില്‍ ആയിരിക്കും ബ്ലാസ്റ്റേഴ്സ് കളിയാരംഭിക്കുക.

എതിരാളികള്‍ക്കനുസരിച്ച് ടീം ഫോര്‍മേഷനില്‍ മാറ്റം വരുത്തുവാനുള്ള സാധ്യതയും ഏറെ. നാല് പര്തിരോധ താരങ്ങളും അഞ്ച് മധ്യനിര താരങ്ങളും ഒരേയൊരു സ്ട്രൈക്കാറും അടങ്ങുന്ന 4-5-1 ഫ്ലാറ്റ് ഫോര്‍മേഷന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഈ അമ്പത്തികാരന് കളി മെനഞ്ഞെടുക്കുന്നതില്‍ സ്വത്തസിദ്ധമായൊരു ശൈലിയുണ്ട്. 4-5-1 ഫ്ലാറ്റ് ഫോര്‍മേഷന്‍ കേരളാ ബ്ലാസ്റ്റേഴ്സിനുതകുന്ന ഫോര്‍മേഷന്‍ തന്നെയാണ്. അതിനേറെ സാധ്യതയുമുണ്ട്. ശക്തമായൊരു മധ്യനിരയെ അണിനിരത്തിക്കൊണ്ട് കളിയുടെ നിയന്ത്രണം കൈവശപ്പെടുത്തുകയും ക്ലിനിക്കല്‍ ഫിനിഷുകള്‍ കണ്ടെത്തുകയും ചെയ്യാം എന്നതാണ് ഒരു കാരണം. 4-4-2 ഫോര്‍മേഷനും 4-2-3-1 ഫോര്‍മേഷനും ബ്ലാസ്റ്റേഴ്സിനുതകുന്ന ഫോര്‍മേഷനുകളാണ്. റെനെ തിരഞ്ഞെടുക്കാന്‍ ഏറെ സാധ്യതയുള്ളതും.

വെസ് ബ്രൗണും ജിങ്കനും സെന്‍റര്‍ ബാക്കും ലാല്‍റുത്തരയും റിനോയും പുള്‍ ബാക്കുകമാകും ബ്ലാസ്റ്റേഴ്സ് കളിയാരംഭിക്കുക. ” 4-5നു ജയിക്കുന്നതിലും ഞാന്‍ ഇഷ്ടപ്പെടുന്നത് ക്ലീന്‍ ചീട്ടുകള്‍ നേടുന്നതാണ്. ക്ലീന്‍ ചീട്ടുകള്‍ വളരെ പ്രധാനമാണ്.” റെനെ പറഞ്ഞു. ഗോള്‍ കീപ്പറായി വിദേശ താരം പോള്‍ റാചുബ്കയെ പരീക്ഷിക്കാന്‍ സാധ്യത ഏറെയാണ്. വൈകി സൈന്‍ ചെയ്ത റാചുബ്ക മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അടക്കം പല മുന്‍നിര ക്ലബ്ബുകളില്‍ കളിച്ചിട്ടുണ്ട്. റാച്ചുബ്കയുടെ പ്രകടനം മോശമാണ് എന്നൊരു അഭിപ്രായം വ്യാപകമായതിനെ തുടര്‍ന്ന് ബ്ലാസ്റ്റേഴ്സിന്‍റെ മുന്‍ ഗോള്‍കീപ്പറായ സന്ദീപ്‌ നന്ദിയേയും സൈന്‍ ചെയ്തിരുന്നു. നാല്‍പ്പത്തിരണ്ടുകാരനായ നന്ധിയും ഏറെ സാധ്യത കല്‍പ്പിക്കുന്ന ഗോള്‍ കീപ്പറാണ്‌. സെന്‍റര്‍ മിഡ് ഫീല്‍ഡില്‍ മിലന്‍ സിങ്ങും സിയാം ഹങ്ങലും കളിക്കാനാണ് സാധ്യത. അരാത്തയും പകരക്കാരനായുണ്ട്.

വിങ്ങുകളില്‍ വിനീതും പെക്കൂസനും മുന്നേറുമ്പോള്‍ ബെര്‍ബയെ സെക്കണ്ടറി സ്ട്രൈക്കര്‍ എന്ന പ്ലേമേക്കര്‍ പോസീഷനിലും ഇയാന്‍ ഹ്യൂമിനെ സെന്‍റര്‍ ഫോര്‍വേഡ് ആക്കുവാനും സാധ്യത ഏറെ. 4-4-2 ആണെങ്കില്‍ ബെര്‍ബയും ഹ്യൂമും മുന്‍ നിരയിലും പെക്കൂസനും വിനീതും രണ്ടു വിങ്ങുകളിലും നിലയുറപ്പിക്കും. ജാക്കിചന്ദും അറാത്തയും വിങ്ങുകളില്‍ സബ്സ്റ്റിറ്റ്യൂഷന്‍ ഇറക്കാവുന്ന താരങ്ങള്‍. അരാത്തയെ സെന്‍റര്‍ മിഡ്ഫീല്‍ഡിലും ഉപയോഗപ്പെടുത്താവുന്നതാണ്. പ്രതിരോധത്തിലും വെച്ചുമാറാന്‍ ആവശ്യത്തിനു പകരക്കാരുള്ളത് റെനെയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കും.

” അറുപത്തിനായിരത്തോളം വരുന്ന കാണിക്കള്‍ ഏതൊരു ടീമിനും ആവേശമാണ്. അവര്‍ക്ക് ആകര്‍ഷകമായൊരു ഫുട്ബാള്‍ തന്നെയായിരിക്കും ഈ വര്‍ഷം കേരളാ ബ്ലാസ്റ്റേഴ്സ് കാഴ്ചവെക്കുക. ” അക്രമസ്വഭാവമുള്ള കളിയായിരിക്കും കേരളാ ബ്ലാസ്റ്റേഴ്സ് കാഴ്ച്ചവെക്കാന്‍ പോകുന്നത് എന്ന സൂചന നല്‍കുകയാണ് റെനി മ്യൂലെന്‍സ്റ്റീന്‍

Read More : ഐഎസ്എല്ലിലെ ഏറ്റവും വിലയേറിയ പത്ത് വിദേശ താരങ്ങള്‍ 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook