ന്യൂഡല്‍ഹി : കേരളത്തിലെ ഫുട്ബോള്‍ ആരാധകര്‍ക്ക് അപരിചിതരല്ല മഞ്ഞപ്പട. കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആരാധകസംഘമായ മഞ്ഞപ്പട ഇന്ന് പ്രവര്‍ത്തിക്കുന്നത് കേരളത്തില്‍ മാത്രമല്ല. അങ്ങ് ഡല്‍ഹിയിലും തങ്ങളുടെ ശക്തിയറിയിച്ചിരിക്കുകയാണ് മഞ്ഞപ്പട. അണ്ടര്‍ 17 ലോകകപ്പ് നടക്കുന്ന ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയാത്തിലെ ഗാലറികള്‍ ടിക്കറ്റുകള്‍ വിറ്റഴിയാതെ കാലിയായികിടക്കുന്നു എന്നു കണ്ടപ്പോഴാണ് മഞ്ഞപ്പടയുടെ ഡല്‍ഹി വിങ്ങ് ആ കര്‍ത്തവ്യം സ്വയം ഏറ്റെടുത്തത്. ഒടുവില്‍ ലക്ഷ്യം കണ്ടിട്ടേ അവര്‍ അടങ്ങിയുള്ളൂ.
“മലയാളികളുടെതായ കടകള്‍, പ്രധാനപ്പെട്ട ചന്തകള്‍, മെട്രോ സ്റ്റേഷന് എന്നിവ കേന്ദ്രീകരിച്ചാണ് പോസ്റ്ററുകള്‍ പതിച്ചത്. അതില്‍ ടിക്കറ്റ് കിട്ടുന്ന വെബ്സൈറ്റിന്റെ ലിങ്കും മഞ്ഞപ്പടയുമായി ബന്ധപ്പെടേണ്ടതായ ഫോണ്‍ നമ്പരുകളും ഉണ്ടായിരുന്നു. ഏറെ പേരാണ് ഇത് കണ്ടു ബന്ധപ്പെട്ടത്.” മഞ്ഞപ്പട അംഗമായ അലി സല്മാന് പറഞ്ഞു.
പോസ്റ്റര്‍ പ്രചാരണങ്ങള്‍ക്ക് പുറമേ മലയാളി സംഘടനകള്‍ വഴിയും മറ്റുമായും ഏറെ ടിക്കറ്റുകള്‍ ആണ് വിറ്റുപോയത്. നേരത്തെ, ടിക്കറ്റ് വിറ്റഴിയാത്തതിനാല്‍ ഡല്‍ഹിയില്‍ അണ്ടര്‍ പതിനേഴ് ലോകകപ്പിന്റെ ടിക്കറ്റുകള്‍ സൗജന്യമായി നല്‍കിവരികയാണ് എന്ന് ഇന്ത്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ ഫുട്ബോളിനു പ്രോത്സാഹനമേകാന്‍ മഞ്ഞപ്പട ആ ദൗത്യം ഏറ്റെടുക്കുന്നത്.
മഞ്ഞപ്പടയുടെ പ്രചാരണത്തിനു ശേഷമാണ് കാലിയായി കിടന്ന ഈസ്റ്റ് ലെവല്‍ 2 സ്റ്റാന്‍ഡിലെ സീറ്റുകള്‍ വിറ്റുപോവുന്നത്. ഇതുമാത്രമല്ല, കൗമാര ഫുട്ബോളിനു പ്രോത്സാഹനമേകുന്ന വേറെയും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് മഞ്ഞപ്പട. ഇന്ത്യന്‍ ടീമിനു പ്രോത്സാഹനമേകാന്‍ വരും ദിവസങ്ങളില്‍ ധാരാളം പേരാണ് ഇന്ത്യയുടെ കളി നടക്കുന്ന വേദികളിലേക്ക് സഞ്ചരിക്കുന്നത്. ഇത്തരത്തില്‍ സഞ്ചരിക്കുന്ന ഫുട്ബോള്‍ ആരാധകര്‍ക്കായി താമസസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
കേരളത്തില്‍ നിന്നും മഞ്ഞപ്പടയിലെ ഇരുപത്തിയഞ്ചോളം പേരാണ് ഇന്നു നടക്കുന്ന ഇന്ത്യാ അമേരിക്കാ മത്സരങ്ങള്‍ക്കായി മുംബൈയില്‍ എത്തുന്നത്. ഇതിനുപുറമേ കൊളമ്പിയയും ഘാനയുമായി ഇന്ത്യ ഏറ്റുമുട്ടുന്ന മത്സരങ്ങളിലും മഞ്ഞപ്പട സാന്നിദ്ധ്യമാവും.