കൊൽക്കത്ത: ഐഎസ്എൽ നാലാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലെഓഫ് സാധ്യതകൾ മങ്ങുന്നു. കൊൽക്കത്തയ്ക്ക് എതിരെ സമനില വഴങ്ങിയതാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. കൊൽക്കത്തയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ ഇരുടീമുകളും 2-2 എന്ന നിലയിൽ സമനിലയിൽ പിരിയുകയായിരുന്നു. സമനിലയോടെ 15 മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായി കേരളം അഞ്ചാം സ്ഥാനത്ത് തുടർന്നു. പ്ലെഓഫ് പ്രവേശനം സാധ്യമാകണമെങ്കിൽ ബ്ലാസ്റ്റേഴ്സിന് ശേഷിക്കുന്ന 3 മത്സരങ്ങളിലും ജയിക്കണം.

റഫറിയുടെ ആദ്യ വിസിൽ മുതൽ ആക്രമണശൈലിയിലാണ് ഇരു ടീമുകളും കാഴ്ചവെച്ചത്. വിങ്ങുകളിലൂടെ ആക്രമണം നയിച്ച ടീമുകൾ പലതവണ ഗോളിന് അടുത്തെത്തുകയും ചെയ്തു. എന്നാൽ 33 ആം മിനുറ്റിൽ ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന നിമിഷം എത്തി. ഇടത് വിങ്ങിൽ നിന്ന് മലായാളി താരം പ്രശാന്ത് നൽകിയ തകപ്പൻ ക്രോസ് കൊൽക്കത്ത വലയിലേക്ക് കുത്തിയിട്ട് ബ്ലാഡ്‌വിൻസൺ ബ്ലാസ്റ്റേഴ്സിന് നിർണ്ണായക ലീഡ് സമ്മാനിച്ചു. ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയ ഐസ്‌ലൻഡ് താരത്തിന്രെ ആദ്യ ഗോളായിരുന്നു ഇത്.

എന്നാൽ നാല് മിനുറ്റിനകം കൊൽക്കത്തയുടെ മറുപടി എത്തി. റയാൻ ടെയ്‌ലറുടെ ലോങ് റെയ്ഞ്ചർ ലാൽറുഅറ്റാറയുടെ കാലിൽത്തട്ടി ബ്ലാസ്റ്റേഴ്സ് വലയിൽ പതിക്കുകയായിരുന്നു. ടെയ്‌ലറുടെ ഷോട്ട് തടുക്കാൻ സുഭാഷിഷ് റോയ് ശ്രമിച്ചെങ്കിലും പന്ത് ദിശമാറി വലയിൽ പതിക്കുകയായിരുന്നു.

രണ്ടാംപകുതിയിലും ആക്രമണ ഫുട്ബോൾ തന്നെയാണ് ഇരു ടീമുകളും കാഴ്ചവെച്ചത്. 55ആം മിനുറ്റിൽ കാണികളെ ത്രസിപ്പിച്ച് ഡിമിറ്റർ ബെർബറ്റോവ് കേരളത്തിന് ഒരിക്കൽക്കൂടി ലീഡ് നൽകി. ബോക്സിന് പുറത്ത് നിന്ന് ബെർബറ്റോവ് തൊടുത്ത ഷോട്ട് കൊൽക്കത്ത ഗോൾപോസ്റ്റിന്റെ വലത് മൂലയിൽ പതിക്കുകയായിരന്നു. ഐഎസ്എല്ലിലെ ബെർബറ്റോവിന്റെ ആദ്യ ഗോളായിരുന്നു ഇത്.

എന്നാൽ ഒരു ഗോളിന്റെ നേരിയ ലീഡിൽ കടിച്ച് തൂങ്ങാൻ ശ്രമിച്ച കേരള ബ്ലാസ്റ്റേഴ്സിന് അടിതെറ്റി. 74 ആം മിനുറ്റിൽ ടോം തോർപ്പിന്റെ ഹെഡറിലൂടെ കൊൽക്കത്ത ഒരിക്കൽക്കൂടി ഒപ്പമെത്തുകായിരുന്നു. കളിതീരാൻ സെക്കന്റുകൾ ബാക്കി നിൽക്കെ വിജയഗോൾ നേടാൻ ബ്ലാഡ്‌വിൻസണ് സുവർണ്ണാവസരം ലഭിച്ചെങ്കിലും മുതലാക്കാൻ ആയില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ