കൊച്ചി: സന്തോഷ്ട്രോഫി ഫുട്ബോൾ ദക്ഷിണ മേഖല യോഗ്യത റൗഡിലെ ആദ്യമത്സരത്തിൽ കേരളത്തിന് ജയം. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് കേരളം ലക്ഷദ്വീപിനെ തകർത്തത്. കേരളത്തിനു വേണ്ടി നിജോ ഗില്‍ബര്‍ട്ട്, ജെസിന്‍, എസ് രാജേഷ്, അര്‍ജുന്‍ ജയരാജ് എന്നിവർ ഗോൾ നേടി. ലക്ഷദ്വീപ് താരം തൻവീറിന്റെ സെല്ഫ് ഗോളായിരുന്നു ഒന്ന്.
മത്സരത്തിന്റെ ആദ്യം മുതൽ കേരളമായിരുന്നു മുന്നിൽ. നാലാം മിനിറ്റിൽ ആദ്യ ഗോൾ നേടി. പെനാലിറ്റിയിലൂടെ നിജോയാണ് കേരളത്തിന് ആദ്യ ഗോൾ സമ്മാനിച്ചത്. പന്ത്രണ്ടാം മിനിറ്റിൽ ജെസിൻ വീണ്ടും വലകുലുക്കി കേരളത്തിനു ലീഡ് സമ്മാനിച്ചു. 26-ാം മിനിറ്റിൽ മുഹമ്മദ് സഫ്നാദിനേ ഫൗൾ ചെയ്തതിന് ലക്ഷ്വദീപ് നായകൻ ഉബൈദുല്ല റെഡ് കാർഡ് കണ്ട് പുറത്തായത് ടീമിന് തിരിച്ചടിയായി.
തൊട്ടു പിന്നാലെ സെല്ഫ് ഗോളിലൂടെ ലക്ഷദ്വീപ് കേരളത്തിന് മൂന്നാം ഗോളും സമ്മാനിച്ചു. 82-ാം മിനിറ്റിൽ രാജേഷിലൂടെ കേരളം നാലാം ഗോളും ഇഞ്ചുറി ടൈമിൽ അർജുൻ ജയാരാജ് അഞ്ചാം ഗോളും നേടി കേരളത്തിന് ഗംഭീര വിജയം സമ്മാനിക്കുകയായിരുന്നു.
വെള്ളിയാഴ്ച പുതുച്ചേരിക്ക് എതിരെയും ഞായറാഴ്ച്ച ആൻഡമാന് എതിരെയുമാണ് കേരളത്തിന്റെ അടുത്ത മത്സരങ്ങൾ. ഗ്രൂപ്പ് മത്സരങ്ങളിൽ വിജയിക്കുന്ന ടീമാണ് ഫൈനൽ റൗണ്ടിൽ എത്തുക.
Also Read: ISL 2021-22: ഇതാണ് കളി, പിറന്നത് 10 ഗോളുകള്‍; ഈസ്റ്റ് ബംഗാളിനെ 6-4 ന് തകര്‍ത്ത് ഒഡീഷ