പനാജി: ടീമിലെ കോവിഡ് വ്യാപനം മൂലം ഐസൊലേഷനിലായിരുന്ന കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും പരിശീലനം ആരംഭിച്ചു. ഇന്നലെ മുതലാണ് താരങ്ങൾ വീണ്ടും പരിശീലനത്തിനിറങ്ങിയത് ഇതിന്റെ ചിത്രങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവിട്ടു. പരിശീലകന് ഇവാന് വുകോമനോവിച്ചും വിദേശതാരങ്ങളുമുൾപ്പടെ കോവിഡ് ബാധിതരായതിനാൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു മറ്റു താരങ്ങളും.
ജനുവരി 12ന് ഒഡീഷക്ക് എതിരായ മത്സരത്തിനു ശേഷമാണു ടീമിൽ കോവിഡ് റിപ്പോർട്ട് ചെയ്തത്. കോവിഡ് ബാധയെ തുടർന്ന് ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ രണ്ടു മത്സരങ്ങളും മാറ്റിവച്ചിരുന്നു. മുംബൈ സിറ്റിക്കും എടികെ മോഹന്‍ ബഗാനുമെതിരായ മത്സരങ്ങളാണ് മാറ്റിവെച്ചത്. ഞായറാഴ്ച ബാംഗ്ലൂർ എഫ്സിക്കെതിരെയാണ് കൊമ്പന്മാരുടെ അടുത്ത മത്സരം.
അഡ്രിയാൻ ലൂണ ഒഴികെയുള്ള വിദേശ താരങ്ങൾ ഇന്നലെ പരിശീലനത്തിനിറങ്ങിയിരുന്നു. ആൽവാരോ വസ്കസ്, ജോർജ് പെരേര, ഡിയാസ്, എനെസ് സിപോവിച്ച്, മാർക്കോ ലെസ്കോവിച്ച്, ചെഞ്ചോ ഗ്യാൽറ്റ്ഷെൻ എന്നീ വിദേശ കളിക്കാർക്കൊപ്പം മലയാളി താരം അബ്ദുൽ സമദ് ഉൾപ്പടെയുള്ളവർ പരിശീലനം നടത്തുന്ന ചിത്രങ്ങളാണ് ബ്ലാസ്റ്റേഴ്സ് ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.
സീസണില്‍ 11 മത്സരങ്ങളില്‍ അഞ്ച് വീതം ജയവും സമനിലയുമായി 20 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. രണ്ട് മത്സരം അധികം കളിച്ച് 23 പോയിന്റ് നേടിയ ഹൈദരാബാദ് എഫ്സിയാണ് പട്ടികയില്‍ തലപ്പത്ത്. അപരാജിത കുതിപ്പ് തുടരുന്ന കൊമ്പന്മാർ കോവിഡിനെ അതിജീവിച്ച് കരുത്തോടെ കളത്തിൽ ഇറങ്ങുന്നത് കാത്തിരിക്കുകയാണ് ആരാധകർ.
Also Read: രണ്ടിനെതിരെ മൂന്ന് ഗോൾ; ഒഡീഷയെ തോൽപിച്ച് ഹൈദരാബാദ്