ലയണല്‍ മെസി ലോകകപ്പ് കളിക്കരുതെന്ന് ആഗ്രഹിക്കുന്നത് ഡീഗോ മറഡോണയുടെ ആരാധകര്‍ മാത്രമായിരിക്കുമെന്ന് അര്‍ജന്റീനിയന്‍ മുന്‍ താരം മരിയോ കെംപസ്. മെസി ഇല്ലാത്ത ലോകകപ്പ് മഹാദുരന്തം ആയിരിക്കുമെന്നും 1978ലെ ലോകകപ്പ് ജേതാവ് പറഞ്ഞു. മറഡോണയുടെ അത്രയും മെസി വളര്‍ന്നിട്ടില്ലെന്ന അവകാശവാദം ഉന്നയിക്കാന്‍ ആരാധകര്‍ക്ക് ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘മെസിയും അര്‍ജന്റീനയും ഇല്ലാത്ത ലോകകപ്പ് മഹാദുരന്തം ആയിരിക്കും. മെസിയുടെ ലോകകപ്പിലെ അഭാവം ഡീഗോ മറഡോണയുടെ ആരാധകരെയാണ് സന്തോഷിപ്പിക്കുക. മറഡോണയാണ് മികച്ചവനെന്ന് പറയുന്ന അവര്‍ക്ക് ഇത് സഹായകമാകും’, കെപസ് പറഞ്ഞു.

അര്‍ജന്റീന ടീമിലെ അംഗങ്ങള്‍ തമ്മില്‍ മാനസിക അകല്‍ച്ചയിലാണെന്ന ആരോപണം കെംപസ് നിഷേധിച്ചു. ‘ഒരു പരിചയവും ഇല്ലാത്ത കളിക്കാര്‍ ആദ്യമായി നിറഞ്ഞ ഗാലറിക്കു മുന്നില്‍ കളിക്കുമ്പോള്‍ അവര്‍ പേടിക്കുകയും മാനസിക പ്രശ്‌നം നേരിടുകയും ചെയ്‌തേക്കാം. പക്ഷേ, പരിചയ സമ്പന്നരായ ഈ കളിക്കാരില്‍ അങ്ങനെയാരു മാനസിക പ്രശ്‌നം ഇല്ല. സാംപോളി അര്‍ജന്റീനയുടെ രക്ഷകന്‍ എന്നാണ് പലരും വാഴ്ത്തിയിരുന്നത്. താന്‍ ശരിയായ രക്ഷകനാണെന്ന് തെളിയിക്കാന്‍ സാംപോളിക്കു മുന്നില്‍ 90 മിനുട്ടുണ്ട്.’ അദ്ദേഹം വ്യക്തമാക്കി.

ലോകകപ്പ് അര്‍ജന്റീന സ്വന്തമാക്കിയപ്പോള്‍ ഫൈനലില്‍ രണ്ട് ഗോളടിക്കുകയും ടൂര്‍ണമെന്റിലെ ഗോള്‍ഡന്‍ ബൂട്ടും ഗോള്‍ഡന്‍ ബൂട്ടും സ്വന്തമാക്കുകയും ചെയ്ത താരമാണ് കെംപസ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook