ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിലെ നാണംകെട്ട തോൽവിക്ക് പകരം വീട്ടാൻ വിൻഡീസ് തയ്യാറായി കഴിഞ്ഞു. സൂപ്പർ താരം കെമാർ റോച്ച് ടീമിലേക്ക് മടങ്ങിയെത്തിയതോടെ വിൻഡീസ് ബോളിങിന്റെ മൂർച്ച കൂടുമെന്ന് ഉറപ്പ്. ആദ്യ ടെസ്റ്റിന് മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോഴായിരുന്നു താരം നാട്ടിലേക്ക് മടങ്ങിയത്. മുത്തശ്ശിയുടെ മരണത്തെ തുടർന്നായിരുന്നു റോച്ച് നാട്ടിലേക്ക് മടങ്ങിയത്.

ബാറ്റിങിലും ബോളിങിലും ഇന്ത്യ ഒരേപോലെ തിളങ്ങിയ രാജ്കോട്ട് ടെസ്റ്റിൽ ഇന്നിങ്സിനും 272 റൺസിനുമാണ് വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തിയത്. 649 റൺസാണ് ആദ്യ ഇന്നിങ്സിൽ നിന്ന് മാത്രം ഇന്ത്യൻ താരങ്ങൾ അടിച്ചുകൂട്ടിയത്. വിൻഡീസ് ബോളർമാരെ തലങ്ങും വിലങ്ങും പായിച്ച് മൂന്ന് ഇന്ത്യൻ താരങ്ങളാണ് സെഞ്ചുറി തികച്ച മത്സരമായിരുന്നു രാജ്കോട്ടിലേത്. എന്നാൽ റോച്ച് മടങ്ങിയെത്തുന്നതോടെ വിൻഡീസ് ബോളിങ് ശക്തി പ്രാപിക്കുമെന്നാണ് കരുതുന്നത്.

മുത്തശ്ശി മരിച്ചതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ റോച്ച് ഇന്നലെയാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്. വിൻഡീസ് പരിശീലകൻ സ്റ്റുവർട്ട് ലോ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയച്ചത്. ഇപ്പോൾ ഹൈദരാബാദിലുള്ള താരം ഉടൻ തന്നെ ടീമിനൊപ്പം പരിശീലനം ആരംഭിക്കുമെന്നും സ്റ്റുവർട്ട് ലോ വ്യക്തമാക്കി. രാജ്കോട്ട് ടെസ്റ്റിൽ കറുത്ത് ബാൻഡ് കൈയ്യിലണിഞ്ഞായിരുന്നു വിൻഡീസ് താരങ്ങൾ കളിച്ചത്. റോച്ചിന്റെ മുത്തശ്ശിയുടെ മരണത്തിൽ അനുശേചിച്ചായിരുന്നു താരങ്ങൾ കറുത്ത ബാൻഡ് അണിഞ്ഞത്.

ഒക്ടോബർ 12ന് ഹൈദരാബാദിലാണ് രണ്ടാം ടെസ്റ്റ്. രണ്ട് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ആദ്യ മത്സരം ജയിച്ച് മുന്നിട്ട് നിൽക്കുകയാണ്. ടെസ്റ്റ് പരമ്പരയ്ക്ക് പുറമെ അഞ്ച് മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയും മൂന്ന് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പരയും വെസ്റ്റ് ഇൻഡീസ് ഇന്ത്യയിൽ കളിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook