മുംബൈ: വിമര്‍ശനങ്ങള്‍ക്കിടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന് പിന്തുണയുമായി രോഹിത് ശർമ. വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയെ നയിക്കുന്നത് രോഹിത്താണ്. വിമര്‍ശകര്‍ പന്തിനെ വെറുതെ വിടണമെന്നാണ് രോഹിത് പറയുന്നത്. ടീം മാനേജ്‌മെന്റിന്റെ തന്ത്രങ്ങള്‍ അനുസരിച്ചാണ് പന്ത് കളിക്കുന്നതെന്നും രോഹിത് പറഞ്ഞു.

ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യിലും പന്തിന്റെ മോശം വിക്കറ്റ് കീപ്പിങ്ങിന് വിമര്‍ശനം ഉയര്‍ന്നിരുന്നു. വിക്കറ്റ് കീപ്പിങ്ങിലെ പന്തിന്റെ പിഴവ് കാരണം ബംഗ്ലാ ബാറ്റ്‌സ്മാന്‍ ലിറ്റണ്‍ ദാസിനെ പുറത്താക്കാനുള്ള സുവര്‍ണാവസരം നഷ്ടപ്പെട്ടതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. സ്റ്റംപിന് മുന്നില്‍ നിന്നും പന്ത് പിടിച്ചതാണ് താരത്തിന് തിരിച്ചടിയായത്.

”ഋഷഭ് പന്തിനെ കുറിച്ച് ഓരോ ദിവസവും ഓരോ നിമിഷവും ഒരുപാട് പേരാണ് സംസാരിക്കുന്നത്. എനിക്ക് തോന്നുന്നത് ഫീല്‍ഡില്‍ അവന് തോന്നുന്നത് ചെയ്യാന്‍ അവനെ അനുവദിക്കണമെന്നാണ്. എല്ലാവരോടും അപേക്ഷിക്കുകയാണ്, പന്തില്‍ നിന്നും നിങ്ങളുടെ കണ്ണെടുക്കണം” നായകന്‍ പറഞ്ഞു.

”അവന്‍ ഭയമില്ലാത്ത ക്രിക്കറ്ററാണ്. ആ സ്വാതന്ത്ര്യം അവന്‍ അനുഭവിക്കണമെന്നതാണ് ഞങ്ങളുടെ ആഗ്രഹം. നിങ്ങള്‍ കുറച്ച് സമയത്തേക്ക് അവനില്‍ നിന്നും കണ്ണെടുത്താല്‍ അത് അവനെ കൂടുതല്‍ നന്നായി കളിക്കാന്‍ സഹായിക്കും” രോഹിത് കൂട്ടിച്ചേര്‍ത്തു.

”22 വയസ് മാത്രമുള്ളൊരു ചെറുപ്പക്കാരനാണ് അവന്‍. രാജ്യാന്തര ക്രിക്കറ്റില്‍ തന്നെ അടയാളപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഫീല്‍ഡില്‍ അവന്‍ നടത്തുന്ന ഓരോ നീക്കവും ചര്‍ച്ചയാകുന്നു. ഇത് ശരിയല്ല. എനിക്ക് തോന്നുന്നത് അവനെ അവന്റെ രീതിയ്ക്ക് വിടണമെന്നാണ്. അവനും അതാണ് വേണ്ടത്” രോഹിത് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook