ചെന്നൈ: ആവേശജ്ജ്വലമായിരുന്നു ഐപിഎല്‍ പതിനൊന്നാം സീസണിലെ ആദ്യ മത്സരം. കരുത്തരായ ചെന്നൈ സൂപ്പര്‍ കിംഗ്സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തില്‍ അവസാന നിമിഷമായിരുന്നു ചെന്നൈ വിജയം കണ്ടത്. എന്നാല്‍ വിജയത്തിന്റെ ആവേശത്തിലുള്ള ചെന്നൈ ആരാധകരെ തേടിയെത്തുന്നത് വേദനിപ്പിക്കുന്ന വാര്‍ത്തയാണ്. ടീമിലെ നിര്‍ണ്ണായക താരമായ കേദാര്‍ ജാദവ് പരിക്ക് മൂലം ഐപിഎല്ലില്‍ നിന്നും പുറത്തായിരിക്കുകയാണ്.
മുംബൈയ്ക്കെതിരായ മത്സരത്തിനിടെയായിരുന്നു കേദാറിന് പരുക്കേറ്റത്. ടീം പരാജയം മണത്തിരുന്ന ഘട്ടത്തില്‍ പരുക്കേറ്റ കേദാര്‍ റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു. ചെന്നൈ ഇന്നിംഗ്സിന്റെ 13ാം ഓവറിലായിരുന്നു താരത്തിന് പരുക്കേറ്റത്. പിന്നാലെ വന്ന ബ്രാവോയുടെ വെടിക്കെട്ട് പ്രകടനമാണ് ചെന്നൈയെ വിജയത്തിലേക്ക് അടുപ്പിച്ചത്.
കളിയവസാനിക്കാന്‍ പന്തുകള്‍ മാത്രം ബാക്കി നില്‍ക്കെ ബ്രാവോ പുറത്തായതോടെ കേദാര്‍ വീണ്ടും മടങ്ങിയെത്തുകയായിരുന്നു. അവസാന ഓവറില്‍ ഒരു ഫോറും ഒരു സിക്സുമടിച്ച് കേദാറാണ് ചെന്നൈയെ വിജയതീരത്ത് എത്തിച്ചത്. ഒരു വിക്കറ്റിനായിരുന്നു ചെന്നൈയുടെ വിജയം. മധ്യനിരയില്‍ നിര്‍ണ്ണായക സാന്നിധ്യമായിരുന്ന ജാദവ് പന്തുകൊണ്ടും ടീമിന് മുതല്‍ക്കൂട്ടാകുമായിരുന്ന താരമാണ്. കേദാറിന്റെ പിന്മാറ്റം ചെന്നൈയ്ക്ക് കനത്ത തിരിച്ചടിയാകും.
”മധ്യനിരയിലെ പ്രധാന താരമാണ് കേദാര്‍. ഞങ്ങള്‍ക്കിത് വലിയ നഷ്ടം തന്നെയാണ്,” എന്നായിരുന്നു കേദാറിന്റെ പുറത്താകലിനെ കുറിച്ച് ബാറ്റിംഗ് കോച്ച് മൈക്ക് ഹസിയുടെ പ്രതികരണം. 7.8 കോടിയ്ക്കാണ് ഇത്തവണത്തെ ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് കേദാര്‍ ജാദവിനെ ടീമിലെത്തിച്ചത്.