കൊച്ചി: കേരള രഞ്ജി ടീമിലെ 13 താരങ്ങള്‍ക്കെതിരെ നടപടി. ക്യാപ്റ്റന്‍ സച്ചിന് ബേബിയ്ക്കെതിരെ പരാതി നല്കിയ സംഭവത്തിലാണ് താരങ്ങള്‍ക്കെതിരെ കൂട്ട അച്ചടക്ക നടപടി. അഞ്ച് പേർക്ക് മൂന്ന് മത്സരങ്ങളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
സൂപ്പര്‍ താരം സഞ്ജു സാംസണടക്കം എട്ട് താരങ്ങള്‍ക്ക് മൂന്ന് മത്സരങ്ങളിലെ മാച്ച് ഫീയും റദ്ദാക്കി. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് കെസിഎയുടെ തീരുമാനം. റൈഫി, ആസിഫ് കെ.എം, സന്ദീപ് വാര്യര്‍, രോഹന് പ്രേം, മുഹമ്മദ് അസ്ഹറുദ്ദീന് എന്നിവര്‍ക്കാണ് വിലക്ക്. ടീമിലെ മുതിർന്ന താരങ്ങളാണ് ഇവർ. ടീമിനുള്ളില്‍ ഗൂഢാലോചന നടത്തിയതിനാണ് അച്ചടക്ക നടപടി.
സച്ചിന് തന്നിഷ്ടം കാണിക്കുന്നുവെന്നും സ്വാർത്ഥനാണെന്നുമായിരുന്നു താരങ്ങളുടെ പരാതി. എന്നാല്‍ പിന്നീട് പരാതിയില്‍ വസ്തുതയില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ശ്രീലങ്കൻ പര്യടനത്തിടെയാണ് ക്യാപ്റ്റൻ സച്ചിൻ ബേബിക്കെതിരെ 13 താരങ്ങൾ ഒപ്പിട്ട കത്ത് കെസിഎയ്ക്ക് നൽകിയത്. ഈ കത്ത് പിന്നീട് മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. നായകനെന്ന നിലയില്‍ സച്ചിന് ബേബിയുടെ ആറ്റിറ്റിയൂഡ് ശരിയല്ലെന്നും വളരെ ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണിതെന്നും കത്തില്‍ പറയുന്നു. ടീമിലെ കളിക്കാരുടെയെല്ലാം താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് ഈ കത്തെന്നും ടീമംഗങ്ങള്‍ പറയുന്നു. സച്ചിന് ബേബി സ്വാര്‍ത്ഥനാണെന്നാണ് താരങ്ങളുടെ ആരോപണം. ജയിക്കുമ്പോള്‍ അത് സ്വന്തം ക്രെഡിറ്റിലേക്ക് മാറ്റുമെന്നും തോല്‍ക്കുമ്പോള്‍ സഹതാരങ്ങളുടെ മേല്‍ കെട്ടി വയ്ക്കുന്നുവെന്നുമാണ് ആരോപണം.
സച്ചിന്റെ പെരുമാറ്റം കാരണം തങ്ങള്‍ക്ക് സ്വന്തം കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ലെന്നും സഹതാരത്തെകുറിച്ച് മറ്റ് താരങ്ങളോട് മോശമായി സംസാരിക്കുന്ന നായകനാണ് സച്ചിന് ബേബിയെന്നും കത്തില്‍ പറയുന്നുണ്ട്. നായകന്റെ മോശം പെരുമാറ്റം കൊണ്ടാണ് പല യുവതാരങ്ങളുടെ മറ്റ് സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് കളിക്കാനിറങ്ങുന്നതെന്നും ടീമിന്റെ നായകസ്ഥാനത്ത് മറ്റൊരാള്‍ വരണമെന്നാണ് എല്ലാ കളിക്കാരുടെയും ആഗ്രഹമെന്നും കത്തില്‍ പറയുന്നു. എന്നാൽ കത്തിൽ പറഞ്ഞിരിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നാണ് കെസിഎയുടെ സമിതി കണ്ടെത്തിയത്.