തിരുവന്തപുരം: ഒരു ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം വാനോളം ഉയരുകയാണ്. കൊച്ചിയിൽ നിന്ന് തലസ്ഥാന നഗരിയിലേക്ക് പറിച്ചുനട്ടെങ്കിലും ക്രിക്കറ്റ് ആരാധകർക്ക് കൈനിറയെ മത്സരങ്ങളാണ് വരും മാസങ്ങളിൽ കാര്യവട്ടം ഗ്രീൻഫീൾഡ് സ്റ്റേഡിയത്തിൽ കാത്തിരിക്കുന്നത്. കേരളപിറവി ദിനത്തിൽ ഇന്ത്യയും വെസ്റ്റ് ഇൻഡീസും ഏറ്റുമുട്ടുന്ന ഏകദിന മത്സരമാണ് ഇതിൽ പ്രധാനം.
അവിടെ തീരുന്നില്ല, പുതുവർഷം ആദ്യം തന്നെ ഇതിഹാസതാരം രാഹുൽ ദ്രാവിഡിന് കീഴിൽ ഇന്ത്യ എ ടീമും, ഇംഗ്ലണ്ട് ലയൺസ് എന്നറിയപ്പെടുന്ന ഇംഗ്ലണ്ട് എ ടീമും തിരുവനന്തപുരത്തെത്തും. ഇന്ത്യ എ – ഇംഗ്ലണ്ട് എ ടീമുകൾ ഏറ്റുമുട്ടുന്ന ഏകദിന മത്സരങ്ങള്‍ക്കും തിരുവനന്തപുരം ഗ്രീൻഫീൾഡ് സ്റ്റേഡിയം വേദിയാകും.
ജനുവരി 13 ന് ഇംഗ്ലണ്ട് എ ടീം തിരുവനന്തപുരത്തെത്തി പരിശീലനം ആരംഭിക്കും. ജനുവരി 23, 25, 27,29, 31 തീയതികളിലാണ് ഇന്ത്യ എ – ഇംഗ്ലണ്ട് എ ഏകദിന മത്സരങ്ങള്‍. ഇതിന് മുന്നോടിയായി ജനുവരി 19നും 21നും ബോര്‍ഡ് പ്രസിഡൻസ് ഇലവനെതിരെ സന്നാഹ മത്സരങ്ങളും അവർ കളിക്കും. കൂടുതൽ മത്സരങ്ങളും തിരുവനന്തപുരത്തേക്കെത്തുമെന്നാണ് സൂചന.