തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് കാര്യവട്ടം ഏകദിനത്തെ ചൊല്ലി തര്‍ക്കം. മത്സരം നടക്കുന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം നടത്തിപ്പുകാരായ സ്‌പോര്‍ട്‌സ് ഫെസിലിറ്റീസ് ലിമിറ്റഡും കേരള ക്രിക്കറ്റ് അസോസിയേഷും (കെസിഎ) തമ്മിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്.
ഇന്ത്യ-വിന്‍ഡീസ് ഏകദിന പരന്പരയിലെ അഞ്ചാം മത്സരമാണ് കാര്യവട്ടത്ത് നിശ്ചയിച്ചിരിക്കുന്നത്. നവംബര്‍ ഒന്നിന് പകലും രാത്രിയുമായി മത്സരം നടക്കും. മത്സരത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് തര്‍ക്കം.
ഗാലറിയിലെ കോര്‍പ്പറേറ്റ് ബോക്‌സ് ഇരിപ്പിടങ്ങളും സ്റ്റേഡിയത്തിന് പുറത്തെ മാര്‍ക്കറ്റിംഗ് അവകാശവും തങ്ങള്‍ക്ക് വേണമെന്ന് സ്‌പോര്‍ട്‌സ് ഫെസിലിറ്റീസ് ലിമിറ്റഡ് കെസിഎയോട് ആവശ്യപ്പെട്ടു. ഇത് കെസിഎ എതിര്‍ക്കുകയായിരുന്നു.
എന്നാല്‍ ഈ ആവശ്യം കെസിഎ പൂര്‍ണമായും തള്ളിക്കളഞ്ഞു. മത്സരം പൂര്‍ണമായും കെസിഎയുടെ നിയന്ത്രണത്തിലായിരിക്കുമെന്നും മറിച്ചൊരു സാധ്യത ആലോചിക്കുക പോലുമില്ലെന്നും കെസിഎ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
മത്സരം ഉപേക്ഷിക്കേണ്ടി വന്നാല്‍ പോലും സ്‌പോര്‍ട്‌സ് ഫെസിലിറ്റീസ് ലിമിറ്റഡിന്റെ ആവശ്യം അനുവദിക്കില്ലെന്നും കെസിഎ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുണ്ട്.തര്‍ക്കം രൂക്ഷമായതോടെ കാത്തിരുന്ന മത്സരം നഷ്ടമാകുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.