ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് മൂന്നാം ജയം. കരുത്തരായ ബെംഗളൂരു എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സ് മത്സരത്തിലേക്ക് മടങ്ങിയെത്തിയത്. ലാൽത്തങ്ങെയുടെയും മലയാളി താരം കെ.പി രാഹുലിന്റെയും ഗോളുകളാണ് കേരളത്തിന് വിജയമൊരുക്കിയത്. ആദ്യ പാദ മത്സരത്തിൽ വഴങ്ങിയ തോൽവിക്ക് ബ്ലാസ്റ്റേഴ്സ് പകരം വീട്ടുകയും ചെയ്തു.
24-ാം മിനിറ്റിൽ ക്ലെയ്റ്റൻ സിൽവയിലൂടെ ബെംഗളൂരു എഫ്സിയാണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്. രാഹുൽ ബെക്കേയുടെ ത്രോയിൽ നിന്നായിരുന്നു ക്ലെയ്റ്റൻ ബ്ലാസ്റ്റേഴ്സ് വല ചലിപ്പിച്ചത്. കേരള പ്രതിരോധ താരങ്ങളെ നോക്കുകുത്തിയാക്കി സൈഡ് വോളിയിലൂടെ ക്ലെയ്റ്റൻ ബെംഗളൂരുവിനെ മുന്നിലെത്തിക്കുകയായിരുന്നു.
പിന്നാലെ സഹൽ അബ്ദുൾ സമദീലൂടെ കേരള ബ്ലാസ്റ്റേഴ്സും ഒരു തകർപ്പൻ മുന്നേറ്റം നടത്തിയെങ്കിലും ഗോൾ പിറന്നില്ല. 34-ാം മിനിറ്റിൽ ഉദാന്ത സിങ് നടത്തിയ അപകടകരമായ മുന്നേറ്റം ലക്ഷ്യം കാണാതെ വന്നത് കേരളത്തിന്റെ ഭാഗ്യംകൊണ്ട് മാത്രമാണ്. സുനിൽ ഛേത്രിയുടെ ഫ്രീകിക്കും പുറത്തേക്ക് പോയതോടെ ലീഡ് ഉയർത്താനുള്ള ബെംഗളൂരുവിന്റെ ശ്രമവും ഒപ്പം പിടിക്കാനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങളും പരാജയപ്പെട്ടു. ഇതോടെ ആദ്യ പകുതി 1-0ന് ബെംഗളൂരു ആധിപത്യമുറപ്പിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കെ.പി രാഹുൽ ബെംഗളൂരു ഗോൾമുഖത്തേക്ക് തകർപ്പൻ മുന്നേറ്റം നടത്തിയെങ്കിലും ഗുർപ്രീത് സിങ് വിലങ്ങുതടിയായി. 74-ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോൾ പിറന്നത്. ബോക്സിനകത്ത് നിന്ന് ഹൂപ്പറടിച്ച ഷോട്ട് മുഖത്തുകൊണ്ട ബെംഗളൂരു ഗോൾകീപ്പർ നിലത്തുവീണു. ഗുർപ്രീതിൽ നിന്നും തട്ടിയകന്ന പന്ത് കൃത്യമായി പിടിച്ചെടുത്ത് ബോക്സിനകത്ത് എത്തിയപ്പോഴേക്കും ലാൽത്തങ്ങെ പന്ത് വലയിലെത്തിച്ചു.
രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയഗോൾ പിറന്നത്. തുടര്‍ന്ന് ഇന്‍ജുറി ടൈമില്‍ ഗോളന്നുറച്ച രണ്ട് അവസരങ്ങള്‍ ബെംഗളൂരു നഷ്ടപ്പെടുത്തിയ ശേഷമായിരുന്നു രാഹുലിലൂടെ ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോള്‍. ബ്ലാസ്റ്റേഴ്‌സിന്റെ ബോക്‌സിലെ ബെംഗളൂരുവിന്റെ ആക്രമണത്തിനൊടുവില്‍ പന്ത് ലഭിച്ച രാഹുല്‍ ഒറ്റയ്ക്ക് മുന്നേറി ഗുര്‍പ്രീതിന് യാതൊരു അവസരവും നല്‍കാതെ പന്ത് വലയിലെത്തിക്കുകയായിരുന്നു.