കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ ആരാധക പിന്തുണ ഏറ്റവുമധികം കേരള ബ്ലാസ്റ്റേഴ്സിനാണെന്ന് കഴിഞ്ഞ മൂന്ന് സീസണിലും തെളിയിക്കപ്പെട്ടതാണ്. പ്രാഥമിക റൗണ്ടിൽ പുറത്തായ മത്സരത്തിലും അതിന് മുൻപും പിൻപുമായി രണ്ട് വട്ടം റണ്ണേഴ്സ് അപ്പ് ആയപ്പോഴും ടീമിനെ ഒറ്റ ആരാധകനും കൈവിട്ടിരുന്നില്ല.

ഇപ്പോഴിതാ അതേ ബ്ലാസ്റ്റേഴ്സ്, ട്വിറ്ററിൽ കൂടി തങ്ങളുടെ പിന്തുണ മറ്റാരെക്കാളും കൂടുതലാണെന്ന് തെളിയിച്ചിരിക്കുകയാണ്. പത്ത് ലക്ഷം ഫോളോവേഴ്സാണ് ട്വിറ്ററിലെ ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക പേജിലേക്ക് എത്തിയത്. ഇക്കാര്യം സോഷ്യൽ മീഡിയകളിലെ ഔദ്യോഗിക പേജിൽ കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് വെളിപ്പെടുത്തിയത്.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി ക്ക് 3.58 ലക്ഷം ഫോളോവേഴ്സാണ് ഉള്ളത്. പൂനെ സിറ്റിക്ക് 1.12 ലക്ഷം ഫോളോവേഴ്സും മുംബൈ സിറ്റിക്ക് 1.16 ലക്ഷം ഫോളോവേഴ്സുമാണ് ഉള്ളത്. ഡൽഹി ഡൈനാമോസിന് ഇനിയും ഒരു ലക്ഷം ആരാധാകരെ നേടാനായിട്ടില്ല. അവർക്ക് 98700 പേരുടെ പിന്തുണയാണ് ഇതുവരെ ട്വിറ്ററിൽ നേടിയത്.

ഫുട്ബോളിന് ഏറ്റവും കൂടുതൽ പിന്തുണയുള്ള ഗോവയിൽ നിന്ന് എഫ്.സി.ഗോവയ്ക്ക് ലഭിച്ചത് 2.84 ലക്ഷം പിന്തുണയാണ്. കാൽപ്പന്ത് കളിയുടെ ഏറ്റവും പ്രധാന കേന്ദ്രമായ കൊൽക്കത്തയിൽ നിന്ന് അത്ലറ്റികോ ഡി കൊൽക്കത്ത 3.68 ലക്ഷം പിന്തുണ മാത്രമേ നേടിയിട്ടുള്ളൂ. ചെന്നൈയിൽ എഫ്സിക്ക് 2.92 ലക്ഷം ഫോളോവേഴ്സാണ് ട്വിറ്ററിൽ ഉള്ളത്.

ഇതുവരെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഫുട്ബോൾ ടീമെന്ന ഖ്യാതി കേരള ബ്ലാസ്റ്റേഴ്സിന് തന്നെയായിരുന്നു. അതേസമയം ഏറ്റവും കൂടുതൽ മലയാളികൾ ഉപയോഗിക്കുന്ന സമൂഹ മാധ്യമമായ ഫെയ്സ്ബുക്കിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പേജിന് ട്വിറ്ററിലെ പിന്തുണ ലഭിച്ചിട്ടില്ല. 9.68 ലക്ഷം പേരാണ് പേജ് ഇതുവരെ ലൈക് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ