ന്യൂഡൽഹി: ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരെ നേടിയ ഡബ്യു ഡബ്ല്യു ഇ (WWE) റെസ്‌ലിങ് ചാമ്പ്യൻഷിപ്പിന്റെ വേദിയിൽ ആദ്യമായി ഒരു ഇന്ത്യൻ വനിത. ഹരിയാന സ്വദേശിയായ കവിത ദേവിയാണ് ലോക റെസ്‌ലിങ് എന്റർടെയ്ൻമെന്റുമായി കരാർ ഒപ്പിട്ടത്.

ഗ്രേറ്റ് കാലി, ജിന്ദർ മഹാൽ എന്നിവർക്ക് ശേഷം റെസ്‌ലിങ് വേദിയിലെത്തുന്ന മൂന്നാമത്തെ ഇന്ത്യനും ആദ്യത്തെ സ്ത്രീയുമാണ് കവിത ദേവി. നേരത്തേ ഭാരോദ്വഹന താരമായിരുന്നു കവിത. ഇന്ത്യയിലെ ലോക റെസ്‌ലിങ് എന്റടെയ്ൻമെന്റിന്റെ ഡിസംബർ 8, 9 തീയതികളിൽ നടക്കുന്ന ഇന്ത്യ ടൂറിന്റെ പ്രചാരണാർത്ഥം ഇന്ത്യയിലെത്തിയതായിരുന്നു ജിന്ദർ മഹാൽ.

ഗ്രേറ്റ് കാലി (ദിലീപ് സിംഗ് റാണ) യ്ക്ക് കീഴിലാണ് കവിത ദേവി പരിശീലിച്ചത്. പഞ്ചാബിലെ അക്കാദമിയിൽ സഹതാരമായിരുന്ന ബുൾ ബുള്ളിനോട് ഏറ്റുമുട്ടിയ വിഡിയോ വൈറലായതോടെയാണ് കവിത ദേവി ശ്രദ്ധിക്കപ്പെട്ടത്. ദുബായിൽ നടന്ന ട്രൈ ഔട്ടിൽ മികച്ച പ്രകടനം കാഴ്‍ചവച്ചതോടെ കവിതയ്ക്ക് മേ യങ് ടൂർണമെന്റിലേക്ക് ക്ഷണം ലഭിച്ചു. ഇതിലെ പ്രകടനമാണ് ഇവർക്ക് ഡബ്ല്യു ഡബ്ല്യു ഇ റിങ്ങിലേക്ക് അവസരം നേടിക്കൊടുത്തത്.

ഫ്ലോറിഡയിലെ ഓർലാൻഡോയിലെ ഡബ്ല്യു ഡബ്ല്യു ഇ വേദിയിൽ കവിതയുടെ പരിശീലനം ആരംഭിച്ചുകഴിഞ്ഞു. ഡബ്ല്യു ഡബ്ല്യു ഇയിലെ ആദ്യ അറബ് വനിതയായി ജോർദാനിൽ നിന്നുള്ള ഷാദിയ ബ്സേസോയും കരാർ ഒപ്പിട്ടിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ