ന്യൂഡൽഹി: നിശ്ചിത ഓവർ ക്രിക്കറ്റിൽ എതിർ ടീമിലെ പത്ത് വിക്കറ്റും വീഴ്ത്തി ചരിത്രമെഴുതിയിരിക്കുകയാണ് കൗമാരതാരം കാഷ്വി ഗൗതം. ഛണ്ഡിഗഡിന്റെ വനിത താരമായ ഈ 16കാരിയുടെ നേട്ടം വനിതകളുടെ അണ്ടർ 19 ട്രോഫിയിൽ അരുണാചൽ പ്രദേശിനെതിരെയായിരുന്നു. ജമ്മു കശ്മീരിനെതിരെ ഏഴ് വിക്കറ്റും വീഴ്ത്തിയ താരം ടൂർണമെന്റിലെ തന്നെ ഏറ്റവും അപകടകാരിയായ ബോളറെന്ന് അടിവരയിട്ടു.

4.5 ഓവറിൽ 12 റൺസ് മാത്രം വഴങ്ങിയാണ് അരുണാചൽ പ്രദേശ് ടീമിനെ ഒന്നാകെ കാഷ്വി കൂടാരം കയറ്റിയത്. ഇതിൽ ഒരു ഓവർ മെയ്ഡിനുമായിരുന്നു. കാഷ്വിയുടെ പ്രകടന മികവിൽ അരുണാചൽ പ്രദേശിനെ 25 റൺസിന് പുറത്താക്കിയ ചണ്ഡിഗഡ് 161 റൺസിന്റെ തകർപ്പൻ ജയവും സ്വന്തമാക്കി. മത്സരത്തിൽ ബാറ്റുകൊണ്ടും തിളങ്ങിയ കാഷ്വി വിജയത്തിന്റെ ആകെ ക്രെഡിറ്റ് സ്വന്തമാക്കുകയായിരുന്നു. 49 റൺസാണ് താരം ചണ്ഡിഗഡ് അക്കൗണ്ടിൽ ചേർത്തത്.

മൂന്ന് വർഷം മുമ്പ് പ്രൊഫഷനൽ പരിശീലനം ആരംഭിച്ച കാഷ്വി അണ്ടർ 14, അണ്ടർ 16, അണ്ടർ 19 തലങ്ങളിൽ പഞ്ചാബിന് വേണ്ടി കളിച്ച ശേഷമാണ് പുതിയ സീസണിൽ ചണ്ഡിഗഡിന്റെ ഭാഗമായത്. സീസണിൽ ഇതിനോടകം അണ്ടർ 19, അണ്ടർ 23 തലങ്ങളിൽ കളിച്ച താരം 63 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. അരുണാചൽ പ്രദേശിനെതിരെ അണ്ടർ 23 തലത്തിലും കാഷ്വി ഹാട്രിക് നേടിയിരുന്നു.

രാജ്യാന്തര ക്രിക്കറ്റിൽ എതിരാളികളുടെ പത്ത് വിക്കറ്റ് വീഴ്ത്തിയ ഏക ഇന്ത്യൻ താരം അനിൽ കുംബ്ലെയാണ്. അതും ടെസ്റ്റ് മത്സരത്തിലെ ഒരു ഇന്നിങ്സിൽ. 1999ൽ ഡൽഹി ഫിറോഷ കോട്‌ല സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പാക്കിസ്ഥാനെതിരെയായിരുന്നു കുംബ്ലെയുടെ നേട്ടം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook