ഇസ്ലാമബാദ് : കശ്മീരിനെ കുറിച്ച് ഷാഹിദ് അഫ്രീദി നടത്തിയ പ്രസ്താവനയും തുടര്‍ന്നുണ്ടായ വിവാദങ്ങളും കെട്ടടങ്ങും മുന്‍പ് കശ്മീര്‍ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തി മറ്റൊരു പാക് ക്രിക്കറ്റ് താരം. പാക് ക്രിക്കറ്റ് മുന്‍ താരം ഷോഹൈബ് അക്തറാണ് തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുന്നത്.

“എഴുപത് വര്‍ഷമായ് തുടരുന്ന വിഷയമാണ് കശ്മീരിലേത. രണ്ട് ഭാഗത്തും നാഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എത്ര നാളാണ് നമ്മളീ രക്തചൊരിച്ചലില്‍ ജീവിക്കുക ? നമ്മുടെ കുട്ടികള്‍ അങ്ങനെയൊരു സാഹചര്യത്തില്‍ ജീവിക്കുന്നത് നമ്മള്‍ ഇഷ്ടപ്പെടുമോ ? ഇതിനെ കുറിച്ച് ഇരു രാജ്യത്തെയും സര്‍ക്കാരുകള്‍ സംസാരിക്കേണ്ടതുണ്ട്.” ഷോഹൈബ് അക്തര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

കശ്മീരിനെ കുറിച്ച് ഷാഹിദ് അഫ്രീദി നടത്തിയ ട്വീറ്റാണ് ഇരു രാജ്യത്തെയും ക്രിക്കറ്റ് താരങ്ങള്‍ തമ്മിലുള്ള വാക്പോരില്‍ കലാശിച്ചത്. ഇന്ത്യന്‍ അധീന കശ്മീരില്‍ നിഷ്കളങ്കരായ ജനങ്ങള്‍ വെടിയേറ്റ് വീഴുകയാണെന്നായിരുന്നു അഫ്രിദിയുടെ ട്വീറ്റ്. നിശ്ചയദാര്‍ഢ്യത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും ശബ്ദം ഭരണാധികാരികള്‍ അടിച്ചമര്‍ത്തുകയാണെന്നു പറഞ്ഞ അഫ്രീദി കശ്മീരിലെ രക്തച്ചൊരിച്ചില്‍ തടയാന്‍ ഐക്യരാഷ്ട്രസഭ പോലെയുളള സംഘടനകള്‍ ഒന്നും ചെയ്യാത്തത് അത്ഭുതപ്പെടുത്തുന്നതായും അഫ്രീദി പറഞ്ഞിരുന്നു.

ഇതിന് മറുപടിയായ് ഇന്ത്യന്‍ താരങ്ങളായ ഗൗതം ഗംഭീറും വിരാട്ട് കൊഹ്‌ലിയും മുന്നോട്ടുവന്നിരുന്നു. അറിയാത്ത കാര്യങ്ങള്‍ പറയരുത് എന്നാണ് അഫ്രീദിക്ക് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ കൊഹ്‌ലി നല്‍കിയ ഉപദേശം. മറ്റ് ഇന്ത്യന്‍ താരങ്ങളായ സുരേഷ് ഗൗതം ഗംഭീറും സുരേഷ് റെയ്നയും ചര്‍ച്ചയുടെ ഭാഗമായപ്പോള്‍ ” ഞങ്ങളുടെ കാര്യം തീരുമാനിക്കാന്‍ ഞങ്ങള്‍ക്ക് അറിയാമെന്നും പുറത്തുനിന്നും ആരും അത് പറയേണ്ടതില്ല എന്നായിരുന്നു സച്ചിന്റെ മാസ്റ്റര്‍ സ്ട്രോക്ക്.

ഇന്ന് തന്നെ ഷോഹൈബ് അക്തര്‍ തന്നെ ട്വിറ്ററിലൂടെയും പ്രതികരണവുമായി വന്നു. ഇരു രാജ്യത്തെയും യുവാക്കളാണ് ബന്ധം മെച്ചപ്പെടുത്തുവാനായ് മുന്നോട്ട് വരേണ്ടത് എന്ന് പറഞ്ഞ ഷോഹൈബ് അക്തര്‍. എന്തുകൊണ്ടാണ് എഴുപത് വര്‍ഷം പിന്നിട്ടിട്ടും ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയാത്തത് എന്ന് അധികാരികള്‍ ഉത്തരം പറയേണ്ടതുണ്ട് എന്നും കൂട്ടിച്ചേര്‍ത്തു. ഇനിയും ഒരു എഴുപത് വര്‍ഷം കൂടി ഈ വെറുപ്പില്‍ ജീവിതം തുടരാന്‍ നിങ്ങള്‍ തയ്യാറാണോ എന്ന ചോദ്യത്ത്തിലാണ് അക്തര്‍ ട്വീറ്റ് അവസാനിപ്പിക്കുന്നത്.

കശ്മീരിനെ ചൊല്ലി ഇരു രാജ്യത്തെ ക്രിക്കറ്റ് താരങ്ങളും വിവാദങ്ങള്‍ കൊഴിപ്പിക്കവെയാണ് ഷോഹൈബ് അക്തറിന്റെ സംയമനത്തോടെയുള്ള പ്രതികരണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ