വെസ്റ്റ് ഇൻഡീസിനെതിരെ കാര്യവട്ടത്തും ഇന്ത്യയുടെ സർവ്വാധിപാത്യമായിരുന്നു. ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ വിൻഡീസിനെ പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ വമ്പൻ വിജയങ്ങളിലൊന്നായി കാര്യവട്ടത്തെ വിജയം മാറുകയും ചെയ്തു.

211 പന്തുകൾ ഇന്ത്യൻ ഇന്നിങ്സിൽ ബാക്കി നിൽക്കെയാണ് രോഹിത് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്. ഏറ്റവും കൂടുതൽ പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യ നേടുന്ന രണ്ടാമത്തെ വലിയ വിജയമാണ് കാര്യവട്ടത്തേത്. 2001 ൽ കെനിയക്കെതിരെ 231 പന്തുകൾ ബാക്കി നിൽക്കെ നേടിയ വിജയമാണ് ഇതിൽ മുന്നിൽ.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിൻഡീസിന് തുടക്കം മുതൽ പിഴച്ചു. ഒരു ഘട്ടത്തിൽ ടീം സ്കോർ 100 കടക്കുമോയെന്ന് വരെ സംശയിച്ചു. 104 റൺസിലെത്തിയപ്പോൾ വിൻഡീസ് താരങ്ങളെല്ലാം പവലിയനിലേക്ക് മടങ്ങി. ഇന്ത്യക്കെതിരെ വിൻഡീസ് നേടുന്ന ഏറ്റവും കുറവ് ടീം സ്കോറാണ് ഇത്.

വ്യക്തിഗത റെക്കോർഡുകളും പിറന്ന മത്സരമായിരുന്നു കാര്യവട്ടത്തേത്. ഏകദിനത്തിൽ മൂന്ന് തവണ ഇരട്ടസെഞ്ചുറി തികച്ച രോഹിത് സിക്സറുകളുടെ കാര്യത്തിലും ഇരട്ട സെഞ്ചുറി തികച്ചിരിക്കുന്നു. രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കുറവ് മത്സരങ്ങളിൽ നിന്നും ഈ നേട്ടത്തിലെത്തുന്ന താരമാണ് രോഹിത്. 187 ഇന്നിങ്സുകളിൽ നിന്നുമാണ് രോഹിത് 200 സിക്സറുകൾ പായിച്ചത്. 195 ഇന്നിങ്സുകളിൽ നിന്ന് ഈ നേട്ടത്തിലെത്തിയ പാക്കിസ്ഥാൻ താരം അഫ്രീദിനെയാണ് ഹിറ്റ്മാൻ മറികടന്നത്.

200 സിക്സറുകൾ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് രോഹിത്. മുൻ നായകൻ എം.എസ്.ധോണിയാണ് നേരത്തെ ഈ നേട്ടത്തിലെത്തിയ ഏക ഇന്ത്യൻ താരം. ആകെ ഏഴ് താരങ്ങൾ മാത്രമാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 248 ഇന്നിങ്സുകളിൽ നിന്നുമാണ് ധോണി 200 സിക്സറുകൾ നേടിയത്.

അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ താരമായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. മൂന്ന് സെഞ്ചുറികളടക്കം 453 റൺസാണ് വിരാട് വിൻഡീസിനെതിരെ അടിച്ചു കൂട്ടിയത്. നായകനെന്ന നിലയിൽ ഈ വർഷം കോഹ്ലിയുടെ അഞ്ചാം കിരീട നേട്ടമാണിത്. ഇക്കാര്യത്തിലും കോഹ്ലി മുന്നിൽ എത്തി.

രോഹിത്തും കോഹ്ലിയും ചേർന്ന് മറ്റൊരു റെക്കോർഡുകൂടി നേടി. കൂട്ടുകെട്ടിൽ 4000 റൺസ് തികച്ചിരിക്കുകയാണ് ഇരുവരും. ഈ നേട്ടം കൈവരിക്കുന്ന 12-ാം സഖ്യമാണ് രോഹിത്-കോഹ്ലി കൂട്ടുകെട്ട്. ഇതിന് മുമ്പ് ആറ് ഇന്ത്യൻ സഖ്യമാണ് 400 റൺസ് തികച്ചത്.

ഇന്ത്യ-വിന്‍ഡീസ് പരമ്പരയിലെ അവസാന ഏകദിനവും പരമ്പരയും സ്വന്തമാക്കി ഇന്ത്യ. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഒരെണ്ണം സമനിലയായപ്പോള്‍ മൂന്നെണ്ണം ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു. കാര്യവട്ടം ഏകദിനത്തില്‍ ഒമ്പത് വിക്കറ്റിനാണ് ഇന്ത്യന്‍ വിജയം. അര്‍ധ സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മയും നായകന്‍ കോഹ്ലിയും ചേര്‍ന്ന് ഇന്ത്യയെ അനായാസം വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

56 പന്തില്‍ നിന്നും നാല് സിക്‌സും അഞ്ച് ഫോറുമായി 63 റണ്‍സാണ് രോഹിത് നേടിയത്. ആറ് ഫോറടക്കം 29 പന്തില്‍ നിന്നും കോഹ്ലി 33 റണ്‍സും നേടി. ഒപ്പണര്‍ ശിഖര്‍ ധവാനെ മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഓഷാനെ തോമസാണ് ധവാനെ പുറത്താക്കിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ