scorecardresearch
Latest News

കാര്യവട്ടത്ത് ‘തല’യുയര്‍ത്തി ധോണി; ക്യാപ്റ്റന്‍ കൂളിന് സ്വീകരണമൊരുക്കി കേരളം

35 അടി ഉയരമുള്ള കൂറ്റന്‍ കട്ടൗട്ടാണ് കാര്യവട്ടത്ത് ഉയര്‍ത്തിയിരിക്കുന്നത്.

കാര്യവട്ടത്ത് ‘തല’യുയര്‍ത്തി ധോണി; ക്യാപ്റ്റന്‍ കൂളിന് സ്വീകരണമൊരുക്കി കേരളം

തിരുവനന്തപുരം: ഇന്ത്യയുടെ നീലക്കുപ്പായത്തില്‍ ഇനിയൊരു ട്വന്റി-20 മത്സരം കളിക്കാന്‍ എംഎസ് ധോണി ഉണ്ടാകുമോ എന്നത് സംശയമാണ്. ഏകദിന പരമ്പരയ്ക്ക് പിന്നാലെ നടക്കുന്ന വിന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയ്ക്കും അതിന് പിന്നാലെ നടക്കുന്ന ഓസ്‌ട്രേലിയ്‌ക്കെതിരായി നടക്കുന്ന ട്വന്റി-20 പരമ്പരയ്ക്കുമുളള ടീമുകളില്‍ നിന്നും ധോണിയെ പുറത്താക്കിയതോടെയാണ് ക്രിക്കറ്റില്‍ ധോണി യുഗം അവസാനിക്കുകയാണോ എന്ന ആശങ്ക ഉയര്‍ന്നു തുടങ്ങിയത്.

എന്നാല്‍ ഇപ്പോഴും ആരാധകര്‍ക്ക് ധോണിയോടുള്ള സ്‌നേഹത്തിന് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്നതാണ് വാസ്തവം. അതിന്റെ ഉത്തമ ഉദാഹരണമാണ് പരമ്പരയിലെ അവസാനത്തെ ഏകദിനത്തിനായി തിരുവനന്തപുരത്തെത്തിയ ധോണിയ്ക്ക് മലയാളി ആരാധകര്‍ നല്‍കിയ സ്വീകരണം. വിമാനത്താവളത്തില്‍ താരങ്ങളെ സ്വീകരിക്കാന്‍ എത്തിയപ്പോള്‍ തന്നെ ആരാധകര്‍ക്ക് ധോണിയോടുള്ള സ്‌നേഹം വ്യക്തമായിരുന്നു.

ഇതിന് പിന്നാലെ മത്സരം നടക്കുന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് പുറത്ത് വന്‍ കട്ടൗട്ട് ഉയര്‍ത്തിയാണ് ധോണിയെ തിരുവന്തപുരത്തുകാര്‍ സ്വീകരിച്ചത്. 35 അടി ഉയരമുള്ള കൂറ്റന്‍ കട്ടൗട്ടാണ് കാര്യവട്ടത്ത് ഉയര്‍ത്തിയിരിക്കുന്നത്.

ആരാധകരുടെ സ്‌നേഹമാണ് വാനോളം ഉയര്‍ന്നു നില്‍ക്കുന്നത്. കട്ടൗട്ട് ഉയര്‍ത്തുന്നതിന്റെ വീഡിയോ ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. കേരളത്തിലെ ധോണി ആരാധകരുടെ കൂട്ടായ്മയാണ് കട്ടൗട്ട് വെച്ചിരിക്കുന്നത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Karyavattam one day kerala welcomes dhoni with a massive cut our