Latest News

ഹിമ ദാസ്, ഈ പേരില്‍ ഒരു കടുവ കൂടി; കടുവക്കുഞ്ഞിന് താരത്തിന്റെ പേരിട്ട് മൃഗശാല

റോയല്‍ ബംഗാള്‍ കടുവ വിഭാഗത്തില്‍ പെടുന്നതാണ് ഈ കടുവക്കുഞ്ഞ്

വെറും 20 ദിവസത്തിനിടെ അഞ്ച് സ്വര്‍ണ മെഡലുകള്‍ നേടിയ ഹിമ ദാസ് രാജ്യത്തിന്റെ അഭിമാന താരമായി മാറിയിരിക്കുകയാണ്. ട്രാക്കില്‍ സ്വര്‍ണം കൊയ്ത താരത്തിന് ആദരവുമായെത്തിയിരിക്കുകയാണ് കര്‍ണാടകയിലെ ബാനര്‍ഗട്ട ബയോളജിക്കല്‍ പാര്‍ക്ക്.

ആറ് മാസം മാത്രം പ്രായമുള്ള കടുവ കുഞ്ഞിന് ഹിമയുടെ പേര് നല്‍കിയാണ് ലോക കടുവ ദിനത്തില്‍ പാര്‍ക്കിന്റെ ആദരം. റോയല്‍ ബംഗാള്‍ കടുവ വിഭാഗത്തില്‍ പെടുന്നതാണ് ഈ കടുവക്കുഞ്ഞ്. ലോക കടുവാ ദിനത്തിന്റെ ഭാഗമായി മൃഗശാലയുടെ പരിപാടികള്‍ പ്രഖ്യാപിക്കവെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വനശ്രീ വിപിന്‍ സിങ്ങാണ് ഈ വിവരം അറിയിച്ചത്.

ഒരേസമയം വിനോദ സഞ്ചാരികളെ ആകർഷിക്കുകയും കടുവകളുടെ സംരക്ഷണത്തെ കുറിച്ച് അവബോധമുണ്ടാക്കുകയുമാണ് പേരിടലിന് പിന്നിലെ ലക്ഷ്യം.

18 ദിവസത്തിനിടയില്‍ അഞ്ച് തവണയാണ് ഹിമ സ്വര്‍ണം സ്വന്തമാക്കിയത്. അവസനമായി ചെക്ക് റിപ്പബ്ലിക്കില്‍ നടന്ന നോവെ മെസ്റ്റോ നാദ് മെറ്റുജി ഗ്രാന്റ് പ്രിക്സില്‍ 400 മീറ്ററിലാണ് ഹിമ ദാസ് സ്വര്‍ണം നേടിയത്. 52.09 സെക്കന്‍ഡ് കൊണ്ടാണ് ഹിമ ഫിനിഷിങ് ലൈനില്‍ എത്തിയത്.

Read More: ബ്രാന്റുകള്‍ക്കും ഹിമ ഗോള്‍ഡന്‍ ഗേള്‍; ക്രിക്കറ്റിന് പുറത്തേക്ക് വളരുന്ന ബ്രാന്റിങ് സാധ്യതകള്‍

തന്റെ പ്രിയപ്പെട്ട ഇനമായ 400 മീറ്ററില്‍ ഈ സീസണില്‍ ഇതുവരെയുള്ള മികച്ച സമയമാണ് ഹിമ കുറിച്ചത്. തന്റെ കരിയറിലെ മികച്ച സമയത്തേക്കാള്‍ പിന്നിലാണെങ്കിലും ഈ സീസണില്‍ മിന്നും കുതിപ്പ് തുടരുകയാണ് താരം. 50.79 സെക്കന്‍ഡില്‍ 400 മീറ്റര്‍ ഓടിയെത്തിയതാണ് ഇതുവരെയുള്ള താരത്തിന്റെ മികച്ച സമയം.

ജൂലൈ 2ന് ശേഷം താരം നേടുന്ന അഞ്ചാമത്തെ സ്വര്‍ണ മെഡലാണിത്. പോളണ്ടില്‍ നടന്ന പോസനണ്‍ അത്ലറ്റിക്‌സ് ഗ്രാന്‍ഡ് പ്രിക്‌സിലാണ് ഹിമ ആദ്യ സ്വര്‍ണം സ്വന്തമാക്കിയത്. ജൂലൈ എട്ടിന് പോളണ്ടില്‍ തന്നെ നടന്ന കുറ്റ്‌നോ അത്ലറ്റിക് മീറ്റിലും 200 മീറ്ററില്‍ സ്വര്‍ണമണിഞ്ഞത് ഹിമ തന്നെ. ഈ ഇനത്തില്‍ മലയാളി താരം വി.കെ.വിസ്മയ രണ്ടാമതെത്തി വെള്ളി സ്വന്തമാക്കുകയും ചെയ്തു.

ജൂലൈ 13ന് ചെക്ക് റിപ്പബ്ലിക്കില്‍ നടന്ന ക്ലാഡ്‌നോ അത്ലറ്റിക് മീറ്റിലും 200 മീറ്ററില്‍ ഹിമയ്ക്ക് എതിരാളികള്‍ ഇല്ലായിരുന്നു. 23.43 സെക്കന്‍ഡിലാണ് താരം ഫിനിഷിങ് ലൈനില്‍ എത്തിയത്. ഹിമ സ്വര്‍ണം നേടിയ രണ്ട് തവണയും വെള്ളി സ്വന്തമാക്കിയത് മലയാളിയായ വി.കെ.വിസ്മയ ആണെന്നത് ഇരട്ടി മധുരമാണ്.

കഴിഞ്ഞ ദിവസം ചെക്ക് റിപ്പബ്ലിക്കില്‍ തന്നെ നടന്ന ടാബോര്‍ അത്ലറ്റിക് മീറ്റിലും 200 മീറ്ററില്‍ ഹിമ സ്വര്‍ണമണിഞ്ഞു. 23.25 സെക്കന്‍ഡിലെത്തിയാണ് ഹിമ ഒന്നാമത് ഫിനിഷ് ചെയ്തത്. ഇന്ത്യയുടെ തന്നെ വി.കെ.വിസ്മയക്കാണ് ഈ ഇനത്തില്‍ വെള്ളി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Karnataka park names tiger cub hima das282293

Next Story
ബ്രാന്റുകള്‍ക്കും ഹിമ ഗോള്‍ഡന്‍ ഗേള്‍; ക്രിക്കറ്റിന് പുറത്തേക്ക് വളരുന്ന ബ്രാന്റിങ് സാധ്യതകള്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com