ഐപിഎല്ലിൽ ആരാധകരെ അദ്ഭുതപ്പെടുന്ന കാഴ്ചകൾ ഓരോ ദിവസം കഴിയുന്തോറും കൂടുകയാണ്. കഴിഞ്ഞ ദിവസം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ പുറത്താക്കിയ ട്രെൻഡ് ബോൾട്ടിന്റെ ക്യാച്ചിനു പുറകെയായിരുന്നു ആരാധകർ. കോഹ്‌ലിയെ പോലും അദ്ഭുതപ്പെടുത്തുന്നതായിരുന്നു ബോൾട്ടിന്റെ ക്യാച്ച്.

ഇന്നലെ ചെന്നൈ സൂപ്പർ കിങ്സും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിൽ നടന്ന മൽസരത്തിൽ കർണ് ശർമ്മയുടെ ഫീൽഡിങ് കണ്ട് അന്തംവിട്ടിരിക്കുകയാണ് ആരാധകർ. സിക്സിനായി പറന്നു പൊങ്ങിയ ബോളിനെ ശർമ തടഞ്ഞത് നിമിഷങ്ങൾ കൊണ്ടായിരുന്നു. ഒരു നിമിഷത്തേക്ക് ശർമ സൂപ്പർമാനായെന്ന് തോന്നിച്ചു.

മൽസരത്തിൽ 182 ന്റെ സ്കോറാണ് ചെന്നൈ ഉയർത്തിയത്. ഫീൽഡിങ്ങിൽ ചെന്നൈ താരങ്ങൾ മികച്ച പ്രകടനം പുറത്തെടുത്തു. ചെന്നൈയുടെ ഫീൽഡിങ് മികവിൽ രണ്ടു ഓവറിനുളളിൽ ഹൈദരാബാദിന് രണ്ടു ബാറ്റ്സ്മാന്മാരെയാണ് നഷ്ടമായത്. എങ്കിലും നായകൻ കെയ്ൻ വില്യംസൺ ഹൈദരാബാദിന് നെടുംതൂണായി നിന്നു. നാലാം ഓവറിൽ വില്യംസൺ കൂറ്റനൊരു സിക്സ് ഉയർത്തി. പക്ഷേ കർണ് ശർമയുടെ മികച്ച ഫീൽഡിങ്ങിൽ ബോൾ ലക്ഷ്യം കണ്ടില്ല.

ചാടി ഉയർന്ന ശർമ്മ വലതു കൈകൊണ്ട് ബോൾ തടഞ്ഞിട്ടു. ബൗണ്ടറി ലൈനിലേക്ക് ശർമ്മ വീണെങ്കിലും അതിനു മുൻപ് ബോൾ ഗ്രൗണ്ടിനകത്തേക്ക് ഇട്ടിരുന്നു. കാണികളെ ഒന്നടങ്കം അദ്ഭുതപ്പെടുത്തി കൊണ്ടായിരുന്നു ശർമ്മയുടെ പ്രകടനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook