ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ കപിൽദേവ് ഇന്ത്യൻ ഗോൾഫ് ടീമിൽ. ജപ്പാനിൽ ഒക്ടോബറിൽ നടക്കുന്ന ഏഷ്യ പസഫിക് സീനിയർ അമച്വർ ചാംപ്യൻഷിപ്പിനുള്ള ടീമിലേക്കാണ് കപിലിനെ തിരഞ്ഞെടുത്തിരിക്കുന്നത്. നോയിഡയിൽ ഈ മാസം നടന്ന സീനിയർ ഗോൾഫ് ചാംപ്യൻഷിപ്പിൽ അൻപത്തൊൻപതുകാരനായ കപിൽ മൂന്നാം സ്ഥാനത്തെത്തിയിരുന്നു.

ക്രിക്കറ്റില്‍ നിന്നും വിരമിച്ച് 24 വര്‍ഷത്തിന് ശേഷമാണ് കപില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് ഒരു മത്സരത്തിന് ഇറങ്ങുന്നത്. ജപ്പാനിലെ ടോം വാട്ട്സണ്‍ ഗോള്‍ഫ് ക്ലബ്ബില്‍ ഒക്ടോബര്‍ 17 മുതല്‍ 19 വരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്. താന്‍ ഗോള്‍ഫിലേക്ക് വരാനുണ്ടായ സാഹചര്യങ്ങള്‍ കപില്‍ ഈയടുത്ത് വ്യക്തമാക്കിയിരുന്നു. ‘ഒരു സുഹൃത്താണ് എന്നെ ഗോള്‍ഫ് കളിക്കാനായി ആദ്യമായി ക്ഷണിച്ചത്. എന്നാല്‍ ക്രിക്കറ്റിന് ശേഷം മറ്റൊരു കളിയില്‍ ജനങ്ങള്‍ക്ക് മുമ്പില്‍ കളിക്കാന്‍ ഇല്ലെന്നാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ ആദ്യോ ഗോള്‍ഫ് ക്ലബ്ബിനകത്തുളളവര്‍ മാത്രമാണ് കാണുകയെന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നീട് ഞാന്‍ കളിച്ച് തുടങ്ങി’, കപില്‍ദേവ് പറഞ്ഞു.

‘ഗോള്‍ഫില്‍ നമ്മുടെ ശരീരത്തിന്റേയും, ശക്തിയുടേയും ഊര്‍ജ്ജത്തിന്റേയും മുഴുവനായ നിയന്ത്രണം നമ്മുടെ കൈയ്യിലാണ്. അതുകൊണ്ട് മറ്റൊരാള്‍ക്കെതിരേയും നമുക്ക് ശബ്ദം ഉയര്‍ത്താന്‍ കഴിയില്ല. അതാണ് എന്നെ ഗോള്‍ഫിലേക്ക് ആകര്‍ഷിച്ചത്. അതാണ് എനിക്ക് ശക്തി നല്‍കിയത്. എനിക്ക് സ്വയം വിമര്‍ശിച്ച് നന്നായി കളിച്ചില്ലെന്ന വിശകലനം നടത്താനാവും’, കപില്‍ വ്യക്തമാക്കി.

ഏഷ്യ പസഫിക് ടൂര്‍ണമെന്റില്‍ 55 വയസിന് മുകളിലുളളവര്‍ക്കാണ് യോഗ്യത നേടാനാവുക. 2015ല്‍ ചൈനയില്‍ നടന്ന എഡിഷനിലും കപില്‍ദേവ് യോഗ്യത നേടിയിരുന്നു. ക്രിക്കറ്റിന് ശേഷം ഗോള്‍ഫിലും ഇന്ത്യയ്ക്ക് നേട്ടം കൊയ്യാന്‍ കപില്‍ ദേവിന് സാധിക്കുമെന്നാണ് ആരാധകരുടെ വിശ്വാസം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook