കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് വിവിധ രാജ്യങ്ങൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വീടിനുള്ളിൽ അകപ്പെട്ട കായിക താരങ്ങൾ സമയം ചെലവഴിക്കാൻ വ്യത്യസ്തങ്ങളായ വഴികൾ തേടുകയാണ്. കുടുംബത്തോടൊപ്പം കളിച്ചും ചിരിച്ചും അടുക്കളയിൽ സഹായിച്ചും സമൂഹമാധ്യമങ്ങളിലെ ലൈവിലൂടെ ആരാധകരോടും സംവദിച്ചുമൊക്കെ സമയം കളയുന്ന താരങ്ങളിൽ ചിലർ ചലഞ്ചുകൾ ഏറ്റെടുക്കാനും ഈ സമയം ഉപയോഗിക്കുന്നു. ഗെറ്റ്അപ്പിലെ മാറ്റം മുതൽ പല തരത്തിലുള്ള ചലഞ്ചുകളാണ് താരങ്ങൾ ചെയ്യുന്നത്. ലുക്കിലെ മാറ്റത്തിലൂടെ ഇത്തവണ ആരാധകരെ ഞെട്ടിച്ചത് ഇന്ത്യയുടെ ലോകകപ്പ് ഹീറോ കപിൽ ദേവായിരുന്നു.
Also Read: ഐപിഎൽ കളിക്കുന്നിടത്തോളം ബാംഗ്ലൂരിനൊപ്പം തന്നെ; കാരണം വ്യക്തമാക്കി വിരാട് കോഹ്‌ലി
തല മൊട്ടയടിച്ച് നരച്ച താടിയുമായി മാസ് ലുക്കിൽ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഫൊട്ടോ ആളുകൾ ഏറ്റെടുത്തിരുന്നു. ചലരെങ്കിലും താരത്തെ മനസിലാകാതെ ബുദ്ധിമുട്ടിയെങ്കിലും ആളെ വ്യക്തമായതോടെ ഞെട്ടി. തന്റെ ആ മാറ്റത്തിന് പിന്നിലുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് കപിൽ ദേവ്. വിൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്സും മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയുമാണ് ഇതിന് പിന്നിലെന്നാണ് കപിൽ ദേവ് പറയുന്നത്.
“എന്റെ ഹീറോ കൂടിയായ വിവിയൻ റിച്ചാർഡ്സിന്റെ ലുക്ക് ഞാൻ ഇൻസ്റ്റഗ്രാമിൽ കണ്ടു. അപ്പോൾ എനിക്ക് തോന്നി എന്തുകൊണ്ട് ഞാൻ എന്റെ ഹീറോയെ പോലെയായികൂടാ? എനിക്ക് ധോണിയെയും ഇഷ്ടമാണ്. ആളും എന്റെ ഹീറോയാണ്. 2011 ലെ ലോകകപ്പിന് ശേഷം ധോണിയും തല മൊട്ടയടിച്ചിരുന്നു. അന്ന് ഞാൻ തീരുമാനിച്ചിരുന്നു ഒരു ദിവസം ഞാനും ഇതുപോലെ ചെയ്യുമെന്ന്. ഇപ്പോൾ അതിന് അവസരം കിട്ടിയപ്പോൾ ചെയ്തു,” കപിൽ ദേവ് പറഞ്ഞു.
Also Read: തന്റെ ഒരു വിരൽ നഷ്ടപ്പെട്ടത് എങ്ങനെയെന്ന് വെളിപ്പെടുത്തി പാർത്ഥിവ് പട്ടേൽ
ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാൾ കൂടിയാണ് ഓൾറൗണ്ടറുടെ റോളിൽ ക്രിക്കറ്റ് ലോകത്ത് നിറഞ്ഞ് നിന്ന കപിൽ ദേവ്. ഇന്ത്യയ്ക്കായി 131 ടെസ്റ്റ് മത്സരങ്ങളും 225 ഏകദിന മത്സരങ്ങളും കളിച്ച താരം ടെസ്റ്റിൽ 5248 റൺസും ഏകദിനത്തിൽ 3783 റൺസും നേടിയിട്ടുണ്ട്. ടെസ്റ്റിൽ 434 വിക്കറ്റുകൾ സ്വന്തമാക്കിയ താരത്തിന്റെ ഏകദിനത്തിലെ സമ്പാദ്യം 253 വിക്കറ്റുകളാണ്. 1983ൽ കപിൽ ദേവിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ആദ്യമായി ലോകകപ്പ് സ്വന്തമാക്കുന്നത്.