ന്യൂഡല്‍ഹി: ഇന്ത്യ-പാക്കിസ്ഥാന് പോരാട്ടങ്ങള്‍ ഏത് കായിക ഇനത്തിലാണെങ്കിലും വലിയ ശ്രദ്ധ നേടാറുണ്ട്. കളത്തില്‍ ഈ ക്ലാസിക് പോരാട്ടത്തിന്റെ ഭാഗമായവര്‍ക്ക് അതിന്റെ ആവേശം നന്നായി അറിയാവുന്ന ഒന്നാണ്. അതില്‍ സുപ്രധാനിയായ ഒരാളാണ് ലോകകപ്പ് ജേതാവും മുന്‍ ഇന്ത്യന്‍ നായകനുമായ കപില്‍ ദേവ്. ഇന്ത്യ-പാക്കിസ്ഥാന് മത്സരത്തിന്റെ പ്രധാന്യത്തെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് കപില്‍.
ഇന്ത്യ-പാക് പോരാട്ടങ്ങളില്‍ മികവ് പുലര്‍ത്താന്‍ സാധിച്ചതിനെക്കുറിച്ചും കപില്‍ എബിപി ടിവിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. നിലവില്‍ ഇരു ടീമുകളും ഏകദിന, ട്വന്റി 20, ടെസ്റ്റ് പരമ്പരകള്‍ കളിക്കാറില്ല. ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഏറ്റുമുട്ടാറുള്ളത്. അതുകൊണ്ട് തന്നെ ഇന്ത്യ-പാക് മത്സരങ്ങള്‍ ആരാധകരും വലിയ ആവശത്തോടെയാണ് കാണുന്നത്.
“സന്തോഷത്തേയും സമ്മര്‍ദത്തേയും ആശ്രയിച്ചാണ് കളി. ഒന്നെങ്കില്‍ നിങ്ങള്‍ സമ്മര്‍ദ്ദത്തോടെ കളിയെ സമീപിക്കാം. അല്ലെങ്കില്‍ കളി ആസ്വദിക്കാം. എന്നാല്‍ ഒരുപാട് സമ്മര്‍ദം ഉണ്ടായാല്‍ അത് പ്രകടനത്തെ ബാധിക്കും. കളി ആസ്വദിക്കുകയാണെങ്കില്‍ സമ്മര്‍ദത്തെ അതിജീവിക്കുന്നതിന് പുറമെ വിജയിക്കാനുള്ള സാധ്യതകളും വര്‍ധിക്കുകയാണ്,” കപില്‍ പറഞ്ഞു.
“ഇന്ത്യ പാക് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വക്കുന്നവര്‍ക്ക് അന്താരാഷ്ട്ര തലത്തിലായിരിക്കും അനുമോദനം ലഭിക്കുക. അത് ഒരു യുവതാരം ആണെങ്കില്‍ പോലും. പക്ഷെ ഒരു മുതിര്‍ന്ന കളിക്കാരന് നല്ല പ്രകടനം നടത്തിയില്ലെങ്കില്‍ അത് അയാളുടെ പ്രശസ്തിയെ വരെ ബാധിക്കും,” കപില്‍ കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ 24-ാം തിയതിയാണ് ട്വന്റി 20 ലോകകപ്പില്‍ ഇരു ടീമുകളും മാറ്റുരയ്ക്കുന്നത്.