നെഞ്ച് വേദനയെ തുടർന്ന് ആൻജിയോ പ്ലാസ്റ്റി സർജറിക്ക് വിധേയനായ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ് ആശുപത്രി വിട്ടു. ഇന്ന് ഉച്ചകഴിഞ്ഞാണ് കപിൽ ആശുപത്രി വിട്ടത്. ഡൽഹിയിലെ ഫോർട്ടിസ് എസ്‌കോർട്ട് ഹാർട്ട് ആശുപത്രിയിലായിരുന്നു കപിലിനെ നേരത്തെ പ്രവേശിപ്പിച്ചത്.

ആശുപത്രിയിൽ പ്രവേശിപ്പിച്ച് മൂന്നാം ദിവസമാണ് കപിലിനെ ഡിസ്‌ചാർജ് ചെയ്‌തത്. “കപിൽ സുഖമായിരിക്കുന്നു. ഏറെ താമസിയാതെ അദ്ദേഹത്തിനു സാധാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധിക്കും. ഡോ.അതുൽ മാതൂർ ആണ് കപിലിനെ ചികിത്സിക്കുന്നത്. തുടർന്നും സാധാരണ പരിശോധനകൾക്ക് വിധേയനാക്കും,” ആശുപത്രി ഔദ്യോഗികമായി അറിയിച്ചു.

ഡോ.അതുൽ മാതൂറിനൊപ്പം കപിൽ നിൽക്കുന്ന ചിത്രങ്ങൾ സാമൂഹ്യമാധ്യങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചിത്രത്തിൽ കപിൽ ആരോഗ്യവാനായാണ് കാണപ്പെടുന്നത്. തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും കപിൽ നന്ദി പറഞ്ഞു. “നിങ്ങളുടെ സ്‌നേഹത്തിനും പരിഗണനയ്‌ക്കും നന്ദി. നിങ്ങളുടെ നല്ല വാക്കുകളും സ്‌നേഹവും എന്നെ സന്തോഷവാനാക്കുന്നു,” കപിൽ പറഞ്ഞു.

Image

കപിൽ ദേവ് മകൾക്കൊപ്പം ( ആശുപത്രിയിൽ നിന്നുള്ള ദൃശ്യം)

ഇന്ത്യയിലെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് കപിൽ ദേവ്. 1983 ലെ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ കിരീടം ചൂടുമ്പോൾ കപിൽ ദേവ് ആയിരുന്നു നായകൻ. ഇന്ത്യയ്‌ക്ക് ആദ്യമായി ലോകകപ്പ് നേടിത്തന്ന നായകനെന്ന വിശേഷണം കപിലിന് സ്വന്തം. 1983 ൽ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചാണ് ഇന്ത്യ ആദ്യ ലോകകപ്പ് സ്വന്തമാക്കിയത്. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷവും കമന്ററി രംഗത്ത് സജീവമാണ് കപിൽ ദേവ്.

ഇന്ത്യയ്‌ക്കുവേണ്ടി 131 ടെസ്റ്റ് മത്സരങ്ങളും 225 ഏകദിന മത്സരങ്ങളും കപിൽ കളിച്ചിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ 400 ലേറെ ( 434) വിക്കറ്റുകളും 5,000 ത്തിലേറെ റൺസും നേടിയിട്ടുള്ള ഏക താരമാണ് കപിൽ ദേവ്. 1999 മുതൽ 2000 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായിരുന്നു കപിൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook