ക്രൈസ്റ്റ്ചര്‍ച്ച്: ഇന്ന് ക്രിക്കറ്റിലുള്ള ഏറ്റവും മികച്ച ബാറ്റ്‌സ്ന്മാരായാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി, ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്, ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്, കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ എന്നിവരെ വിലയിരുത്തുന്നത്. ഇതിലാരാണ് കേമനെന്നത് ക്രിക്കറ്റ് പണ്ഡിതരെ പോലും കുഴക്കുന്ന ചോദ്യമാണ്. കളിയുടെ എല്ലാ ഫോര്‍മാറ്റിലും ഒരുപോലെ മികവു പുലര്‍ത്തുന്നവരാണ് ഇവര്‍.
പ്രതിഭാധനരായ ഒരുപാട് താരങ്ങളെ ലോകത്തിന് സമ്മാനിച്ച ടീമാണ് ന്യൂസിലാന്റ്. സമീപ കാലത്ത് കിവികളില്‍ നിന്നും ഉയര്‍ന്നു വന്ന ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് കെയ്ന്‍ വില്യംസണ്‍. ബാറ്റുകൊണ്ടെന്ന പോലെ തന്റെ ശാന്തമായ പെരുമാറ്റം കൊണ്ടും ഒരുപാട് ആരാധകരെ വില്യംസണ്‍ സ്വന്തമാക്കിയിട്ടുണ്ട്. ലോകത്തെമ്പാടും ആരാധകരുള്ള വില്യംസണിന്റെ പ്രിയപ്പെട്ട ബാറ്റ്‌സ്മാന്‍ ഇന്ത്യാക്കാരനാണ്.
ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് തന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് താരമെന്ന് വില്യാംസണ്‍ ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കളിച്ച കാലഘട്ടം കൊണ്ട് ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മഹാനായ താരങ്ങിലൊരാളായി മാറിയ സച്ചിനെ വില്യംസണ്‍ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്.
ഇതിലെ മറ്റൊരു രസകരമായ വസ്തുത വില്യാംസന്റെ അരങ്ങേറ്റ ടെസ്റ്റ് സച്ചിന്‍ ഉള്‍പ്പെട്ട ഇന്ത്യക്കെതിരെ ആയിരുന്നു എന്നതാണ്. സച്ചിന്‍ കഴിഞ്ഞാല്‍ പിന്നെ തനിക്കേറ്റവും പ്രിയപ്പെട്ട താരം മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗാണെന്നും വില്യാംസണ്‍ പറഞ്ഞു.
അതുപോലെ തന്നെ ഏതൊരു ബൗളറുടേയും പേടി സ്വപ്‌നമായ വില്യംസണ്‍ ഒരേയൊരു ബൗളറെ മാത്രമാണ് നേരിടാന്‍ ആഗ്രഹിച്ചിരുന്നത്. അത് ഓസീസ് ബൗളിങ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്താണ്. സച്ചിനും മഗ്രാത്തും തമ്മിലുള്ള പോരുകള്‍ എന്നും വില്യംസണിന് ആവേശമായിരുന്നു.