ഇന്ന് ക്രിക്കറ്റ് കളിക്കുന്നവരില്‍ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളാണ് കെയിന്‍ വില്യംസണ്‍. കോഹ്‌ലിക്കും ജോ റൂട്ടിനുമൊപ്പം ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ചവരില്‍ ഒരാള്‍ ആയാണ് വില്യംസണിനേയും വിലയിരുത്തുന്നത്. ബാറ്റിങ്ങില്‍ മാത്രമല്ല ഫീല്‍ഡിങ്ങിലും വില്യംസണ്‍ പുലിയാണ്.

പാക്കിസ്ഥാനെതിരായ ട്വന്റി-20 മത്സരത്തിനിടെയായിരുന്നു കിവീസ് നായകന്റെ മാസ്മരികമായ ഫീല്‍ഡിങ് കണ്ടത്. പരമ്പരയിലെ രണ്ടാം മത്സരത്തിലായിരുന്നു വില്യംസണിന്റെ ക്യാച്ച് സംഭവിച്ചത്. മത്സരം കിവികള്‍ തോറ്റെങ്കിലും നായകന്റെ പ്രകടനം ആരാധകര്‍ക്ക് കൈയ്യടിക്കാനുള്ള വകുപ്പ് തന്നെയായിരുന്നു.

അഞ്ചാം ഓവറില്‍ ഫക്കര്‍ സമന്‍ മിഡ് ഓഫീലേക്ക് അടിച്ച പന്ത് തന്റെ ഇടതുവശത്തേക്ക് ഫുള്‍ ലെങ്തില്‍ ചാടിയ വില്യംസണ്‍ ഒറ്റക്കയ്യില്‍ പിടിയിലൊതുക്കുകയായിരുന്നു. ഗ്രൗണ്ടില്‍ നിന്നും ഇഞ്ചുകളുടെ വ്യത്യാസത്തിലായിരുന്നു വില്യംസണിന്റെ ക്യാച്ച്.

ഇന്നലത്തെ വിജയത്തോടെ പരമ്പരയില്‍ 2-0 ത്തിന് പാക്കിസ്ഥാന്‍ മുന്നിലെത്തി. ഇതോടെ തുടര്‍ച്ചയായ 11 ട്വന്റി-20 പരമ്പരകള്‍ എന്ന അപൂര്‍വ്വ റെക്കോര്‍ഡും പാക്കിസ്ഥാന്‍ സ്വന്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook