ഹൈദരാബാദ്: ഐപിഎല്‍ ടീമായ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ നായകനായി ന്യൂസിലൻഡ് താരം കെയ്ന്‍ വില്യംസണെ തിരഞ്ഞെടുത്തു. പന്ത് ചുരണ്ടൽ വിവാദത്തിൽ കുറ്റക്കാരനായ ഓസീസ് ഉപനായകൻ ഡേവിഡ് വാർണർ സൺറൈസേഴ്സ് ഹൈദരാബാദിന്റെ നായക സ്ഥാനം ഒഴിഞ്ഞതോടെയാണ് കെയ്നിന് നറുക്ക് വീണത്. സൺ റൈസേഴ്സ് ടീം സിഇഒ ആയ കെ.ഷണ്മുഖമാണ് ഇക്കാര്യം മാധ്യങ്ങളെ അറിയിച്ചത്.

സംഭവത്തിൽ ഉൾപ്പെട്ട ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്തിനും നേരത്തെ ഐപിഎൽ ടീമിന്റെ നായക സ്ഥാനം ഒഴിയേണ്ടി വന്നിരുന്നു. സ്മിത്തിന് പകരം ഇന്ത്യൻ താരം അജിങ്ക്യ രഹാനെയെ റോയൽസ് കഴിഞ്ഞ ദിവസം തങ്ങളുടെ നായകനായി പ്രഖ്യാപിച്ചിരുന്നു.

സൺ റൈസേഴ്സിനെ 45 മൽസരങ്ങളിൽ നയിച്ച വാർണർ 26 മൽസരങ്ങളിലാണ് അവർക്ക് വിജയം സമ്മാനിച്ചത്. 2016 ൽ ഹൈദരാബാദ് തങ്ങളുടെ ആദ്യ ഐപിഎൽ കിരീടം നേടുമ്പോൾ വാർണറായിരുന്നു ക്യാപ്റ്റൻ. 2017 ൽ ഹൈദരാബാദിനെ പ്ലേ ഓഫിലെത്തിക്കാനും വാർണറിന് കഴിഞ്ഞിരുന്നു. ഐപിഎല്ലിൽ 114 മൽസരങ്ങൾ കളിച്ചിട്ടുള്ള താരം 31.54 റൺസ് ശരാശരിയിൽ 4014 റൺസുകളും നേടിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ