ന്യൂഡൽഹി: മെക്സിക്കോയില്‍ നടന്ന അന്താരാഷ്ട്ര പാരാ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ കാഴ്ച ശക്തിയില്ലാത്ത ഇന്ത്യന്‍ താരം കാഞ്ചന്‍മാല പാണ്ഡെ സ്വര്‍ണത്തോടെ ചരിത്രം കുറിച്ചു. ഇത് ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ലോക പാരാ സ്വിമ്മിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്നത്. 200 മീറ്റര്‍ വിഭാഗത്തിലാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാരിയായ കാഞ്ചന്‍മാല ജേതാവായത്.

നാഗ്പൂരില്‍ നിന്നുള്ള കാഞ്ചന്‍മാല പരിപൂര്‍ണ്ണ അന്ധയാണ്. പാരാ അത്‌ലറ്റിക്‌സില്‍ ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഇത്തവണ അവസരം ലഭിച്ച ഏക ഇന്ത്യക്കാരി കൂടിയാണവര്‍.

കഴിഞ്ഞ ജൂലൈയില്‍ ജര്‍മ്മനിയില്‍ നടന്ന പാരാ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ കാഞ്ചനമാലയോട് സര്‍ക്കാര്‍ കാണിച്ച അവഗണന വിവാദമായിരുന്നു. ജൂലൈ മൂന്ന് മുതല്‍ 9 വരെയായിരുന്നു ചാമ്പ്യന്‍ഷിപ്പ്. എന്നാല്‍ സർക്കാർ അനുവദിച്ച തുക ഇവര്‍ക്ക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിന് മുമ്പ്‌ ലഭിച്ചില്ല. പണം ലഭിക്കാതെ വന്നതിനാൽ കാഞ്ചന്‍മാല ഉള്‍പ്പെടെയുള്ള ടീമംഗങ്ങള്‍ ബെര്‍ലിനില്‍ ഭിക്ഷ യാചിച്ചത് വാര്‍ത്തയായിരുന്നു.

വാര്‍ത്തകളിലൂടെ ഈ വിവരം അറിഞ്ഞ ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര അടക്കമുളളവര്‍ ശക്തമായ പ്രതിഷേധം അറിയിച്ചു.

എന്നാല്‍ ഈ പരീക്ഷണങ്ങളെയെല്ലാം അതിജീവിച്ച് കൊണ്ട് അന്ന് കാഞ്ചന വെള്ളി മെഡല്‍ നേടി. വാഗ്‌ദാനം ചെയ്ത പണം ലഭിക്കാതെ വന്നതിനാല്‍ 5 ലക്ഷം രൂപ വായ്പയെടുത്താണ് ഇവര്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. സര്‍ക്കാര്‍ നല്‍കേണ്ട തുക ലഭിക്കുമോ എന്ന ഉറപ്പു പോലും തനിക്കില്ലെന്ന് കാഞ്ചന്‍മാല പറയുന്നു. 2011ലെ ലോക പാരാ ഗെയിംസില്‍ വെങ്കല മെഡല്‍ ജേത്രിയാണ് ഇവര്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook