കൈയ്യെത്തും ദൂരത്ത് പന്ത് എത്തിയിട്ടും കൈവിട്ടു കളഞ്ഞ പാക്കിസ്ഥാൻ മുൻ വിക്കറ്റ് കീപ്പർ കമ്രാൻ അക്‌മലിനെ കണ്ട് അന്തം വിടുകയാണ് ക്രിക്കറ്റ് ലോകം. അനായാസേന ലഭിക്കുമായിരുന്ന വിക്കറ്റ് നഷ്ടപ്പെടുത്തിയ അക്‌മലിനെ കണ്ട് ബോളർ മുഹമ്മദ് ആമിറും അമ്പരന്നു പോയി. ടി 10 ക്രിക്കറ്റ് ലീഗിലെ സെമിഫൈനൽ മൽസരത്തിനിടെയായിരുന്നു സംഭവം.

കേരള കിങ്സ് ആയിരുന്നു മറാത്ത അറേബ്യൻസിന്റെ എതിരാളികൾ. പാക് താരം മുഹമ്മദ് ആമിറായിരുന്നു പന്തെറിഞ്ഞത്. സ്‌ട്രൈക്കിങ് എന്‍ഡില്‍ പോള്‍ സ്റ്റിര്‍ലിംഗുമായിരുന്നു. ആമിര്‍ എറിഞ്ഞ പന്ത് സ്റ്റിര്‍ലിംഗിന്റെ ബാറ്റില്‍ കൊണ്ട് പിന്നോട്ട് പോയി. അക്മാലിന്റെ കൈകളിൽ പന്തെത്തുമെന്ന് ആമിർ ഉറപ്പിച്ചു. കൈയ്യൊന്നു നീട്ടിയാൽ അക്മലിന്റെ കൈയ്ക്കുളളിൽ പന്തിരുന്നേനെ. എന്നാൽ പന്തിനായി ചാടിയ അക്മൽ പെട്ടെന്ന് കൈ നീട്ടാതെ നിന്നു. അപ്പോഴേക്കും പന്ത് അക്മലിനെ കടന്ന് ബൗണ്ടറി ലൈനിൽ എത്തിയിരുന്നു.

അക്മൽ ചെയ്തത് എന്താണെന്ന് മനസ്സിലാകാതെ ആമിർ അമ്പരന്നു നിന്നു. ഉടൻ തന്നെ അക്മൽ തന്റെ ഭാഗം ന്യായീകരിക്കാനായി ആമിറിന്റെ അടുത്തെത്തി. അക്മൽ തന്റെ ഭാഗം വിശദീകരിച്ചിട്ടും ആമിറിന്റെ അമ്പരപ്പ് മാറിയില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ