ന്യൂഡല്‍ഹി:ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റായി മുന്‍ ഇന്ത്യന്‍ താരം കല്യണ്‍ ചൗബെ. അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ മുന്‍ ഇന്ത്യന്‍ നായകന് ബൈചുങ് ബൂട്ടിയയെ പരാജയപ്പെടുത്തിയാണ് കല്യണ്‍ ചൗബെ എഐഎഫ്എഫ് വിജയിച്ചത്. ഒന്നിനെതിരെ 33 വോട്ടുകള്‍ക്കാണ് ചൗബെ ബൂട്ടിയയെ തോല്‍പ്പിച്ചത്. 1999-2006 വരെ ഇന്ത്യന്‍ ദേശീയ ടീമിന്റെ ഗോളിയായിരുന്നു ചൗബെ. കൊല്‍ക്കത്ത സ്വദേശിയായ ചൗബെ ബിജെപി നേതാവ് കൂടിയാണ്
എഐഎഫ്എഫ് ന്റെ 85 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുന്‍ ദേശീയ താരം പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. ഈസ്റ്റ് ബംഗാള്‍ ടീമിലായിരുന്ന സമയത്ത് ചൗബെയും ബൂട്ടിയയും സഹകളിക്കാരായിരുന്നു. മുന്‍ ദേശീയ താരങ്ങള്‍ക്ക് വോട്ടവകാശം നല്കാന് നേരത്തെ എഐഎഫ്എഫ് ആലോചിച്ചിരുന്നെങ്കിലും ഫിഫ ഇടപെട്ടതിനെ തുടര്‍ന്ന് ഈ തീരുമാനം റദ്ദാക്കുകയായിരുന്നു.
പശ്ചിമ ബംഗാളില്‍ നിന്നുള്ള ബിജെപി നേതാവാണ് ചൗബെ. ഫെഡറേഷന്റെ നടത്തിപ്പില്‍ ബാഹ്യ ഇടപെടല്‍ ചുണ്ടികാട്ടി ഫിഫ എഐഎഫ്എഫിനെ വിലക്കിയിരുന്നു. എന്നാല്‍ സുപ്രിംകോടതി അഡ്മിനിസ്ട്രേറ്റര്‍മാരുടെ സമിതിയെ നിയോഗിച്ചതിനെത്തുടര്‍ന്ന് ഫിഫ വിലക്ക് പിന്‍വലിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചൗബെ പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുള്ള ഇലക്ട്രല്‍ കോളജില്‍ മാറ്റം വരുത്തിയതോടെ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബൂട്ടിയ മത്സരിക്കില്ലെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെ കല്യണ്‍ ചൗബെ പ്രസിഡന്റായി ഏകപക്ഷീയ പാനല്‍ അവതരിപ്പിക്കാന്‍ സംസ്ഥാന അസോസിയേഷനുകള്‍ പദ്ധതിയിട്ടതിനു പിന്നാലെ ബൂട്ടിയ വീണ്ടും മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.