കൊച്ചി: ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ക്രിക്കറ്റ് വേദി കൂടി ആക്കണമെന്ന ആവശ്യം ശക്തമാകുന്നു. സ്റ്റേഡിയത്തിൽ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താന്‍ അനുവദിക്കണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഐഎസ്എൽ ടീമായ കേരള ബ്ലാസ്‌റ്റേഴ്സ് ഫുട്‌ബോള്‍ ടീം കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം കൂടി ഹോം ഗ്രൗണ്ട് ആക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ആവശ്യവുമായി വീണ്ടും കെസിഎ രംഗത്തെത്തിയിരിക്കുന്നത്.

കലൂര്‍ രാജ്യാന്തര സ്റ്റേഡിയം ജിസിഡിഎ കേരള ക്രിക്കറ്റ് അസോസിയേഷന് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയതാണ്. കെസിഎ ഏകദേശം പതിനൊന്നു കോടിയോളം മുടക്കുകയും കൂടാതെ 1 കോടി രൂപ ജിസിഡിഎക്ക് ഡെപ്പോസിറ്റായിയും നല്‍കിയിട്ടുണ്ട്. ഐഎസ്എല്‍ മത്സരങ്ങള്‍ ആരംഭിച്ചതിന് ശേഷം കൊച്ചിയില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടന്നിട്ടില്ല. കൊച്ചി സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മത്സരങ്ങള്‍ കൂടി നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജിസിഡിഎക്ക് കത്ത് നൽകി.

Also Read: ഇനി ചർച്ചകൾ വേണ്ട, നാലാം നമ്പറിൽ ഞാൻ തന്നെ: ശ്രേയസ് അയ്യർ

കൊച്ചിയില്‍ ക്രിക്കറ്റും ഫുട്‌ബോളും ഒരേ പോലെ നടത്തണമെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആഗ്രഹിക്കുന്നത്. നിലവില്‍ മത്സരങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റിയത് വടക്കേ മലബാറിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് മത്സരം കാണാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. മാത്രമല്ല, ഐഎസ്എല്‍ വരുന്നതിന് മുമ്പ് സ്റ്റേഡിയം പരിപാലിച്ചിരുന്നത് കേരള ക്രിക്കറ്റ് അസോസിയേഷനാണ്. ഈ സാഹചര്യത്തിലാണ് കൊച്ചിയില്‍ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താന്‍ കലൂര്‍ സ്റ്റേഡിയം അനുവദിക്കണമെന്ന് ജിസിഡിഎയോട് ആവശ്യപ്പെടുന്നതെന്ന് കെസിഎ വ്യക്തമാക്കി.

കേരള ബ്ലാസ്‌റ്റേഴ്സ് കോഴിക്കോട് സ്‌റ്റേഡിയം രണ്ടാം ഹോം ഗ്രൗണ്ട് ആക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഐഎസ്എല്‍ ഷെഡ്യൂളിനെ ബാധിക്കാത്ത തരത്തില്‍ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ അനുവദിക്കണമെന്ന് കെസിഎ പ്രസിഡന്റ്‌ സജൻ വർഗീസ് ആവശ്യപ്പെട്ടു.

Also Read: റിഷഭ് പന്തുമായി മത്സരമില്ല, ഒപ്പം കളിക്കാന്‍ ആഗ്രഹം: സഞ്ജു സാംസൺ

നേരത്തെയും സമാന ആവശ്യവുമായി കെസിഎയും ക്രിക്കറ്റ് ആരാധകരും രംഗത്തെത്തിയിരുന്നെങ്കിലും വലിയ വിമർശനമാണ് ഇതിനെതിരെ ഉയർന്നു വന്നത്. തിരുവനന്തപുരത്ത് ഗ്രീൻഫീൽഡ് സ്റ്റേഡിയമുള്ളപ്പോൾ വീണ്ടും കെസിഎ ക്രിക്കറ്റ് മത്സരങ്ങൾക്കായി കൊച്ചിയിലേക്കെത്തുന്നതിനെതിരെ ആയിരുന്നു പ്രതിഷേധം. ഫിഫ അണ്ടർ 17 ലോകകപ്പിനായി കോടികൾ ചെലവഴിച്ച് രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തിയ സ്റ്റേഡിയമാണ് കലൂർ. ഫിഫ അംഗീകരിച്ച രാജ്യത്തെ ചുരുക്കം സ്റ്റേഡിയങ്ങളിൽ ഒന്നാണ് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം.

ടെസ്റ്റ് മത്സരങ്ങൾക്കുള്ള വേദിയായി കലൂർ സ്റ്റേഡിയത്തെ പരിഗണിക്കുന്നതിനിടയിലാണ് സൂപ്പർലീഗ് മത്സരങ്ങൾ വരുന്നതും ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായി മാറുന്നതും. പിന്നീട് ഫിഫ അണ്ടർ -17 ലോകകപ്പ് മത്സരങ്ങൾക്കായി പ്രതലം പുതുക്കി പണിതതോടെ ക്രിക്കറ്റ് മത്സരങ്ങൾ നടത്താൻ കഴിയാതായി. പാട്ടക്കാലാവധി നിലനിൽക്കെയാണ് സ്റ്റേഡിയം ഫുട്‌ബാൾ മത്സരങ്ങൾക്കായി വിട്ടു നൽകിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook