ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ പണം വാരിയെറിയുകയാണ് യൂറോപ്യന്‍ ടീമുകള്‍. സ്‌പെയിനില്‍ ബാഴ്‌സയാണെങ്കില്‍ ഇറ്റലിയിൽ യുവന്റസാണ് പണമെറിയുന്നതില്‍ മുന്നില്‍. എന്നാല്‍ താരങ്ങളില്‍ മാത്രമല്ല പരിശീലകരിലും താരനിരയെ അണിനിരത്താനാണ് ഇറ്റാലിയന്‍ ടീമായ എസി മിലാന്റെ തീരുമാനം. ഇതിനായി മിലാന്‍ ടീമിലെത്തുന്നത് സാക്ഷാല്‍ കക്കയെ തന്നെയാണ്. ഒരുകാലത്ത് മിലാന് വേണ്ടി ഗോളുകള്‍ അടിച്ചുകൂട്ടിയ ബ്രസീലിയന്‍ സൂപ്പര്‍ താരത്തെയാണ് മിലാന്‍ തിരിച്ചു കൊണ്ടു വരുന്നത്.

കക്കയെ കൂടാതെ മിലന്റെ മറ്റൊരു ഇതിഹാസം പൗലോ മല്‍ദീനി കഴിഞ്ഞ ആഴ്ച അവരുടെ ‘സ്ട്രാറ്റജിക്ക് ഡയറക്റ്റര്‍’ ആയി ചുമതല ഏറ്റിരുന്നു.

സെപ്റ്റംബര്‍ മുതല്‍ കക്ക എസി മിലാന്റെ പരിശീലകനാകുമെന്ന് എസി മിലാന്‍ ടെക്നിക്കല്‍ സ്പോര്‍ട്സ് ഡയറക്ടർ ലിയോണാര്‍ഡോ ആണ് വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് രാജ്യാന്തര ഫുട്ബോളില്‍ നിന്നും കക്ക വിരമിച്ചത്. മെസി-ക്രിസ്റ്റ്യാനോ-കക്ക ത്രയമായിരുന്നു ഒരു കാലത്ത് ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങള്‍. ആ കാലത്ത് മിലാന്‍ തങ്ങളുടെ സമീപ കാലത്തെ ഏറ്റവും മികച്ച ടീമുകളിലൊന്നുമായിരുന്നു. പിന്നീട് പരുക്കും ഫോമില്ലായ്മയും വില്ലനായതോടെ കക്ക ടീം വിടുകയായിരുന്നു.

2003 മുതല്‍ 2009 വരെയും തുടര്‍ന്ന് 2013 / 14 സീസണിലുമാണ് കക്ക എസി മിലാലിനു വേണ്ടി ബൂട്ടുകെട്ടിയത്. 2002ല്‍ ലോകകപ്പ് നേടിയ ബ്രസീല്‍ ടീമിലെ അംഗമായ കക്ക 2007 ബാലണ്‍ ദി ഓര്‍ പുരസ്‌കാരവും നേടിയിരുന്നു. ബ്രസീലിലെ സാവോപോളോയില്‍ ഫുട്ബോള്‍ കളിച്ചുതുടങ്ങിയ കക്ക 2003ലാണ് യൂറോപ്യന്‍ ടീമായ എസി മിലാനിലെത്തുന്നത്. 2003ല്‍ ഇറ്റാലിയന്‍ സീരി എയും 2007ല്‍ ചാംപ്യന്‍സ് ലീഗും കക്കയുടെ മികവിലാണ് മിലാന്‍ നേടിയത്.

ബ്രസീലിനു വേണ്ടി 92 മല്‍സരങ്ങള്‍ കളിച്ച കക്ക 29 ഗോളുകള്‍ നേടിയിട്ടുണ്ട്. 2009 ല്‍ സ്പാനിഷ് കരുത്തരായ റയലിലേക്ക് ചേക്കേറിയ കക്കയ്ക്ക് പക്ഷെ മിലാനിലെ പ്രകടനം ആവര്‍ത്തിക്കാനായില്ല. തുടര്‍ന്ന് 2013 ല്‍ മിലാനിലേക്ക് തന്നെ മടങ്ങുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ