ദുബായ്: മോശം പെരുമാറ്റത്തിന് കഗീസോ റബാഡയെ വിലക്കിയ നടപടിക്കെതിര ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് നൽകിയ അപ്പീൽ ഐസിസി അംഗീകരിച്ചു. ഓസ്ട്രേലിയൻ നായകൻ സ്റ്റീഫൻ സ്മിത്തിനോട് മോശമായി പെരുമാറിയതിനാണ് റബാഡയ്ക്ക് വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ ഇതിനെതിരെ ദക്ഷിണാഫ്രിക്ക അപ്പീൽ നൽകിയിരുന്നു. ഈ അപ്പീൽ പരിശോധിച്ച ഐസിസി അച്ചടക്കസമിതിയാണ് വിലക്ക് പിൻവലിക്കാൻ ഉത്തരവിട്ടത്.

താരത്തിനെതിരെ മാച്ച് റഫറി വിധിച്ച ലെവല്‍ 2 കുറ്റം ലെവല്‍ ഒന്നായി താഴ്ത്തി കൊണ്ട് അപ്പീല്‍ കമ്മീഷണര്‍ മിക്കായേല്‍ ഹെറോണ്‍ ഉത്തരവിട്ടു. ഇതോടെ മൂന്നാം ടെസ്റ്റില്‍ റബാ‍ഡക്ക് കളിക്കാനാകും. സ്മിത്തുമായി ബോധപൂര്‍വ്വം റബാഡ കൂട്ടിമുട്ടുകയായിരുന്നു എന്ന് കരുതാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശിക്ഷ കുറച്ചിട്ടുള്ളത്. മൂന്ന് ഡീമെറിറ്റ് പോയിന്‍റായിരുന്നു മാച്ച് റഫറി നേരത്തെ വിധിച്ചിരുന്ന ശിക്ഷ. ഇതിനോടകം തന്നെ അഞ്ച് ഡീമെറിറ്റ് പോയിന്‍റുണ്ടായിരുന്ന റബാഡ ഇതോടെയാണ് സ്വമേധയാ വിലക്കിന് അര്‍ഹനായിരുന്നത്.

വിലക്ക് പിൻവലിച്ചതോടെ വ്യാഴാഴ്ച ഓസ്ട്രേലിയക്കെതിരെ നടക്കുന്ന മൂന്നാം ടെസ്റ്റിൽ റബാഡയ്ക്ക് കളിക്കാൻ സാധിക്കും. രണ്ടാം ടെസ്റ്റിൽ റബാഡയുടെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിലാണ് ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയെ തോൽപ്പിച്ചത്. രണ്ട് ഇന്നിങ്സുകളിലുമായി 11 വിക്കറ്റുകളാണ് റബാഡ വീഴ്ത്തിയത്. മൽസരത്തിൽ ദക്ഷിണാഫ്രിക്ക വിജയിക്കുകയും ചെയ്തു. ഇതോടെ പരമ്പരയിൽ ഓസ്‌ട്രേലിയക്കൊപ്പമെത്താന്‍ ദക്ഷിണാഫ്രിക്കയ്ക്കായി. കളിയിലെ താരവും റബാഡ തന്നെയായിരുന്നു.

ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തും ഓപ്പണര്‍ ഡേവിഡ് വാര്‍ണറും പുറത്തായപ്പോള്‍ അതിരുകടന്ന ആഘോഷ പ്രകടനം നടത്തിയതാണ് റബാഡയക്ക് വിനയായത്. സ്മിത്ത് പുറത്തായപ്പോൾ റബാഡ മനഃപൂർവ്വം ഓസീസ് നായകന്റെ ദേഹത്ത് തട്ടിയെന്നും അമ്പയർമാർ പരാതിപ്പെട്ടിരുന്നു. എന്നാൽ സ്മിത്തിനെ കയ്യേറ്റം ചെയ്യാൻ റബാഡ ശ്രമിച്ചിട്ടില്ലെന്ന് വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷം അച്ചടക്കസമിതി തീരുമാനിക്കുകയായിരുന്നു.

എന്നാൽ പെരുമാറ്റച്ചട്ടത്തിലെ 2.1 വകുപ്പിലെ മാനദണ്ഡങ്ങൾ റബാഡ ലംഘിച്ചിട്ടുണ്ടെന്നും ആയതിനാൽ മാച്ച് ഫീയുടെ 25 ശതമാനം പിഴ അടയ്ക്കണമെന്നും ഐസിസി നിർദ്ദേശിച്ചിട്ടുണ്ട്. ഐസിസിയുടെ തീരുമാനത്തിൽ സന്തോഷമുണ്ടെന്നും മൂന്നാം ടെസ്റ്റിൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും റബാഡ പ്രതികരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ