കേപ്ടൗൺ: ഇന്ത്യയ്ക്ക് എതിരെ മികച്ച വിജയം നേടാൻ ദക്ഷിണാഫ്രിക്കയെ സഹായിച്ച പേസ് ബോളർമാർക്ക് പുതിയ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ നേട്ടം. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി റാങ്കിംഗിൽ താഴേക്ക് പോയപ്പോൾ പേസ് ബോളർ ഭുവനേശ്വർ കുമാർ നേട്ടം കൊയ്തു. ഹാർദിക് പാണ്ഡ്യ തന്റെ ഒന്നാം ഇന്നിങ്സിലെ പ്രകടനത്തിലൂടെ മികച്ച മുന്നേറ്റമാണ് നടത്തിയത്.

ദക്ഷിണാഫ്രിക്കൻ പേസർ കഗിസോ റബഡ, ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്റേഴ്സണെ പിന്തള്ളി റാങ്കിങ്ങിൽ ഒന്നാമതെത്തി. റബാദയ്ക്ക് ഒപ്പം ദക്ഷിണാഫ്രിക്കൻ പേസർ ഫിലാണ്ടറും നില മെച്ചപ്പെടുത്തി. ആദ്യ ടെസ്റ്റിൽ നിന്ന് മാത്രം 67 പോയിന്റ് നേടിയ ഫിലാണ്ടർ 12-ാം സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്തേക്ക് ഉയർന്നു. ജനുവരി 13 സെഞ്ചൂറിയൻ മൈതാനത്ത് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റ് കഴിയുന്നതോടെ ഫിലാണ്ടർ ആദ്യ അഞ്ച് റാങ്കിലെത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആന്റേഴ്സണ് പിന്നിൽ മൂന്നാം സ്ഥാനത്തുള്ളത് രവീന്ദ്ര ജഡേജയാണ്. രവിചന്ദ്രൻ അശ്വിൻ നാലാം സ്ഥാനത്തും ഓസീസിന്റെ ജോഷ് ഹേസിൽവുഡ് അഞ്ചാം സ്ഥാനത്തുമാണ്. ആദ്യ ടെസ്റ്റിൽ നന്നായി പന്തെറിഞ്ഞ ഭുവനേശ്വർ കുമാർ 22-ാം സ്ഥാനത്തേക്ക് ഉയർന്നു. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച റാങ്കിങ്ങാണ് ഭുവനേശ്വറിന്റേത്.

വിരാട് കോഹ്‌ലി രണ്ടിന്നിങ്സിലും ബാറ്റിങ്ങിൽ പരാജയപ്പെട്ടതോടെ, ഇദ്ദേഹത്തെ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റൻ ജോ റൂട്ട് പിന്തള്ളി. സ്റ്റീവ് സ്മിത്തിന് താഴെ രണ്ടാം സ്ഥാനത്ത് ഇപ്പോൾ റൂട്ടാണ്. വിരാട് കോഹ്‌ലി മൂന്നാം സ്ഥാനത്താണ്. കോഹ്‌ലിക്ക് ഒരു സ്ഥാനം നഷ്ടപ്പെട്ടപ്പോൾ രാഹുൽ ദ്രാവിഡിന് ശേഷം ഇന്ത്യയുടെ വൻമതിലെന്ന ഖ്യാതിക്ക് പാത്രമായ ചേതേശ്വർ പൂജാരയ്ക്ക് രണ്ട് സ്ഥാനങ്ങൾ നഷ്ടപ്പെട്ടു. ഇപ്പോൾ അഞ്ചാം സ്ഥാനത്താണ് ഇന്ത്യൻ താരം.

അതേസമയം. ഒന്നാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയുടെ ശക്തമായ പേസ് ആക്രമണത്തിന് മുന്നിൽ പിടിച്ചുനിന്ന ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യ റോക്കറ്റ് പോലെയാണ് കുതിച്ചത്. റാങ്കിങ്ങിൽ 24 സ്ഥാനങ്ങൾ ഈ യുവതാരം മറികടന്നു. ഇപ്പോൾ 49-ാം സ്ഥാനത്താണ് ഇദ്ദേഹം. ദക്ഷിണാഫ്രിക്കയുടെ ഓപ്പണർ മർക്കാരവും നില മെച്ചപ്പെടുത്തി. പാണ്ഡ്യയ്ക്ക് തൊട്ട് മുകളിൽ 48-ാം സ്ഥാനത്താണ് ഈ ദക്ഷിണാഫ്രിക്കൻ താരം.

മുരളി വിജയ് 30-ാം സ്ഥാനത്തേക്കും ശിഖർ ധവാൻ 33-ാം സ്ഥാനത്തേക്കും രോഹിത് ശർമ്മ 44-ാം സ്ഥാനത്തേക്കും വീണു. ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയ്ക്കും എൽഗറിനും റാങ്കിങ് ശുഭ വാർത്തയായിരുന്നില്ല. അംല പത്താം സ്ഥാനത്തേക്കും എൽഗർ 16-ാം സ്ഥാനത്തേക്കും താഴ്ന്നു. എന്നാൽ ക്യാപ്റ്റൻ എബി ഡിവില്ലിയേഴ്സ് 13-ാം സ്ഥാനത്തേക്ക് ഉയർന്നു.

അതേസമയം ഓൾ റൗണ്ടർ റാങ്കിങ്ങിൽ ഇപ്പോഴും ഇളക്കം തട്ടിയിട്ടില്ല. രവീന്ദ്ര ജഡേജ രണ്ടാം സ്ഥാനത്തും അശ്വിൻ മൂന്നാം സ്ഥാനത്തുമാണ്. ടീം റാങ്കിങ്ങിൽ ഇന്ത്യയുടെ ഒന്നാം സ്ഥാനത്തിനും കോട്ടം തട്ടിയിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ