ദുബായ്: മോശം പെരുമാറ്റത്തിന്റെ പേരിൽ 2 മത്സരങ്ങളിൽ നിന്ന് വിലക്ക് നേരിടുന്ന കഗീസോ റബാഡയ്ക്ക് അഭിമാനനേട്ടം. ഐസിസി റാങ്കിങ്ങിൽ ബൗളര്‍മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയാണ് റബാഡയുടെ പ്രതികാരം. ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ നടത്തിയ പ്രകടനമാണ് റബാഡയ്ക്ക് തുണയായത്.

ഇംഗ്ലണ്ടിന്റെ ജയിംസ് ആന്ഡഡേഴ്‌സനാണ് രണ്ടാം സ്ഥാനത്ത്. രവീന്ദ്ര ജഡേജ. ആര്‍ അശ്വിന്‍, ജോസ് ഹസില്‍വുഡ് എന്നിവരാണ് മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനത്തുളളത്.

ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനമാണ് റബാഡ കാഴ്ച്ചവെച്ചത്. രണ്ട് ഇന്നിങ്സുകളിലുമായി 11 വിക്കറ്റുകളാണ് റബാഡ വീഴ്ത്തിയത്. മത്സരത്തിൽ ദക്ഷിണാഫ്രിക്ക വിജയിക്കുകയും ചെയ്തു. ഇതോടെ പരമ്പരയും ഓസ്‌ട്രേലിയക്കൊപ്പമെത്താന്‍ ദക്ഷിണാഫ്രിക്കയ്ക്കായി. കളിയിലെ താരവും റബാഡ തന്നെയായിരുന്നു.

ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തും ഓപ്പണര്‍ ഡേവിഡ് വാര്‍ണറും പുറത്തായപ്പോള്‍ അതിരുകടന്ന ആഘോഷ പ്രകടനം നടത്തിയതാണ് റബാഡയക്ക് വിനയായത്.

മികച്ച ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ സ്റ്റീവ് സ്മിത്ത് ഒന്നാം സ്ഥാനത്തും വിരാട് കോഹ്ലിരണ്ടാം സ്ഥാനത്തും തുടരുകയാണ്. ഓള്‍ റൗണ്ടര്‍മാരില്‍ ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യന്‍ താരങ്ങളായ രവീന്ദ്ര ജഡേജയും രവിചന്ദ്ര അശ്വിനും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നിലനിര്‍ത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ