ദക്ഷിണാഫ്രിക്കൻ പേസ് കൊടുങ്കാറ്റില്‍ ബംഗ്ലാദേശ് തകര്‍ന്നുവീണു. ഇന്നിങ്‌സിനും 254 റണ്‍സിനുമായിരുന്നു രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ വിജയം. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ദക്ഷിണാഫ്രിക്ക 2-0 ത്തിന് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാദ രണ്ട് ഇന്നിങ്‌സിലുമായി പത്ത് വിക്കറ്റ് വീഴ്ത്തി.

ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 573ന് മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് ആദ്യ ഇന്നിങ്‌സില്‍ കൂടാരം കയറിയത് 147 റണ്‍സിന്. ഏഴ് ബാറ്റ്‌സ്മാന്മാരാണ് രണ്ടക്കം കാണാതെ കളം വിട്ടത്. 70 റണ്‍സെടുത്ത ലിറ്റണ്‍ ദാസ് മാത്രമാണ് പേസ് ആക്രമണത്തില്‍ പിടിച്ചുനിന്നത്. ഡുവാന്നെ ഒലീവിയര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി റബാദക്ക് ഒത്ത പങ്കാളിയായി.

ഫോളോ ഓണ്‍ വഴങ്ങിയ ബംഗ്ലാദേശിന് രണ്ടാം ഇന്നിങ്‌സിലും രക്ഷയുണ്ടായില്ല. ഇത്തവണ കളം വിട്ടത് 172 റണ്‍സിനും. രണ്ടാം ഇന്നിങ്‌സില്‍ 43 റണ്‍സെടുത്ത മഹ്മൂദുള്ളയാണ് ടോപ് സ്‌കോറര്‍. രണ്ടാം ഇന്നിങ്‌സിലും റബാദ അഞ്ച് വിക്കറ്റ് വീഴ്ത്തി. ഒന്നാം ഇന്നിങ്‌സില്‍ 13.5 ഓവറില്‍ 33 റണ്‍സ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയതെങ്കില്‍ രണ്ടാം ഇന്നിങ്‌സില്‍ പതിനൊന്ന് ഓവറില്‍ 30 റണ്‍സ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. നേരത്തെ ഡീന്‍ എല്‍ഗര്‍(113) എയ്ദന്‍ മര്‍ക്കറാം(143)ഹാഷിം അംല(132)ഫാഫ് ഡുപ്ലെസി(135) എന്നിവരുടെ മികവിലാണ് ദക്ഷിണാഫ്രിക്ക 573 എന്ന മികച്ച ടോട്ടല്‍ കെട്ടിപ്പടുത്തത്.

ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിന്റെ ദക്ഷിണാഫ്രിക്കയുടെ വിജയം 333 റണ്‍സിനായിരുന്നു. ഇനി മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയാണ് ദക്ഷിണാഫ്രിക്കയിൽ ബംഗ്ലാദേശിനുളളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ