ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ ക്രിക്കറ്റ് പരമ്പര മാധ്യമങ്ങളിൽ നിറഞ്ഞത് കളിമികവ് കൊണ്ടല്ല. താരങ്ങൾ തമ്മിലുളള പോരിലൂടെയാണ്. ആദ്യം ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പർ ഡികോക്കും ഓസീസിന്റെ ഓപ്പണിംഗ് ബാറ്റ്സ്‌മാൻ വാർണറും തമ്മിലായിരുന്നു ഏറ്റുമുട്ടൽ.

വാർണർക്കെതിരായ കുറ്റവും ശിക്ഷയും ഐസിസി തീരുമാനിക്കാനിരിക്കെയാണ് ഇരുടീമുകളും തമ്മിലുളള രണ്ടാം ടെസ്റ്റ് തുടങ്ങിയത്. എന്നാൽ താരപ്പോര് മറ്റൊരു തലത്തിലേക്ക് മാറിയെന്നത് കളിയുടെ ആദ്യ ദിവസം തന്നെ വ്യക്തമായി.

ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്‌മിത്തിന്റെ വിക്കറ്റ് വീഴ്‌ച ദക്ഷിണാഫ്രിക്കയുടെ പേസറും ലോക ഒന്നാം നമ്പർ താരവുമായ കഗിസോ റബഡ ആവേശത്തോടെ ആഘോഷിച്ചു. ആർത്തുവിളിച്ച് സ്റ്റീവ് സ്മിത്തിന്റെ നേർക്ക് പാഞ്ഞടുത്ത റബഡയും സ്മിത്തും തമ്മിൽ കൂട്ടിയിടിച്ചിരുന്നു. ഈ സംഭവത്തിൽ റബഡ കുറ്റക്കാരനാണെന്നാണ് ഇപ്പോൾ ഐസിസി കണ്ടെത്തിയിരിക്കുന്നത്. ഐസിസിയുടെ രണ്ടാം തരം അച്ചടക്കലംഘനമായാണ് പിന്നീട് വിലയിരുത്തപ്പെട്ടത്.

ഇതോടെ രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്കപ്പെടുമെന്ന ഭീതിയിലാണ് ദക്ഷിണാഫ്രിക്കൻ താരം. എന്നാൽ തനിക്കെതിരായ ഐസിസിയുടെ കുറ്റം താരം നിഷേധിക്കുമെന്നാണ് ദക്ഷിണാഫ്രിക്കൻ ടീമിന്റെ വക്താവ് അറിയിച്ചിരിക്കുന്നത്. ഇന്ന് രണ്ടാം ടെസ്റ്റിലെ കളിക്ക് ശേഷം താരം ഐസിസിയുടെ അച്ചടക്കസമിതിക്ക് മുൻപാകെ ഹാജരായി തന്റെ പെരുമാറ്റം മനപ്പൂർവ്വമായിരുന്നില്ലെന്ന് പറയും.

അച്ചടക്കത്തിന്റെ കാര്യത്തിൽ അൽപ്പം പുറകിലേക്കാണ് റബഡ. ഇതിനോടകം തന്നെ അച്ചടക്കലംഘനത്തിന്റെ അഞ്ച് പോയിന്റ് റബഡയുടെ റെക്കോഡ് ബുക്കിലുണ്ട്. ഈ പോയിന്റ് എട്ടായാൽ താരം വിലക്ക് നേരിടേണ്ടി വരും. ഇപ്പോഴത്തെ കുറ്റം ഗുരുതരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ താരത്തിന് നാല് പോയിന്റുകൾ വരെ ലഭിക്കും. അതോടെ അടുത്ത രണ്ട് ടെസ്റ്റുകളിലും ഓസീസിനെതിരെ ഇദ്ദേഹം കളിക്കില്ല.

രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം സ്റ്റീവ് സ്മിത്ത് പുറത്തായപ്പോൾ, അദ്ദേഹത്തെ അപമാനിക്കുന്ന വിധം ശാരീരികമായ ആംഗ്യവും വാക്കുകളും ഉപയോഗിച്ചുവെന്നാണ് കുറ്റം. മുൻപ് 2017ൽ ശ്രീലങ്കൻ താരം നിരോഷൻ ഡിക്‌വാലയ്ക്ക് എതിരെ ഇതേ കുറ്റം ചുമത്തപ്പെട്ടിരുന്നു. അന്ന് ഒരു ടെസ്റ്റിൽ നിന്ന് വിലക്കും നേരിട്ടിരുന്നു.

ഇരു രാജ്യങ്ങളും തമ്മിലുളള മത്സര പരമ്പരയിൽ ഇതുവരെ നാല് താരങ്ങളാണ് ഐസിസിയുടെ അച്ചടക്കം ലംഘിച്ചത്. ഓസീസ് സ്പിന്നർ നതാൻ ലിയോൺ, ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്‌മാൻ ഡിവില്ലിയേഴ്‌സ് പുറത്തായ ശേഷം ഇദ്ദേഹത്തിന്റെ നേരെ പന്തെറിഞ്ഞതിന് ശിക്ഷ വാങ്ങിയിരുന്നു. വാക്‌തർക്കം പരിധി വിട്ടതോടെ ഓസീസ് ബാറ്റ്സ്‌മാൻ വാർണറും ദക്ഷിണാഫ്രിക്കൻ താരം ഡികോക്കും ശിക്ഷ ഏറ്റുവാങ്ങി. ഇതിന് പിന്നാലെയാണ് ഡികോക്കും കുഴപ്പത്തിൽ ചാടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ