ഇന്ത്യൻ താരം കെ.എൽ.രാഹുൽ ഇംഗ്ളണ്ടിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കുന്ന കാര്യം സംശയത്തിൽ. ഇടത് തോളിന് പരുക്കേറ്റ് വിശ്രമത്തിലാണിപ്പോൾ രാഹുൽ. ചാമ്പ്യൻസ് ട്രോഫിയ്ക്ക് മുൻപായി പൂർണമായും കായികക്ഷമത വീണ്ടെടുക്കാനാവുമോയെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് രാഹുൽ തന്നെയാണ് വ്യക്തമാക്കിയത്.

കാത്തിരുന്നു കാണാമെന്നും കളിക്കാനുളള സാധ്യതകൾ വളരെ കുറവാണെന്നും കെ.എൽ.രാഹുൽ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. പരുക്ക് പൂർണമായും മാറാൻ രണ്ട്-മൂന്ന് മാസമെങ്കിലും എടുക്കുമെന്ന് ഡോക്‌ടർമാർ പറഞ്ഞതായി രാഹുൽ പറയുന്നു. അടുത്ത രണ്ട്-മൂന്ന് ആഴ്‌ചത്തെ പൂർണ വിശ്രമം വേണമെന്നും രാഹുൽ പറഞ്ഞു.

ഫെബ്രുവരിയിൽ ഓസ്ട്രേലിയക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരക്കിടെയാണ് രാഹുലിന്റെ ഇടത് തോളിന് പരുക്കേറ്റത്. ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനിടെയായിരുന്നു പരിക്കേറ്റത്. എന്നാൽ പരുക്ക് വകവെക്കാതെ പരമ്പരയിലെ ബാക്കിയുളള മത്സരങ്ങളിലും രാഹുൽ കളിച്ചിരുന്നു. പരുക്കിനെ തുടർന്ന് ഐപിഎല്ലിൽ നിന്ന് വിട്ട് നിൽക്കാനും രാഹുൽ നിർബന്ധിതനായിരുന്നു. തുടർന്ന് ശസ്‌ത്രക്രിയക്കായി ലണ്ടനിലേക്ക് പോയ രാഹുൽ ഇപ്പോൾ വിശ്രമത്തിലാണ്.

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിൽ രണ്ടാമത്തെ മികച്ച റൺ വേട്ടക്കാരനായരുന്നു രാഹുൽ. ഏഴ് ഇന്നിംങ്ങ്സുകളിലായി 393 റൺസാണ് രാഹുൽ നേടിയത്. ഇതിൽ ആറ് അർദ്ധ സെഞ്ചുറികളും പെടും. ജൂണിൽ ഇംഗ്ളണ്ടിലാണ് ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്ക് തുടക്കമാവുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ