ന്യൂഡൽഹി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങൾ ചർച്ചചെയ്യുന്ന പേരുകളിലൊന്ന് ജ്യോതി കുമാരി എന്ന പതിനഞ്ചുകാരിയുടേതാണ്. ബിഹാർ സ്വദേശിയായ ജ്യോതി കുമാരി തന്റെ പിന്നിലിരുത്തി ദിനരാത്രങ്ങൾ കൊണ്ട് പിന്നിട്ടത് 1200 കിലോമീറ്ററാണ്. ഗുരുഗ്രാമത്തിൽ നിന്നും ബിഹാറിലേക്കായിരുന്നു ജ്യോതികുമാരിയുടെ സാഹസിക യാത്ര. ഇത് ശ്രദ്ധയിൽപ്പെട്ട സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വാഗ്ധാനവുമെത്തി. ഡൽഹിയിലെത്തി ട്രയൽസിൽ പങ്കെടുക്കാമെന്ന് ഫെഡറേഷൻ അറിയിച്ചു.

നിലവിൽ താമസിച്ചുകൊണ്ടിരുന്ന സ്ഥലത്ത് നിന്ന് എപ്പോൾ വേണമെങ്കിലും പുറത്താക്കപ്പെടുമെന്ന സാഹചര്യം വന്നതോടെയാണ് ജന്മനാട്ടിലേക്ക് മടങ്ങാൻ ജ്യോതി കുമാരി തീരുമാനിച്ചത്. എന്നാൽ യാത്ര സൗകര്യങ്ങൾ ഇല്ലാത്ത രാജ്യത്തെ പ്രത്യേക സാഹചര്യത്തിൽ ആ തീരുമനം അനിശ്ചിതത്വത്തിലായി. എന്നാൽ സൈക്കിളിൽ യാത്ര പുറപ്പെടാമെന്ന് ജ്യോതി കുമാരി തന്നെയാണ് പിതാവിനോട് പറഞ്ഞത്.

Also Read: ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി-20 പരമ്പര ഓഗസ്റ്റിൽ: ബിസിസിഐയും സിഎസ്എയും ധാരണയിലെത്തിയതായി സൂചന

“ശോചനീയമായ അവസ്ഥയിൽ നാട്ടിലേക്ക് പോകാമെന്ന് ജ്യോതിയാണ് നിർദേശിച്ചത്. എന്നാൽ ഇപ്പോൾ ബസ്സും ട്രെയിനുമൊന്നും ഇല്ലെന്നും എനിക്ക് നടക്കാനുമാകില്ലെന്നും ഞാൻ ചൂണ്ടികാട്ടി. അപ്പോൾ നമുക്ക് സൈക്കിളിൽ പോകാമെന്ന് പറഞ്ഞതും അവളാണ്,” ജ്യോതിയുടെ പിതാവ് പറഞ്ഞു.

എട്ടാം ക്ലാസുകാരിയായ ജ്യോതി കുമാരി ട്രയൽസ് പൂർത്തിയാക്കിയാൽ ന്യൂഡൽഹിയിലുള്ള നാഷ്ണൽ സൈക്ലിങ് അക്കാദമിയിൽ തുടർപരിശീലനം നടത്താമെന്ന് സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഓൻകാർ സിങ് പറഞ്ഞു. ജ്യോതികുമാരിയുമായി സംസാരിച്ചുവെന്നും ലോക്ക്ഡൗൺ അവസാനിക്കുന്നതോടെ ജ്യോതിക്ക് ഡൽഹിയിലേക്ക് എത്താമെന്നും തമസത്തിനും യാത്രയ്ക്കും ചെലവാകുന്ന തുകയെല്ലാം ഫെഡറേഷൻ തന്നെ വഹിക്കുമെന്നും ഓൻകാർ സിങ് വ്യക്തമാക്കി.

Also Read: നമ്പർ 21 ജഴ്സി ഇനിയില്ല: സന്ദേശ് ജിങ്കന് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദരം

“അവളിൽ അസാധാരണമായോ എന്തോ ഉണ്ട്. 1200 കിലോമീറ്ററിലേറെ സൈക്കിൾ ചവിട്ടുക എന്നത് ഒരു ശരാശരി ജോലിയല്ലെന്ന് ഞാൻ കരുതുന്നു. അവൾക്ക് ശക്തിയും ശാരീരിക സഹിഷ്ണുതയും ഉണ്ടായിരിക്കണം. ഞങ്ങൾ ഇത് പരീക്ഷിക്കാൻ ആഗ്രഹിക്കുന്നു,” ഓൻകർ കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook