ന്യൂഡല്‍ഹി: സ്വന്തമായി നിലപപാടുള്ളതും തന്റെ നിലപാടുകൾ ഉറച്ചു പറയാൻ ആർജ്ജവവുമുള്ള വ്യക്തിയാണ് ബാഡ്മിന്റൺ താരം ജ്വാല ഗുട്ട. തന്നെ പരിഹസിക്കാന്‍ വരുന്നവര്‍ക്ക് കൃത്യമായി മറുപടി നല്‍കാറുമുണ്ട് ജ്വാല. ഇത്തരത്തില്‍ ട്വിറ്ററിലൂടെ നരേന്ദ്ര മോദിയുടെ പേരിൽ തന്റെ അമ്മയെ പരിഹസിച്ചവര്‍ക്കും ചുട്ട മറുപടിയാണ് ജ്വാല നൽകിയത്.

അമ്മ യെലന്‍ ഗുട്ട ചൈനക്കാരിയായതിനാലാണോ നിങ്ങള്‍ എപ്പോഴും മോദിയെ എതിര്‍ക്കുന്നത് എന്നായിരുന്നു സിദ്ദു എന്നു പേരുള്ള വ്യക്തിക്ക് അറിയേണ്ടത്. ഇത് കേട്ട് ജ്വാലക്ക് ശരിക്കും ദേഷ്യം വന്നു. നിങ്ങള്‍ സംസാരിക്കുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കണമെന്നായിരുന്നു ജ്വാലയുടെ മറുപടി.

രാജ്യത്തിന്റെ വികസനം ലക്ഷ്യമിട്ട് മോദി പ്രവര്‍ത്തിക്കുമ്പോള്‍ എപ്പോഴും മോദിക്കെതിരെ സംസാരിക്കാന്‍ യെലന്‍ ഗുട്ടയ്ക്ക് എങ്ങനെ കഴിയുന്നുവെന്നായിരുന്നു സിദ്ദുവിന് അറിയേണ്ടിയിരുന്നത്. എന്നാല്‍ തന്റെ അച്ഛനേയും അമ്മയെയും ആവശ്യമില്ലാത്ത കാര്യത്തിലേക്ക് വലിച്ചിഴച്ചാല്‍ എന്റെ മറ്റൊരു മുഖം കൂടി കാണേണ്ടി വരുമെന്ന് ജ്വാല മുന്നറിയിപ്പ് നല്‍കി.

എന്നിട്ടയും അയാൾ ജ്വാലയെ വിടാനുള്ള ഒരുക്കമില്ലായിരുന്നു. നിങ്ങളുടെ അമ്മ എന്തുകൊണ്ട് മോദി വിരുദ്ധയായി എന്ന് അറിയണമെന്ന് അയാള്‍ വീണ്ടു ട്വീറ്റ് ചെയ്തു. താങ്കളോട് എനിക്കുള്ള എല്ലാ ബഹുമാനവും പോയെന്നും എന്നില്‍ നിന്ന് ഒരുത്തരവും താങ്കള്‍ പ്രതീക്ഷിക്കേണ്ടെന്നും ജ്വാല വ്യക്തമാക്കി. ഇനി എന്തെങ്കിലും ഉത്തരം വേണമെങ്കില്‍ നേരിട്ട് വന്നു ചോദിക്കൂ എന്നും ജ്വാല വെല്ലുവിളിച്ചു. അയാള്‍ വീണ്ടും വന്നെങ്കിലും ബ്ലോക്ക് ചെയ്യുമെന്ന് ജ്വാല ഭീഷണി മുഴക്കിയതോടെ സ്ഥലംവിടുകയായിരുന്നു.

ചൈനീസ്-ഇന്ത്യന്‍ വംശജയാണ് ജ്വാല. അമ്മ യെലെന്‍ ചൈനയിലെ ടിയാന്‍ജിന്‍ സ്വദേശിയാണ്. ഹൈദരാബാദുകാരനായ ക്രാന്തി ഗുട്ടയാണ് അച്ഛന്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ