ഇന്ന്(സെപ്റ്റംബർ 7) 37ാം പിറന്നാൾ ആഘോഷിച്ച ഐസ് ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയുടെ ഇത്തവണത്തെ ജന്മദിനം അൽപ്പം സ്പെഷ്യൽ ണായിരുന്നു. നടൻ വിഷ്ണു വിശാലിന്റെയും ജ്വാല ഗുട്ടയുടെയും വിവാഹ നിശ്ചയം നടന്നിരിക്കുകയാണ്. എന്‍ഗേജ്‌മെന്റ് ചിത്രങ്ങള്‍ വിഷ്ണു തന്നെയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ജ്വാലയുടെ വിരലില്‍ മോതിരം അണിയിച്ചുളള ചിത്രങ്ങളാണ് നടന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ജ്വാലയ്ക്ക് ജന്മദിനാശംസകൾ നേര്‍ന്നുകൊണ്ടാണ് ജീവിതത്തിലെ പുതിയ അധ്യായത്തെ കുറിച്ച് വിഷ്ണു വിശാല്‍ ആരാധകരെ അറിയിച്ചിരിക്കുന്നത്. ഇത് ജീവിതത്തിലെ പുതിയ തുടക്കമാണെന്നും എല്ലാവരുടെയും സ്‌നേഹവും അനുഗ്രഹങ്ങളും ഉണ്ടാവണമെന്നും വിഷ്ണു വിശാല്‍ ട്വിറ്ററില്‍ കുറിച്ചു. വിഷ്ണുവിന്റെ ട്വീറ്റ് ജ്വാല ഗുട്ട റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

രാക്ഷസന്‍ എന്ന ചിത്രത്തിലൂടെ സിനിമാ പ്രേമികളുടെ ഇഷ്ടതാരമായ നടനാണ് വിഷ്ണു വിശാല്‍. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും സിനിമ വലിയ വിജയമായി മാറിയിരുന്നു. രാക്ഷസന്റെ വിജയത്തിന് പിന്നാലെ ജ്വാല ഗുട്ടയുമായുളള പ്രണയത്തിലൂടെയാണ് നടന്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്.

വിവാഹ മോചനത്തിന് ശേഷമാണ് ഞാന്‍ ജ്വാല ഗുട്ടയെ കാണുന്നതെന്നും അടുത്ത് സമയം ചിലവഴിക്കുന്നതെന്നും വിഷ്ണു തുറന്നുപറഞ്ഞിരുന്നു.

“അവള്‍ വളരെ പോസിറ്റീവ് ആയ വ്യക്തിയാണ്. അതാണ് അവളില്‍ എന്നെ ആകര്‍ഷിച്ചത്. ജ്വാലയും ജീവിതത്തില്‍ വേര്‍പിരിയലിലൂടെ കടന്നു പോയ ആളാണ്. ഞങ്ങള്‍ സംസാരിച്ചു, പരസ്പരം മനസിലാക്കി.”

എല്ലാം നന്നായി പോകുന്നു എന്നും മുന്‍പ് നടന്‍ തുറന്നുപറഞ്ഞിരുന്നു. അതേസമയം വിഷ്ണുവുമായുളള പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഉടന്‍ വിവാഹിതരാകാനാണ് തങ്ങളുടെ തീരുമാനമെന്ന് മുന്‍പ് ജ്വാല ഗുട്ട തുറന്നുപറഞ്ഞിരുന്നു. തിയ്യതി ഉറപ്പിച്ച ശേഷം വിവാഹത്തെ സംബന്ധിച്ചുളള ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുമെന്നും ജ്വാല പറഞ്ഞിരുന്നു പറഞ്ഞിരുന്നു.

വളരെ യാദൃശ്ചികമായാണ് വിഷ്ണുവുമായി അടുത്തതെന്ന് ജ്വാല ഗുട്ട പറഞ്ഞിരുന്നു.

“വളരെ സ്വാഭാവികമായി കണ്ടുമുട്ടിയ ഞങ്ങള്‍ പിന്നീട് കൂടുതല്‍ അടുത്തു. ഇടയ്ക്കിടെ കാണുകയും സംസാരിക്കാറുമുണ്ടായിരുന്നു. അങ്ങനെ പരസ്പരം മനസിലാക്കാന്‍ സാധിച്ചു. ബാഡ്മിന്റണുമായുളള എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിഷ്ണു പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്.”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook